കൊച്ചി: സ്മാർട്ട് ഫോൺ ഉപയോഗത്തിൽ കേരളം കുതിപ്പിന്റെ പാതയിൽ. രണ്ട്‌ വർഷത്തിനകം കേരളം സമ്പൂർണ സ്മാർട്ട് ഫോൺ സംസ്ഥാനമായി മാറുമെന്ന് ടെലികോം എൻഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് മോണിറ്ററിങ് സെൽ (ടോംസെൽ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വി. രഘുനന്ദൻ പറഞ്ഞു. എല്ലാ സേവന ദാതാക്കളും ചേർന്ന് 4 ജി ഉൾപ്പടെ 3.69 കോടി മൊബൈൽ കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ഓരോ വർഷവും ശരാശരി 4.57 ലക്ഷം അപേക്ഷകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

കേരളത്തിൽ എല്ലാ സേവന ദാതാക്കൾക്കും ഉൾെപ്പടെ മൊത്തം 43,438 ടവറുകളാണ് പ്രവർത്തിക്കുന്നത്. 800 മുതൽ 2300 മെഗാ ഹെഡ്‌സ് വരെയുള്ള ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന മൊബൈൽ സംവിധാനങ്ങൾ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ല. നിലവിലുള്ള റേഡിയേഷൻ പരിധിയിൽ കൂടുതലായാൽ പിഴ 10 ലക്ഷം രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

ടെലികോം സർവീസ് ദാതാക്കളുടെ ലൈസൻസ് സംബന്ധിച്ചും മൊബൈൽ റേഡിയേഷൻ, മൊബൈൽ നമ്പർ പോർട്ടബിലിറ്റി തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ചുമുള്ള പരാതികൾ ടേം സെല്ലിന്റെ പ്രവർത്തന പരിധിയിൽ വരുന്നതാണ്.

എറണാകുളം ഗാന്ധിനഗറിലെ ബിഎസ്എൻഎൽ ഓഫീസിലാണ് ടേം സെൽ പ്രവർത്തിക്കുന്നത്. മൊബൈൽ ടവർ റേഡിയേഷനെക്കുറിച്ചും ടെലികോം സേവന ദാതാക്കളെക്കുറിച്ചും മറ്റിതര ടെലികോം സംബന്ധിയായ വിഷയങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇവിടെ പരാതി നൽകാമെന്നും  വി. രഘുനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫോൺ: 1063 / 0484-2207300. ഡയറക്ടർമാരായ ടി. ശ്രീനിവാസൻ, ഗീത ഗോഡ്‌വിൻ എന്നിവരും ടി.ആർ. ഷാജിയും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.