ന്യൂഡൽഹി: ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ റിലയൻസിന് തിരിച്ചടി. 24,713 കോടി രൂപയുടെ ഏറ്റെടുക്കൽ നടപടികൾ സുപ്രീംകോടതി തടഞ്ഞതോടെ ആമസോണിന് താൽക്കാലിക ആശ്വാസമായി. 

സിംഗപൂർ അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ സ്‌റ്റേ നിലനിൽക്കുമെന്ന് ആമസോണിന്റെ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് റോഹിന്റൺ ഫാലി നരിമാൻ, ബി.ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

ഇതുമായി ബന്ധപ്പെട്ട ഡൽഹി ഹൈക്കോടതി ഉത്തരവ് സ്‌റ്റേചെയ്യുകയുംചെയ്തു. ബിഗ് ബസാർ ഉൾപ്പടെയുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസുകൾ ഏറ്റെടുക്കാനുള്ള റിലയൻസിന്റെ പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായി. 

ചെറുകിട-മൊത്തവ്യാപാരം, ചരക്കുനീക്കം, വെയർഹൗസ് ഉൾപ്പടെയുള്ള ബിസിനസ് ഏറ്റെടുക്കാനായിരുന്നു റിലയൻസിന്റെ പദ്ധതി. എന്നാൽ, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ ഫ്യൂച്ചർ കൂപ്പൺസിന്റെ 49ശതമാനം ഓഹരികൾ ആമസോൺ നേരത്തെ ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കരാറിനെതിരെ സിങ്കപ്പുർ തർക്കപരിഹാര കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേരത്തെ നേടിയത്.