മൂന്നാംഘട്ടമായി പുറത്തിറക്കുന്ന ഭാരത് ബോണ്ട് ഇടിഎഫിൽ ഡിസംബർ മൂന്നുമുതൽ ഒമ്പതുവരെ നിക്ഷേപിക്കാം. പൊതുമേഖല സ്ഥാപനങ്ങളുടെ ഉയർന്ന റേറ്റിങ്(ട്രിപ്പിൾ എ)ഉള്ള കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക. 

1000 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. അപേക്ഷകൾക്കനുസരിച്ച് തുകവർധിപ്പിച്ചേക്കാം. 2021 ഒക്ടോബർ 31പ്രകാരം 36,359 കോടി രൂപയാണ് ഭാരത് ബോണ്ട് ഇടിഎഫിന്റെ മൊത്തം ആസ്തി.

ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്ന ഫിക്‌സ്ഡ് മെച്യൂരിറ്റി പ്ലാനാണിത്. 2031 ഏപ്രിൽ 15നാണ് കാലാവധിയെത്തുക. എൻഎസ്ഇയിലാകും ബോണ്ട് ലിസറ്റ്‌ചെയ്യുക. 2031വരെ കാലാവധിയുണ്ടെങ്കിലും എക്‌സ്‌ചേഞ്ചുവഴി എപ്പോൾവേണമെങ്കിലും നിക്ഷേപം പിൻവലിക്കാൻ കഴിയും.

ചെലവ്
ഫണ്ട് കൈകാര്യംചെയ്യുന്നതിന് ചെറിയതുകയാണ് ചെലവിനത്തിൽ ഈടാക്കുക. അതായത് പ്രതിവർഷം 0.0005ശതമാനംമാത്രം. രണ്ടുലക്ഷം രൂപയുടെ നിക്ഷേപത്തന്മേൽ ചെലവിനത്തിൽവരുന്ന പരമാവധി ബാധ്യത ഒരു രൂപമാത്രമാണ്. സർക്കാരിനുവേണ്ടി ഈഡെൽവെയ്‌സ് മ്യൂച്വൽ ഫണ്ടാണ് ബോണ്ട് കൈകാര്യംചെയ്യുക. 

ആദായം
കാലാവധി പൂർത്തിയാകുമ്പോൾ നികുതികിഴിച്ച് 6.87ശതമാനമാകും ആദായം ലഭിക്കുക. ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് ആകർഷകമാണ് ആദായം. 1000 രൂപയാണ് മിനിമം നിക്ഷേപം. നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയവ വഴി ഓൺലൈനായി നിക്ഷേപം നടത്താൻ അവസരമുണ്ട്. 

ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ, പവർ ഫിനാൻസ് കോർപറേഷൻ, പവർഗ്രിഡ് കോർപറേഷൻ, എൻടിപിസി, നബാർഡ്, എക്‌സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ, എൻഎച്ച്പിസി, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക.