മുംബൈ: രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളിൽ 49.1 ശതമാനവും ഇപ്പോഴും അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷാ പരിധിയിൽ ആയിട്ടില്ലെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്. മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ നിക്ഷേപകർക്കുണ്ടായ ബുദ്ധിമുട്ട്‌ മുൻനിർത്തി 2020 ഫെബ്രുവരി നാലിനാണ് ബാങ്കു നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷാ പരിധി ഒരു ലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തിയത്.

വിവിധ ബാങ്കുകളിലായി ആകെയുള്ള 252.6 കോടി അക്കൗണ്ടുകളിൽ 98.1 ശതമാനവും ഡെപോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷനിൽ (ഡി.ഐ.സി.ജി.സി.) രജിസ്റ്റർചെയ്തിട്ടുണ്ട്. 247.8 കോടി അക്കൗണ്ടുകളാണ് രജിസ്റ്റർചെയ്തത്. 4.8 കോടി അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്യാതെയുണ്ട്.

എന്നാൽ നിക്ഷേപത്തുകയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ അക്കൗണ്ടുകൾക്കുള്ള പരിരക്ഷയേക്കാൾ വളരെ കുറവാണ്. ആർ.ബി.ഐ. കണക്കനുസരിച്ച് ഇൻഷുർ ചെയ്തിട്ടുള്ള ആകെ നിക്ഷേപങ്ങൾ 76,21,258 എണ്ണമാണ്. ആകെയുള്ള 1,49,67,776 നിക്ഷേപ അക്കൗണ്ടുകളുടെ 50.9 ശതമാനം മാത്രമാണിത്. അതായത് 49.1 ശതമാനത്തോളം നിക്ഷേപങ്ങൾ ഇപ്പോഴും ഇൻഷുറൻസ് പരിധിക്കുപുറത്താണ്.

നിക്ഷേപ ഇൻഷുറൻസ് പരിധി അഞ്ചുലക്ഷമായി ഉയർത്തിയതുകൊണ്ട് നിക്ഷേപങ്ങളെല്ലാം ഇതിലുൾപ്പെടണമെന്നില്ല. എല്ലാ ബാങ്കുകളും ഡി.ഐ.സി.ജി.സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നിക്ഷേപങ്ങൾ രജിസ്റ്റർ ചെയ്യുകയും അതിനാവശ്യമായ തുക ഡി.ഐ.സി.ജി.സി.യിൽ അടയ്ക്കുകയും ചെയ്യുമ്പോഴാണ് ഇൻഷുറൻസ് പരിരക്ഷയുടെ കീഴിൽ വരുക.

നിക്ഷേപങ്ങൾ രജിസ്റ്റർ ചെയ്യാത്തതോ പ്രീമിയം തുക ബാങ്കുകൾ അടയ്ക്കാത്തതോ ആണ് ഇവ അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിധിയിൽ വരാതിരിക്കാൻ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ടിൽ ഉയർന്ന തുകയുണ്ടെങ്കിൽ ഇതിനുപൂർണമായി പരിരക്ഷയുണ്ടാവണമെന്നില്ല. 25 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെങ്കിൽ അഞ്ചുലക്ഷം രൂപയ്ക്കുമാത്രമായിരിക്കും ഇൻഷുറൻസ് സംരക്ഷണം ഉണ്ടാവുക.