മൊത്തം 1708 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങള്‍പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 1708 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങള്‍ കേരളത്തില്‍ വരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോ തിരഞ്ഞെടുത്ത 34 പദ്ധതികളിലൂടെയാണ് ഈ നിക്ഷേപം വരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള പാര്‍ട്ട്ണര്‍ കേരളാ മിഷന്‍ വഴിയാണ് നിക്ഷേപം നടപ്പാക്കുന്നത്.

കോര്‍പ്പറേഷനുകളും നഗരസഭകളും കേന്ദ്രീകരിച്ചാണ് വന്‍തോതിലുള്ള നിക്ഷേപങ്ങള്‍. പദ്ധതികള്‍ക്കായി മാര്‍ച്ച് 31 ന് ടെന്‍ഡറുകള്‍ ക്ഷണിക്കും. റിക്വസ്റ്റ് ഫോര്‍ ക്വാളിഫിക്കേഷനിലൂടെ (ആര്‍.എഫ്.ക്യു.) യോഗ്യത നോക്കിയാണ് കരാറുകാരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുക. സാമ്പത്തിക സ്ഥിതിയും നിക്ഷേപ പദ്ധതികളിലെ മുന്‍കാല പരിചയവും മുന്‍ഗണനയാക്കിയാണ് ആര്‍.എഫ്.ക്യു. തയ്യാറാക്കുന്നത്. ഇവരില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ച് പദ്ധതി രൂപകല്പന ചെയ്യിക്കും. എസ്റ്റിമേറ്റും പദ്ധതിച്ചെലവും ഉള്‍പ്പെടെയുള്ളവ കാണിച്ച് തയ്യാറാക്കി സമര്‍പ്പിക്കുന്ന താത്പര്യപത്രം കിറ്റ്‌കോ അധികൃതരും പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും പരിശോധിക്കും. പൂര്‍ണ തൃപ്തി രേഖപ്പെടുത്തുന്ന പദ്ധതികള്‍ പാര്‍ട്ട്ണര്‍ കേരളാ മിഷന്‍, നഗരസഭകളുടെയും കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ നടപ്പാക്കും.

ആധുനിക അറവുശാലകള്‍, ബസ്സ്റ്റാന്‍ഡുകള്‍, ബസ്‌ബേ, വാണിജ്യസമുച്ചയങ്ങള്‍, ആധുനിക കമ്പോളങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങിയവയാണ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുകയെന്ന് പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇ.കെ. പ്രകാശ് അറിയിച്ചു.

കരാറുകളില്‍ ഒപ്പുവെയ്ക്കുന്നവര്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാനായി കൗണ്ട് ഡൗണ്‍ ഏര്‍പ്പെടുത്തും. നഗരകാര്യ വികസനമന്ത്രി മഞ്ഞളാംകുഴി അലിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പദ്ധതിയുടെ അവലോകനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടക്കും. കരാറില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 2530 വര്‍ഷത്തേക്കാണ് പദ്ധതി ഏറ്റെടുത്ത് നടത്താനായി നല്‍കുന്നത്. നഗരസഭകളും കോര്‍പ്പറേഷനുകളും നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും വരുമാനവിതരണവും പൂര്‍ണമായും സാക്ഷാത്കരിച്ചാണ് അന്തിമ കരാറില്‍ ഒപ്പുവെയ്ക്കുന്നത്.