ര്‍ജോത്പാദന രംഗത്ത് പുത്തന്‍ പദ്ധതികള്‍ ആവഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പവര്‍ ഗ്രിഡ്. ഇതിന്റെ ഭാഗമായി ദക്ഷിണമേഖലയ്ക്ക് 6000 മെഗാവാട്ടിന്റെ അധികശേഷി ഒരുക്കുമെന്ന് പവര്‍ഗ്രിഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രവി പി. സിംഗ് പറഞ്ഞു. 

തമിഴ്‌നാട്, കേരളം, കര്‍ണ്ണാടകം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ദക്ഷിണമേഖല. ഈ മേഖലയിലേക്കുള്ളഊര്‍ജ്ജോത്പാദന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

റായ്ഗഡ്- പുഗളൂര്‍- തൃശൂര്‍ 800 കെവി എച്ച്.വി.ഡി.സി. വിതരണ പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പവര്‍ഗ്രിഡിന്റെ ദക്ഷിണമേഖല വിതരണശൃംഖലയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ദക്ഷിണമേഖലയ്ക്ക് 6000 മെഗാവാട്ടിന്റെ ശേഷി കൈവരിക്കുന്നതിനാണ് ഈ പദ്ധതി.

വൈദ്യുതിയുടെ ഉപയോഗം കൂടി വരുനന സാഹചര്യത്തില്‍ കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണ് പവര്‍ഗ്രിഡ് നടപ്പാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

353,344 മെഗാ വോള്‍ട്ട് ആംപിയര്‍ ശേഷിയും 239 സബ് സ്റ്റേഷനുകളും 151,380 സര്‍ക്യൂട്ട് കിലോമീറ്റര്‍ വിതരണ ശൃംഖലയുമുള്ള പവര്‍ഗ്രിഡ് ഇതിനകം ലോകത്തെ ഏറ്റവും വലിയ ഊര്‍ജ്ജവിതരണ സംവിധാനങ്ങളിലൊന്നായി മാറിയിട്ടുണ്ട്.