ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനുശേഷം 35,000 കമ്പനികള്‍ 17,000 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചതായി സര്‍ക്കാര്‍. 

ബാങ്കില്‍ നിക്ഷേപിച്ചതിനുശേഷം ഇത്രയും തുക ഉടനെതന്നെ കമ്പനികള്‍ പിന്‍വലിച്ചു. വൈകാതെ കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. 

56 ബാങ്കുകളില്‍നിന്നായി ലഭിച്ച വിവരപ്രകാരം 35,000 കമ്പനികളുടെ 58,000 അക്കൗണ്ടുകളിലായി 17,000 കോടി രൂപയാണ് നോട്ട് അസാധുവാക്കിയശേഷം നിക്ഷേപിച്ചത്. 

ദീര്‍ഘകാലം പ്രവര്‍ത്തിക്കാതിരുന്ന 2.24 ലക്ഷം കമ്പനികളുടെ അക്കൗണ്ടുകളിലേയ്ക്ക് അനധികൃതമായി പണമൊഴുകിയതായി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കമ്പനികളിലെ 3.09 ലക്ഷം ഡയറക്ടര്‍മാരെ അയോഗ്യരാക്കുകയും ചെയ്തു.

രണ്ടോ അധിലധികം വര്‍ഷമോ പ്രവര്‍ത്തിക്കാതിരുന്ന ഈ കമ്പനികളുടെ ബാങ്ക് ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ വസ്തുവകകള്‍ വില്‍ക്കുന്നതിനും കൈമാറുന്നതും വിലക്കുണ്ട്. 

നോട്ട് അസാധുവാക്കുന്നതിന് മുമ്പ് 2016 നവംബര്‍ എട്ടിന് പണമില്ലാതിരുന്ന ഒരു കമ്പനിയുടെ അക്കൗണ്ടില്‍ മാത്രം 2,484 കോടി രൂപ നിക്ഷേപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതായി കണ്ടെത്തിയത് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

തുടര്‍ അന്വേഷണങ്ങള്‍ക്കായി കടലാസ് കമ്പനികളുടെ വിശദവിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരിക്കുകയാണ്.