മുംബൈ: 45 ദിവസം ഫാക്ടറികള്‍ അടച്ചിട്ടതോടെ രാജ്യത്തെ വാഹന വ്യവസായത്തിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപ. രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദന(ജിഡിപി)യുടെ 0.5ശതമാനത്തോളംവരും. 

പ്രതിദിനമുള്ള നഷ്ടം കണക്കാക്കിയാല്‍ 2,300 കോടിയോളംരൂപയാണ്. മാര്‍ച്ച് 25 മുതല്‍ മെയ് മൂന്നുവരെയാണ് കോവിഡ് വ്യാപനംമൂലം ലോക്ക്ഡൗണായത്. ഇതുമൂലം ഫാക്ടറികള്‍ അടച്ചിടേണ്ടിവന്നത് 40 ദിവസമാണ്. മിക്കവാറും വാഹന നിര്‍മാണശാലകള്‍ മാര്‍ച്ച് 20നുതന്നെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. 

ഉത്പാദനം നടക്കാതിരുന്നതിനാല്‍ വാഹന നിര്‍മാതാക്കളെമാത്രമല്ല ബാധിച്ചത്. ചരക്ക് സേവന നികുതിയിനത്തില്‍ 28,000 കോടിയും സംസ്ഥാനങ്ങളിലെ വിവിധ നികുതിയിനത്തില്‍ 14,000 കോടിയും നഷ്ടമായി.

രാജ്യത്തെ വിവിധയിടങ്ങളിലെ വാഹന നിര്‍മാണ പ്ലാന്റുകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡീലര്‍മാര്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ വാഹന വില്‍പന നടക്കുന്നില്ല. മെയ് മൂന്നിനുശേഷം എന്തായിരിക്കും തീരുമാനമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ ആശങ്കയിലാണ് വാഹന മേഖല. 

മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ പാദത്തില്‍ വില്പനയില്‍ 50ശതമാനത്തിലേറെ കുറവുവരുമെന്നാണ് വാഹന നിര്‍മാതാക്കളുടെ വിലയിരുത്തല്‍. പ്ലാന്റുകള്‍ പ്രവര്‍ത്തനംതുടങ്ങിയാലും ആഴ്ചകളെടുക്കും സാധാരണ നിലയിലെത്താന്‍.