വിപണിമൂല്യത്തിൽ മികച്ചനേട്ടവുമായി രാജ്യത്തെ കമ്പനികൾ. ഒരു ലക്ഷം കോടി വിപണിമൂല്യം 19 കമ്പനികൾക്കൂടി സ്വന്തമാക്കിയതോടെ ഒരുവർഷത്തിനിടെ ഈവിഭാഗത്തിൽ ഉൾപ്പെടുന്ന കമ്പനികളുടെ എണ്ണം 47 ആയി.  ഒരുവർഷംമുമ്പ് 28 കമ്പനികളാണ് ഈ ഗണത്തിൽ ഉൾപ്പെട്ടിരുന്നത്.  

അദാനി എന്റർപ്രൈസസ്, ബിപിസിഎൽ, ഡാബർ, ഗോദ്‌റേജ് കൺസ്യൂമർ, ജെഎസ്ഡബ്ല്യു, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, എൻടിപിസി, പിഡിലൈറ്റ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളാണ് പുതിയതായി ലക്ഷംകോടി ക്ലബിൽ അംഗമായത്. 

ഓഹരി വിപണിയിൽ കുതിപ്പുണ്ടാകുമ്പോൾ മികച്ച കമ്പനികളുടെ വിപണിമൂല്യം ഉയരുന്നത് സ്വാഭാവികമാണെന്നാണ് വിലിയരുത്തൽ. എക്കാലത്തെയും ഉയരംകുറിച്ച് ഓഗസ്റ്റ് 27ന് 56,124.7 നിലവാരത്തിലാണ് സെൻസെക്‌സ് ക്ലോസ് ചെയ്തത്. 

ഒരു ലക്ഷം കോടിയിലധികം വിപണിമൂല്യം സ്വന്തമാക്കിയവയിൽ പൊതുമേഖല സ്ഥാപനങ്ങളും ഇടംപിടിച്ചു. എൻടിപിസിയും ബിപിസിഎലും വീണ്ടും ക്ലബിലെത്തി. എസ്ബിഐ, ഒഎൻജിസി എന്നീ കമ്പനികളെക്കൂടാതെ പവർഗ്രിഡ് കോർപറേഷനും നേട്ടംസ്വന്തമാക്കി. എസ്ബിഐയുടെ വിപണിമൂല്യത്തിൽ ഒരുവർഷത്തിനിടെ 49ശതമാനവും ഒഎൻജിസിയുടേത് 24ശതമാനവുമാണ് വർധനവുണ്ടായത്.