ഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം ഇനി ഗൗതം അദാനിക്ക് സ്വന്തം. അംബാനിയെ പിന്നിലാക്കി ഗൗതം അദാനി കോടീശ്വരപട്ടം സ്വന്തമാക്കിയത് യാദൃച്ഛികമാണോ? 

അല്ലെന്നുവേണം കരുതാൻ. അംബാനിയുടെ തൊട്ടുപിന്നിലെത്തി അദാനി ഏഷ്യയിലെ രണ്ടാമത്തെ കോടീശ്വരനായത് മാസങ്ങൾക്കുമുമ്പാണ്. റിലയൻസിന്റെ സാമ്രാജ്യം ഭരിക്കുന്ന മുകേഷ് അംബാനിയെ അദാനി ഗ്രൂപ്പിന്റ കിങ്‌മേക്കറായ ഗൗതം അദാനി മറികടന്നത് ആസുത്രിതമായ മുന്നേറ്റത്തന്റെ ഭാഗമായിവേണം കാണാൻ. 2015മുതൽ അംബാനിക്ക് സ്വന്തമായ ഒന്നാംസ്ഥാനമാണ് അദാനി പിടിച്ചെടുത്തത്. 

ബ്ലൂംബർഗിന്റെ കോടീശ്വര പട്ടിക പ്രകാരം 9,100 കോടി ഡോളറാണ് അംബാനിയുടെ ആസ്തി. അദാനിയുടേതാകട്ടെ 8,880 കോടിയും. അദാനിയുടെ ആസ്തിയിൽ ഈവർഷമുണ്ടായ കുതിപ്പാണ് അംബാനിയെ പിന്നിലാക്കാനിടയാക്കിയത്. ഇക്കൊല്ലം അദാനിയുടെ ആസ്തിയിൽ 5500 കോടി ഡോളറിന്റെ വർധനവുണ്ടായപ്പോൾ അംബാനിയുടെ ആസ്തിയിൽ കൂട്ടിച്ചേർത്തത് 1430 കോടി ഡോളർമാത്രമാണ്. 

നേട്ടം എങ്ങനെ സ്വന്തമാക്കി? 
കുറച്ചുവർഷങ്ങളായി അദാനിയുടെ ആസ്തിയിൽ വൻവർധനവാണുണ്ടായത്. പുനരുപയോഗ ഊർജമേഖലയിലെ കമ്പനിയായ അദാനി ഗ്രീൻ ഓഹരി വിപണിയിൽ വൻകുതിപ്പ് നടത്തിയതാണ് പ്രധാനകാരണം. അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ, അദാനി പവർ തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഈയിടെ മികച്ചനേട്ടം സ്വന്തമാക്കി.

അതേസമയം, സൗദി ആരാംകോയുമായുള്ള ഇടപാട് റദ്ദാക്കിയതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിടിയുകയുംചെയ്തു. ഇരുവരും കൈവശംവെച്ചിട്ടുള്ള ഓഹരികളുടെ വിപണിമൂല്യം വിലയിരുത്തിയാണ് ബ്ലൂംബർഗ് പട്ടികയിൽ അദാനിയുടെ സ്ഥാനം ഉറപ്പിച്ചത്.