മലപ്പുറം: ഒരു സാമ്പാറുവെക്കാൻപോലും പറ്റാത്ത സ്ഥിതിയിൽ കേരളത്തിലെ അടുക്കളകൾ. സാമ്പാറിന് ആവശ്യമുള്ള വലിയഉള്ളിക്ക് കിലോ നൂറുരൂപയായി. ചെറിയ ഉള്ളിക്ക് 120. അതിലും ഞെട്ടിപ്പിക്കുന്നത് മലയാളിയുടെ തൊടികളിൽ സമൃദ്ധമായിരുന്ന മുരിങ്ങാക്കായുടെ വിലയാണ്. കിലോ 350 രൂപ. മൊത്തവ്യാപാരികൾ 250 രൂപയ്ക്കു മുകളിലാണ് വിൽക്കുന്നത്.

കിലോയയ്ക്ക് 30, 40 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. കേരളത്തിൽനിന്ന് മുരിങ്ങാക്കായ കിട്ടാനില്ലാതായതാണ് ഇത്രയും വിലവർധനയ്ക്ക് കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഈ സീസണിൽ മുരിങ്ങ കേരളത്തിൽ വളരെ കുറവാണ്. തമിഴ്‌നാട്ടിൽനിന്നാണ് വലിയതോതിൽ കൊണ്ടുവരാറുള്ളത്. എന്നാൽ ഇത്തവണ തമിഴ്‌നാട്ടിലും മുരിങ്ങവിളവ് കുറഞ്ഞു. അതോടെ ഉള്ളതിന് വലിയ വിലയായി.

കല്യാണങ്ങൾക്കും മറ്റും മാത്രമാണ് പേരിനെങ്കിലും കുറച്ച് മുരിങ്ങാക്കായ ഇപ്പോൾ വാങ്ങുന്നത്. വീടുകളിൽ ഉപയോഗിക്കാതായതോടെ ചില്ലറവ്യാപാര കടകളിലും മുരിങ്ങാക്കായ വെക്കാതായി.

ചെന്നൈയിൽ ഉള്ളിക്ക് പൊന്നുംവില  

ചെന്നൈ: ചെന്നൈയിൽ ഉള്ളിവില േറാക്കറ്റ് കണക്കെ കുതിക്കുന്നു. മൊത്തവ്യാപാര കേന്ദ്രമായ കോയമ്പേട് ചന്തയിലും ദിണ്ടിഗൽ ജില്ലയിലെ ഒട്ടൻച്ചത്രം വിപണിയിലും ചെറിയ ഉള്ളിയുടെ വില 120 രൂപയായും വലിയ ഉള്ളിയുടെ വില 100 രൂപവരെയായും ഉയർന്നു. ചില്ലറ വിപണിയിൽ വലിയ ഉള്ളിയുടെ വില 120 രൂപ മുതൽ 150 രൂപവരെയും ചെറിയ ഉള്ളിയുടെ വില 140 മുതൽ 170 രൂപവരെയുമാണ്. വില ഉയർന്നതോതിൽ തുടരുന്നതിനാൽ കോയമ്പേട് വിപണിയിൽ വിൽപ്പന കുറവായിരുന്നു.

തമിഴ്‌നാട്ടിലേക്ക് ഉള്ളി കൊണ്ടുവരുന്നത് മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ്. മൂന്നിടത്തും കാലംതെറ്റി പെയ്ത കനത്തമഴ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വിളവെടുപ്പ് സമയത്ത് പെയ്ത മഴയിൽ ടൺ കണക്കിന് ഉള്ളി നശിച്ചുപോയി.

മറ്റുസംസ്ഥാനങ്ങളിൽനിന്ന് കോയമ്പേട് ചന്തയിലേക്കുമാത്രം 80 ലോഡ് ഉള്ളിയാണ് ദിവസവും എത്തിച്ചിരുന്നത്. ഇപ്പോഴിത് 30 ലോഡായി കുറഞ്ഞു. മൊത്ത വ്യാപാരികൾ അന്യസംസ്ഥാനങ്ങളിൽനിന്ന് വലിയ ഉള്ളി വാങ്ങുന്നത് 70 മുതൽ 80 രൂപവരെ നൽകിയാണ്. ചെന്നൈയിൽ എത്തിക്കുമ്പോൾ കടത്തുകൂലിയടക്കം വില വർധിക്കും. വരും ദിവസങ്ങളിലും ഉള്ളിവില ഉയർന്നതോതിൽ തുടരുമെന്ന് കോയമ്പേടിലെ വ്യാപാരികൾ പറഞ്ഞു.

50 ടണ്ണിൽ കൂടുതൽ ഉള്ളി സൂക്ഷിച്ചാൽ നടപടി

അതിനിടെ, മൊത്തവ്യാപാരികൾ 50 ടണ്ണിൽ കൂടുതൽ ഉള്ളി സൂക്ഷിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി സെല്ലൂർ രാജു പറഞ്ഞു. വില നിയന്ത്രിക്കാനായി മറ്റുസംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ ഉള്ളി എത്തിക്കാനുള്ള നടപടികളെക്കുറിച്ച് ഭക്ഷ്യമന്ത്രി കാമരാജുമായി അദ്ദേഹം ചർച്ച നടത്തി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അമ്മ പച്ചക്കറി കടകളിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപ്പന നടത്താൻ പദ്ധതിയുണ്ടെന്നും സെല്ലൂർ രാജു പറഞ്ഞു.