തോപ്പുംപടി: മത്സ്യമേഖലയിൽ വിവാദമുയർത്തിയ മീനാകുമാരി കമ്മിഷൻ റിപ്പോർട്ട്‌ മരവിപ്പിച്ചിരിക്കെ, കേന്ദ്ര നയരൂപവത്‌കരണത്തിന്‌ ഡോ. എസ്‌. അയ്യപ്പന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി.

കേന്ദ്ര സർക്കാറിന്റെ സമുദ്ര മത്സ്യമേഖലാ നയം രൂപവത്‌കരിക്കാൻ ഡോ. അയ്യപ്പന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ പുതിയ കമ്മിറ്റിയിലും സംസ്ഥാന സർക്കാരുകളുടെയോ, തൊഴിലാളി സംഘടനകളുടെയോ പ്രതിനിധികളില്ല.

ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികളും കയറ്റുമതി ഏജൻസിയുടെ പ്രതിനിധിയുമാണ്‌ കമ്മിറ്റിയിലുള്ളത്‌. മത്സ്യയാനങ്ങളുടെ നിർമിതിയെക്കുറിച്ച്‌ പഠിക്കുന്ന സി.ഐ.എഫ്‌.ടി., സമുദ്ര-പരിസ്ഥിതി പഠനത്തിൽ ഏർപ്പെട്ടിട്ടുള്ള സി.എം.എൽ.ആർ.ഇ. തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും കമ്മിറ്റിയിൽ ഇല്ല.

മീനാകുമാരി കമ്മിഷന്റെ ചുവടുപിടിച്ച്‌, ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി കമ്മിറ്റിയുണ്ടാക്കുന്നതിനെതിരെ മത്സ്യമേഖലയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്‌.
ഇതിനിടെ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ അയ്യപ്പൻ കമ്മിഷൻ പുറത്തിറക്കിയ ‘ചോദ്യാവലി’ക്കെതിരെയും പ്രതിഷേധമുയരുകയാണ്‌.

85-ഓളം ചോദ്യങ്ങളാണ്‌ കമ്മിഷൻ ഉന്നയിക്കുന്നത്‌. ‘അതെ, അല്ല’ തുടങ്ങിയ ഉത്തരങ്ങൾ മാത്രം ആവശ്യപ്പെടുന്ന ചോദ്യങ്ങൾ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ പര്യാപ്തമല്ലെന്ന്‌ മത്സ്യത്തൊഴിലാളി സംഘടനകൾ പരാതിപ്പെടുന്നു.

തൊഴിലാളികളുടെ ഉപജീവന അവകാശത്തെക്കുറിച്ച്‌ ചോദ്യാവലിയിൽ ഒന്നും പറയുന്നില്ല. ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്ന്‌ തൊഴിലാളികളെ സംരക്ഷിക്കുന്നതിനെ സംബന്ധിച്ച നിരീക്ഷണങ്ങളുമില്ല. ചോദ്യങ്ങൾ ഏറെയും വിദേശക്കപ്പലുകളുടെ പ്രവർത്തനങ്ങളെ പരാമർശിക്കുന്നതുമാണത്രെ.
നയരൂപവത്‌കരണ സമിതിയിൽ, സംസ്ഥാന സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്താത്തതും പരാതിക്കിടയാക്കിയിട്ടുണ്ട്‌.

കടലിൽ സംസ്ഥാന സർക്കാരിനും അതിർത്തി അവകാശങ്ങൾ നിലനിൽക്കെ, സർക്കാർ പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്‌.

മീനാകുമാരി കമ്മിഷനും ചുവടുപിടിച്ചു വരുന്ന പുതിയ കമ്മിറ്റിയും മത്സ്യത്തൊഴിലാളി അവകാശങ്ങളെ സംരക്ഷിക്കുന്നതിന്‌ പര്യാപ്തമല്ലെന്ന്‌ ചോദ്യാവലയിൽ നിന്നുതന്നെ വ്യക്തമാണെന്ന്‌ മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന കൺവീനർ ചാൾസ്‌ ജോർജ്‌ ചൂണ്ടിക്കാട്ടുന്നു.

സമിതിയിൽ തൊഴിലാളികളുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യാവലി ദുരൂഹമാണെന്നും അതിനാൽ അതിന്‌ ഉത്തരം നൽകില്ലെന്നും സംസ്ഥാന ബോട്ടുടമാ അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ്‌ സേവ്യർ കളപ്പുരയ്ക്കൽ അറിയിച്ചു. സംസ്ഥാന സർക്കാരിനെപ്പോലും അറിയിക്കാതെയാണ്‌ കമ്മിറ്റിയുണ്ടാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.