മുംബൈ: തിരുവനന്തപുരം, ഗുവാഹാട്ടി, ജയ്‌പുർ വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ്പ്. കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർവരെ സമയം നീട്ടിനൽകണമെന്ന് കമ്പനി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് വിവരം.

ഈ മൂന്നുവിമാനത്താവളങ്ങളും ഏറ്റെടുക്കാൻ കഴിഞ്ഞ ജനുവരി 19-നാണ് അദാനി ഗ്രൂപ്പും എയർപോർട്ട് അതോറിറ്റിയും തമ്മിൽ കരാറുണ്ടാക്കിയത്. കരാർപ്രകാരം 180 ദിവസത്തിനകം വിമാനത്താവള നടത്തിപ്പും മാനേജ്മെന്റും ഏറ്റെടുക്കണം. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടണമെന്ന് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കരാറിലേർപ്പെട്ടിരിക്കുന്ന രണ്ടുപാർട്ടികളുടെയും നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ ബുദ്ധിമുട്ടുണ്ടായാൽ കാലാവധി നീട്ടാൻ കരാറിൽ വ്യവസ്ഥയുണ്ട്. ഈമാസം അവസാനം ചേരുന്ന ബോർഡ് യോഗത്തിൽ എയർപോർട്ട് അതോറിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന.

മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്ന സമയത്തും കമ്പനി സമാനമായ രീതിയിൽ ആറുമാസത്തെ സമയം നീട്ടിവാങ്ങിയിരുന്നു. 2020 ഫെബ്രുവരിയിലാണ് ഏറ്റെടുക്കേണ്ടിയിരുന്നതെങ്കിലും നവംബറിലാണ് നടപടികൾ പൂർത്തിയാക്കിയത്.