കുന്നംകുളം: ‘പത്ത് തുലാൻ അടയ്ക്കയുമായി മാർക്കറ്റിലെത്തിയാൽ ഒരു ലക്ഷം രൂപയുമായി മടങ്ങാം. പക്ഷേ, അടയ്ക്കയുണ്ടാകണ്ടേ. കഴിഞ്ഞ വർഷം 5000 കിലോഗ്രാം അടയ്ക്ക മാർക്കറ്റിലെത്തിയിരുന്നിടത്ത് ഇപ്പോൾ വരുന്നത് 3000 കിലോഗ്രാമാണ്.' - പഴഞ്ഞി അടയ്ക്കാ മാർക്കറ്റിലെ സ്ഥിതിയാണിത്. പുതിയ വിളവെടുപ്പ് സീസൺ തുടങ്ങുമ്പോൾ കച്ചവടക്കാർക്കും കർഷകർക്കും വലിയ പ്രതീക്ഷകളില്ല.

അടയ്ക്ക വില സെപ്റ്റംബറിൽ കിലോഗ്രാമിന് 500-525 രൂപയിലെത്തി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അടയ്ക്കയുടെ വിലയിൽ വലിയ കുതിപ്പാണുണ്ടായത്. 200-250 രൂപ കിലോഗ്രാമിന് ഉണ്ടായിരുന്നത് ഇരട്ടിയായി ഉയർന്നു.

നേരത്തെ കരുതിവെച്ചിരുന്നവരെല്ലാം അടയ്ക്കയുടെ വില ഉയർന്ന സമയങ്ങളിൽ വിറ്റഴിച്ചിരുന്നു. ഇനി മാർക്കറ്റിൽ പുതിയ അടയ്ക്കയാണ് വരാനുള്ളത്. മഴ നീണ്ടുനിൽക്കുന്നതോടെ വിളവെടുപ്പ് നടത്താനാകാത്തതും ഉണക്കിയെടുക്കാനാകാത്തതും നിലവിലുള്ള കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്.

അടയ്ക്കയുടെ വരവ് കുറഞ്ഞതോടെ മാർക്കറ്റിലെത്തുന്ന അടയ്ക്കയ്ക്കും വലിയ ഡിമാൻഡാണ്. ചങ്ങരംകുളം, ചാലിശ്ശേരി, പുലാമന്തോൾ മാർക്കറ്റുകളിലും അടയ്ക്കയുടെ വരവ് പകുതിയായി കുറഞ്ഞിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.

നികുതി ഉൾപ്പെടെയുള്ള രേഖകൾ കർശനമാക്കിയതും ചരക്കുനീക്കത്തെ ബാധിച്ചു. കർഷകരെ സംബന്ധിച്ച് മികച്ച വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. വില സ്ഥിരമായി നിൽക്കുമോയെന്നതിൽ ഉറപ്പില്ലെന്നും പഴഞ്ഞിയിലെ വ്യാപാരിയായ വില്യംസ് പി. ഉതുപ്പ് പറയുന്നു.

പിന്മാറി കർഷകർ
ഉത്പാദന ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്തതോടെ ഒട്ടേറെ പേർ കവുങ്ങുകൃഷിയിൽനിന്ന് പിന്മാറി. കർഷകരെ സഹായിക്കാൻ പുതിയ പദ്ധതികളുമുണ്ടായിരുന്നില്ല. നിലവിലുള്ള കൃഷിയിടങ്ങളിൽ പ്രായമേറിയ കവുങ്ങുകളാണുള്ളത്.

ഉത്പാദനം കുറയാനുള്ള പ്രധാന കാരണമിതാണ്. രോഗബാധകളും വില്ലനായി. ഏക്കറിൽ 800-1000 കിലോഗ്രാം അടയ്ക്ക ലഭിച്ചിരുന്നിടത്ത് 400-500 കിലോഗ്രാമാണ് ഇപ്പോൾ കിട്ടുന്നത്.

വില കൂടിയപ്പോൾ ചിലരെങ്കിലും കൃഷിയിലേക്ക് തിരിച്ചുവരുന്നുണ്ട്. അടയ്ക്കക്ക് വില വർധിച്ചിട്ടുണ്ടെങ്കിലും ഉത്പാദനശേഷി കൂടുതലുള്ള തൈകൾ വെച്ചുപിടിപ്പിച്ച് കൃഷിയിലേക്ക് എത്തുന്നവരുടെ എണ്ണം കുറവാണ്.

കാംകോയിൽ സംഭരണമില്ല
രണ്ടുമാസമായി കാംകോയുടെ പഴഞ്ഞി ബ്രാഞ്ചിൽ അടയ്ക്ക സംഭരിക്കാനായിട്ടില്ല. പൊതുമാർക്കറ്റിൽ 505-510 രൂപ കർഷകന് ലഭിക്കുമ്പോൾ കാംകോയിൽ 485-490 രൂപയാണ്. കൂടുതൽ തുക ലഭിക്കുന്നതോടെ ഭൂരിഭാഗംപേരും പൊതുമാർക്കറ്റിൽ അടയ്ക്ക വിൽക്കും. കാംകോയിലേക്ക് സ്ഥിരമായി എത്തിച്ചിരുന്ന കർഷകരുടെ കൈവശവും അടയ്ക്കയില്ല. വില ഉയർന്നതോടെ 90 ശതമാനം പേരും കൈവശമുണ്ടായിരുന്നതെല്ലാം കൊടുത്തുകഴിഞ്ഞു.

ഇ. ജയൻ,
കാംകോ ബ്രാഞ്ച് മാനേജർ, പഴഞ്ഞി.