മുംബൈ: ഭവനനിർമാണമേഖലയിൽ മാറ്റങ്ങൾക്കു തുടക്കമിട്ട് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയിൽ വിജയകരമായി ബഹുനില കെട്ടിടം നിർമിച്ച് എൽ ആൻഡ് ടി കൺസ്ട്രക്ഷൻ.
പരീക്ഷണാടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഇരുനില കെട്ടിടമാണ് കമ്പനി നിർമിച്ചത്. 2022-ഓടെ എല്ലാവർക്കും വീടെന്ന സ്വപ്ന പദ്ധതിക്ക് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഏറെ ഗുണകരമായിരിക്കുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.
ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് സാങ്കേതികവിദ്യയിൽ കമ്പനിക്കുള്ള വൈദഗ്ധ്യമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും രാജ്യത്തുതന്നെ ഇത്തരത്തിലുള്ള ആദ്യ ബഹുനില മന്ദിരമാണിതെന്നും കമ്പനി ഡയറക്ടർ എം.വി. സതീഷ് പറഞ്ഞു.
നിർമാണപ്രവർത്തനങ്ങളുടെ ചെലവു കുറയ്ക്കാനും വേഗവും ഗുണമേൻമയും കൂട്ടാനും ഇത് സഹായിക്കും. നിലവിൽ 700 ചതുരശ്ര അടിയിൽ ഇരുനില കെട്ടിടമാണ് നിർമിച്ചത്. വലിയ നിർമാണസൈറ്റുകളിലും ഇത് ഉപയോഗിക്കാനാകും.