കോഴിക്കോട്: മുംബൈ ആസ്ഥാനമായ സ്വകാര്യ ബാങ്കിന്റെ നല്ലളം ശാഖയിൽ വ്യാജ ചെക്ക് നൽകി കബളിപ്പിക്കാൻ ശ്രമം.

ബെംഗളൂരു ആസ്ഥാനമായ അലൂഫിറ്റ് എന്ന സ്വകാര്യ കമ്പനിയുടെ പേരിലുള്ള 10 കോടി രൂപയുടെ ചെക്കാണ് കല്പറ്റ സ്വദേശിയായ ആൾ ബാങ്കിൽ നൽകിയത്. വിശദപരിശോധനയിൽ ചെക്ക് വ്യാജമാണെന്നു ബോധ്യമായതിനെത്തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ പരാതിനൽകി.

കഴിഞ്ഞ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുകയെന്നനിലയിലാണ് ചെക്ക് ബാങ്കിലെത്തിയത്. ലാഭവിഹിതത്തിൽ ഒരു പങ്ക് സംസ്ഥാനത്തെ നിർധന ജനങ്ങൾക്കുള്ള സഹായധനമായി നൽകാൻ കമ്പനി ഉടമസ്ഥർ തീരുമാനിച്ചെന്നും തുക ആദ്യം ഇയാളുടെ അക്കൗണ്ടിലേക്കു വരവുവെക്കുകയും പിന്നീട് ഇയാൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുമെന്നുമാണ് ബാങ്ക് അധികൃതരോട് ചെക്കുമായി വന്നയാൾ പറഞ്ഞത്. ഇയാൾ നേരത്തേതന്നെ ഇവിടെ അക്കൗണ്ടും എടുത്തിരുന്നു.

ബാങ്ക് അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽത്തന്നെ ചെക്ക് വ്യാജമാണെന്ന് വ്യക്തമായി. ഇതോടെ മാനേജർ ജൂൺ നാലിന് നല്ലളം ഇൻസ്പെക്ടർ എം.കെ. രമേശിന് പരാതിയും നൽകി.

ചെക്ക് നൽകിയ ആളെപ്പറ്റിയുള്ള പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. ഗുജറാത്തിലെ വഡോദര ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കിന്റെ നടക്കാവിലെ ശാഖയിലാണ് ഇയാൾ ആദ്യമെത്തിയത്.

സാങ്കേതിക കാരണത്താൽ ചെക്ക് ഇവിടെ സ്വീകരിച്ചില്ല. ഇതോടെ ഇയാൾ നല്ലളത്തുള്ള ബാങ്കിലേക്ക് എത്തുകയായിരുന്നു.