അക്കൗണ്ടില്ലാത്തവര്‍ക്കും ബാങ്കുകളുടെ ആപ്പുകള്‍വഴി പണമിടപാടിന് സൗകര്യമൊരുക്കുന്നു. ഗൂഗിള്‍ പേ പോലെ യുപിഐ അധിഷ്ഠിത സംവിധാനമാണ് ഇതിനായി ആപ്പുകളില്‍ സജീകരിക്കുന്നത്.
ഐസിഐസിഐ ബാങ്കാണ് ഈ സേവനത്തിന് തുടക്കമിട്ടത്. ബാങ്കിന്റെ ഐമൊബൈല്‍ ആപ്പ് ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. യുപിഐ സംവിധാനംവഴി ഏത് ബാങ്കിലെ അക്കൗണ്ടും ആപ്പുമായി ബന്ധിപ്പിക്കാം.
പണമിടപാടിനുപുറമെ, ക്രഡിറ്റ് കാര്‍ഡ് ലഭിക്കാനും തത്സമയ വായ്പയക്ക് അപേക്ഷിക്കാനും സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും സ്ഥിരനിക്ഷേപമിടാനും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ആപ്പുവഴി കഴിയും.
എസ്ബിഐയുടെ ആപ്പും ഉടനെ ഇതിനായി ക്രമപ്പെടുത്തുമെന്ന് ബാങ്ക് അറിയിച്ചു. 30 ദിവസത്തിനുള്ളില്‍ യോനോ ആപ്പുവഴിയാണ് ഇതിന് സൗകര്യമൊരുക്കുന്നത്. ആക്‌സിസ് ബാങ്കിന് ഇതുപോലുള്ള ആപ്പ് 2017മുതലുണ്ടെങ്കിലും പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഉടനെയെത്തും. പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് ആര്‍ബിഐയുടെ താല്‍ക്കാലിക വിലക്കുള്ളതിനാല്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അപ്പ് വൈകും.
നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യുടെ കണക്കുപ്രകാരം ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവവഴിയാണ് ഒക്ടോബറില്‍ 81ശതമാനം ആപ്പുവഴിയുള്ള ഇടപാടുകളും നടന്നിട്ടുള്ളത്. ഇതിന്റെ മൂല്യമാകട്ടെ 1.65 ലക്ഷം കോടി രൂപയുമാണ്.
Banks' apps to make transactions without opening an account