കൊച്ചി: ഹോളിവുഡിലെ വിഖ്യാതമായ എം.ജി.എം. സ്റ്റുഡിയോസിനെ ആഗോള ടെക് കമ്പനിയായ ആമസോൺ സ്വന്തമാക്കുന്നു. 845 കോടി ഡോളറിന്റേതാണ് ഇടപാട്. അതായത്, ഏതാണ്ട് 61,500 കോടി രൂപ.

ആമസോണിന്റെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് ഇത്. 2017-ൽ 1,370 കോടി ഡോളറിന് ഹോൾ ഫുഡ്സ് എന്ന കമ്പനിയെ സ്വന്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും പഴയ ചലച്ചിത്ര സ്റ്റുഡിയോകളിലൊന്നായ എം.ജി.എം. ചലച്ചിത്ര നിർമാണ, വിതരണ രംഗങ്ങളിലും ആധിപത്യം പുലർത്തിയിട്ടുണ്ട്.

ജെയിംസ് ബോണ്ട് ചിത്രങ്ങൾ, ബോക്സിങ് ചിത്രങ്ങളായ റോക്കി എന്നിവയൊക്കെ എം.ജി.എമ്മിന്റേതാണ്. 1924-ൽ മെട്രോ പിക്ചേഴ്സ് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് ഗോൾഡ് വിൻ പിക്ചേഴ്സ്, ലൂയിസ് ബി.മേയർ പിക്ചേഴ്സ് എന്നിവയെക്കൂടി ഏറ്റെടുത്തതോടെയാണ് കമ്പനിയുടെ പേര് മെട്രോ ഗോൾഡ് വിൻ മേയർ (എം.ജി.എം.) എന്നായി മാറിയത്.

ഇ-കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ കമ്പനിയായ ആമസോൺ 2010-ൽ വിനോദ രംഗത്തേക്കു കൂടി കടന്നു. ഇപ്പോൾ അമേരിക്കൻ ടെലിവിഷൻ പരമ്പരകളും ചിത്രങ്ങളും നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ആമസോൺ സ്റ്റുഡിയോസ് എന്ന പേരിലാണ് ഇത്.