പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദേശമായ ഗുജറാത്തിൽനിന്നുള്ളവരാണ് രണ്ട് ശതകോടീശ്വരന്മാരും. റിലയൻസിന്റെ സാമ്രാജ്യംഭരിക്കുന്ന മുകേഷ് അംബാനിയും അദാനി ഗ്രൂപ്പിന്റെ കിങ്‌മേക്കറായ ഗൗതം അദാനിയും. അംബാനിയുടെ തൊട്ടുപിന്നിലെത്തി ഏഷ്യയിലെ രണ്ടാമത്തെ ധനികനായ വ്യക്തിയെന്ന സ്ഥാനം അദാനി സ്വന്തമാക്കിയത് യാദൃച്ഛികമാകാം. എന്നാൽ, ഹരിത ഊർജമേഖലയിൽ 2030ഓടെ ലോകത്തിലെ ഏറ്റവുംവലിയ ഉത്പാദകനാകാൻ ലക്ഷ്യമടുന്ന അദാനിക്ക് അംബാനി ചെക്ക് വെച്ചത് യാദൃച്ഛികമാകാനിടയില്ല. 

പരിസ്ഥിതി സൗഹൃദ ഊർജമേഖലയിലേയ്ക്ക് കാലെടുത്തുവെയ്ക്കുകയാണ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്. മൂന്നുവർഷത്തിനിടെ 75,000 കോടി രൂപ ഇതിനായി മുടക്കുമെന്ന് 44-ാമത്തെ വാർഷിക പൊതുയോഗത്തിൽ അംബാനി പ്രഖ്യാപിച്ചുകഴിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ഓഹരി ഉടമകളോട് പറഞ്ഞു. 

അംബാനിയെ സംബന്ധിച്ചെടുത്തോളം ഇതൊരു വൻമൂലധന നിക്ഷേപ പദ്ധതിയൊന്നുമല്ല. കോവിഡ് വ്യാപനത്തെതുടർന്ന് ലോകം പ്രതിസന്ധിനേരിട്ടപ്പോൾ 2020ൽ 44 ബില്യൺ ഡോളറാണ് വിദേശ നിക്ഷേപകരിൽനിന്ന് അദ്ദേഹം സമാഹരിച്ചത്. അതോടൊപ്പം റിലയൻസിനെ ഒരു രൂപപോലും കടമില്ലാത്ത കമ്പനിയാക്കുകയുംചെയ്തു. ബാലൻസ് ഷീറ്റിൽ 180 ബില്യൺ ഡോളർ വരുമാനമുള്ള കമ്പനിയായി റിലയൻസ് ഇതിനകംമാറിക്കഴിഞ്ഞു.

സാമ്രാജ്യംപിടിച്ചകഥ
ഒരുഡസനിലേറെ കമ്പനികളുടെ സാന്നിധ്യമുള്ള ടെലികോംമേഖലയിലേയ്ക്ക് വൻ ഓഫറുമായി ഒരു സുപ്രഭാതത്തിൽ കടന്നുകയറിയതാണ് ജിയോ. കേവലം അഞ്ചുവർഷംകൊണ്ട് 42 കോടിയിലേറെ വരിക്കാരെ സ്വന്തമാക്കി നിരവധി കമ്പനികളെ പാപ്പരാക്കാൻ ജിയോക്കുകഴിഞ്ഞു. ഗൂഗിളുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ജിയോ. ടെലികോം മേഖലയിലുള്ള അവശേഷിക്കുന്ന കമ്പനികൾക്ക് ഇനിയും പിടിച്ചുനിൽക്കണമെങ്കിൽ മറ്റെന്തെങ്കിലും തന്ത്രങ്ങൾ പയറ്റേണ്ടിവരും. 

സമാനമായ സാധ്യതകളാണ് അംബാനിക്ക് ഊർജമേഖല തുറന്നുനൽകുന്നത്. കൽക്കരിയിൽനിന്ന് ഊർജമേഖല നിർണായകമായ മാറ്റത്തിനൊരുങ്ങുകയാണ്. ജാംനഗറിൽ അംബാനി പ്രഖ്യാപിച്ച ഹരിത ഊർജ പദ്ധതി അതിനൊരു ഉദാഹരണമാണ്. ജിയോയ്ക്ക് സമാനമായ നീക്കമായിരിക്കും അംബാനിയുടേതെന്നകാര്യത്തിൽ സംശയിക്കേണ്ടതില്ല. എന്തായിരിക്കും അദാനിയുടെ നീക്കമെന്നണ് ഇനി അറിയേണ്ടത്. 

അദാനി ഗ്രീൻ എനർജിയുടെ 20ശതമാനം ഓഹരികൾ ഫ്രാൻസിലെ ടോട്ടൽ എനർജീസ് സ്വന്തമാക്കിയത് ഇതിനോട് കൂട്ടിവായിക്കേണ്ടിവരും. കമ്പനിയുടെ 25 ഗിഗാവാട്ട് സോളാർ എനർജി പോർട്ട്‌ഫോളിയോയിലെ ചില പ്രൊജക്ടുകളിലും ടോട്ടൽ എനർജീസ് നിക്ഷേപം നടത്തിയിട്ടുണ്ട്. മൂന്നുവർഷത്തിനുള്ളിൽ കമ്പനി നടത്തിയ നിക്ഷേപത്തിലുണ്ടായ വർധന 50മടങ്ങാണെന്നും മനസിലാക്കണം. 

റിലയൻസിന്റെ പടയോട്ടം
പത്തുവർഷത്തിനിടെ 90 ബില്യൺ ഡോളറാണ് റിലയൻസ് വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്. അടുത്ത 10 വർഷത്തേയ്ക്ക് 200 ബില്യൺ ഡോളർ പദ്ധതികൾക്കായി മുടക്കാൻ ശേഷിയുണ്ടെന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്. പെട്രോളിയം പര്യവേഷണം, റീട്ടെയിൽ ബിസിനസ്, ഇ-കൊമേഴ്‌സ് എന്നീമേഖലകളിൽ കടുത്തമത്സരത്തിന് തുടക്കമിടാനും പിടിച്ചടക്കാനമുള്ള സംഹാരശേഷി റിലയൻസിനുണ്ട്. അതിനുപുറമെയാണ് ഇപ്പോൾ സൗദി ആരാംകോയുമായുള്ള കൂട്ടുകെട്ട്.   

പുതിയ സംരംഭങ്ങളെ തുണയ്ക്കാൻ 13 ബില്യൺ ഡോളറിന്റെ വാർഷികവരുമാനം റിലയൻസിനുണ്ട്. ഫിച്ച് റേറ്റിങ് ഏജൻസിയുടെ വിലയിരുത്തൽ പ്രകാരം രാജ്യത്തെ വിദേശ കറൻസി കടത്തേക്കാൾ അധികമാണ് ഈതുക. അതേസമയം, അദാനി ഗ്രൂപ്പിലെ ലിസ്റ്റ്‌ചെയ്ത കമ്പനികളുടെ വരുമാനം ശരാശരി 3.5 ബില്യൺ ഡോളർമാത്രമെവരൂ. മൊത്തംകടബാധ്യതയാകട്ടെ 19 ബില്യൺ ഡോളറിലധികവുമാണ്. ഈ മത്സരത്തിൽ ആര് മുന്നിലെത്തുമെന്നാണ് ഇനി അറിയേണ്ടത്.