കോവിഡ് വ്യാപനത്തിൽ കടുത്ത പ്രതിസന്ധിനേരിട്ടതിനെതുടർന്ന് വൻകിട ഹോട്ടലുകളിൽ പലതും പൂട്ടാനൊരുങ്ങുന്നു. 25ശതമാനത്തോളം വൻകിട ഹോട്ടലുകൾക്ക് വൈകാതെ താഴുവീഴുമെന്നാണ് റിപ്പോർട്ടുകൾ. കടബാധ്യത കൂടിയതിനാൽ പല ഹോട്ടലുകളും വിൽക്കാനൊരുങ്ങുകയാണെന്ന് ഹോട്ടൽ അസോസിയേഷൻ ഇന്ത്യയാണ് വ്യക്തമാക്കിയത്. 

ഈ മേഖലയിലേയ്ക്ക് പ്രവേശിക്കാൻ താൽപര്യമുള്ള അതിസമ്പന്നർ, അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയൊക്കെ പ്രതിസന്ധിയിലായ ഹോട്ടലുകൾ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

ലെമൺ ട്രീ ഹോട്ടൽസിന് 1,898.97 കോടിയും മഹീന്ദ്ര ഹോളീഡേയ്‌സിന് 1,892.53 കോടിയും ചാലെറ്റ് ഹോട്ടൽസിന് 1,799.01 കോടിയും ഏഷ്യൻ ഹോട്ടൽസ് വെസ്റ്റിന് 876.39 കോടിയും വെസ്റ്റ്‌ലൈഫ് ഡെവലപ്‌മെന്റിന് 758.55 കോടി രൂപയും ഓറിയന്റൽ ഹോട്ടൽസിന് 194.47 കോടി രൂപയുമാണ് ബാധ്യതയുള്ളത്. 2021 മാർച്ച് 31ലെ കണക്കുകളാണിത്. ഇടത്തരം ചെറുകിയ ഹോട്ടലുകളുടെ കണക്കുകൾ ഇതിലുമെത്രയോ വരുമെന്നാണ് റിപ്പോർട്ടുകൾ. 

കോവിഡിന്റെ ആദ്യതരംഗവും രണ്ടാതരംഗവും ഏറ്റവും ബാധിച്ചത് ഹോസ്പിറ്റാലിറ്റി മേഖലയെയാണ്. ഒഴിഞ്ഞുകിടക്കുന്ന റൂമുകളുടെ എണ്ണം വൻതോതിൽ വർധിച്ചു. ശരാശരി 18-20ശതമാനം റൂമുകൾമാത്രമാണ് ബുക്ക് ചെയ്യുന്നത്. മുറിവാടക 50ശതമാനംവരെ താഴ്ന്ന് 550-660 നിലവാരത്തിലെത്തിയതായും എച്ച്.വി.എസ് അനറോക്‌സ് ഹോട്ടൽസ് ആൻഡ് ഹോസ്പിറ്റാലിറ്റി ഒവർ വ്യൂവിൽ പറയുന്നു.