നെടുമ്പാശ്ശേരി: എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വൻ കുതിപ്പ്. നടപ്പ്‌ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സപ്തംബർ വരെയുള്ള 6 മാസം എയർ ഇന്ത്യ എക്സ്പ്രസ്സിന് 1546.16 കോടിയുടെ വരുമാനമുണ്ടായി. ടിക്കറ്റ് വില്പനയിലൂടെ മാത്രം ലഭിച്ച വരുമാനമാണിത്.

ചരക്ക് നീക്കം, അധിക ബാഗേജ് എന്നിവയിലൂടെയുള്ള വരുമാനം കൂടാതെയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ  വരുമാനം 1406.4 കോടിയായിരുന്നു.100 കോടിയോളം രൂപ ലാഭവും നേടി.

ഏപ്രിൽ മുതൽ സപ്തംബർ വരെ 14.5 ലക്ഷം യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വിമാനങ്ങളിൽ യാത്ര നടത്തി. മുൻ വർഷം ഇത് 13.4 ലക്ഷമായിരുന്നു. ഡൽഹിയിൽ എയർ ഇന്ത്യ ആസ്ഥാനത്ത്് ബുധനാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ എല്ലാ വിമാനങ്ങളുടെയും സീറ്റ് വർധിപ്പിക്കാൻ തീരുമാനമായി. ഗൾഫ് മലയാളികൾക്കും മറ്റും ഏറെ ഗുണകരമാകുന്ന തീരുമാനമാണിത്.

എല്ലാ വിമാനങ്ങളിലും 3 സീറ്റുകൾ വീതം വർധിപ്പിക്കും. ഇപ്പോൾ 186 സീറ്റുകൾ എന്നത്  189 സീറ്റുകളാകും. അധിക സീറ്റുകൾ ഘടിപ്പിക്കുന്നതിന് ബോർഡ് അംഗീകാരവും നൽകിയിട്ടുണ്ട്്്. സീറ്റിന്റെ ലഭ്യതയ്ക്കനുസരിച്ചാണ് യാത്രാ നിരക്ക്് തിട്ടപ്പെടുത്തുന്നത്. സീറ്റിന്റെ എണ്ണം കൂട്ടിയത് നിരക്ക്് കുറയാനും കാരണമാകും.

ആസ്ഥാനം കേരളത്തിലേക്ക്‌ മാറ്റുകയും യാത്രക്കാരുടെ താത്പര്യം ഉൾക്കാണ്ട് അതിനനുസരിച്ച് സർവീസുകൾ ക്രമീകരിക്കുകയും ചെയ്തതോടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ലാഭത്തിലേക്ക്‌ ടേക്ക് ഓഫ് ചെയ്തത്. കാര്യമായ പരാതികളില്ലാതെ കഴിയുന്നതും സമയനിഷ്ഠ പാലിച്ച് സർവീസ് നടത്താൻ തുടങ്ങിയതോടെ എയർ ഇന്ത്യ എക്സ്പ്രസ്സിന് കൂടുതൽ യാത്രക്കാരെ കിട്ടുകയും ചെയ്തു.

അതിനാൽ കഴിഞ്ഞ വർഷം എയർ ഇന്ത്യ എക്സ്‌പ്രസ് ലാഭത്തിലുമെത്തി. പുതിയ സിഎംഡി അശ്വിനി ലൊഹാനി ചുമതലയേറ്റ ശേഷം നടന്ന ആദ്യ ഡയറക്ടർ ബോർഡ് യോഗമാണിത്. അടുത്ത വർഷം 6 വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നുണ്ട്. ആറും ബോയിങ് 737-800 വിമാനങ്ങളാണ്. ഘട്ടം ഘട്ടമായി 2016 ഡിസംബറോടെ 6 വിമാനങ്ങളും എത്തും.

പുതുതായി എത്തുന്ന വിമാനങ്ങളുടെ റൂട്ട് സംബന്ധിച്ച് നവംബറിൽ നടക്കുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും. കഴിഞ്ഞ വർഷത്തെ വരവ്-ചെലവ്, ലാഭ-നഷ്ട കണക്കുകൾ, ഓഡിറ്റ് റിപ്പോർട്ട് എന്നിവയെല്ലാം നവംബറിൽ നടക്കുന്ന യോഗത്തിലാണ് ചർച്ച ചെയ്യുക. സിഇഒ കെ. ശ്യാം സുന്ദർ, ഏവിയേഷൻ മന്ത്രാലയത്തിൽ നിന്നുള്ള ഡയറക്ടർമാർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.