കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ഓഹരിവില കുതിച്ചുയർന്നപ്പോൾ അതിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തിയിൽ ഒറ്റദിവസംകൊണ്ട് 1,300 കോടി ഡോളറിന്റെ വർധന.

അതായത്, ഏതാണ്ട് 97,500 കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് കൂടിയത്. എട്ട്‌ വർഷത്തിനിടെ ഒരാളുടെ വ്യക്തിഗത സമ്പത്തിലുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്‌. കൊറോണ വ്യാപനം തടയാൻ ലോകംമുഴുവൻ അടച്ചിട്ടതോടെ ഓൺലൈൻ വഴിയുള്ള ഷോപ്പിങ് കൂടി. ഇതാണ് ആമസോണിന് നേട്ടമായത്.

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ജെഫിന്റെ സമ്പാദ്യം 2020-ൽ ഇതുവരെ 7,400 കോടി ഡോളറാണ് വർധിച്ചത്. അതായത്, ഏഴുമാസം കൊണ്ട് 5.55 ലക്ഷം കോടി രൂപയുടെ വർധന. ഏതാണ്ട് 19,000 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി മൂല്യം. അതായത്, 14.25 ലക്ഷം കോടി രൂപ.