കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് പുതിയ കുതിപ്പേകുമെന്ന് പ്രതീക്ഷിച്ച എല്‍.എന്‍.ജി. ടെര്‍മിനല്‍ പദ്ധതി 'പൈപ്പ്‌ലൈനി'ല്‍ കുടുങ്ങി നശിക്കുന്നു. കൊച്ചി പുതുവൈപ്പിനില്‍ 4,600 കോടി രൂപ ചെലവില്‍ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി.) ടെര്‍മിനല്‍ സ്ഥാപിച്ചിട്ട് വര്‍ഷം രണ്ട് കഴിയുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളായ ഗെയില്‍, ഒ.എന്‍.ജി.സി., ഐ.ഒ.സി, ബി.പി.സി.എല്‍. എന്നിവ ചേര്‍ന്ന് രൂപവത്കരിച്ച പെട്രോനെറ്റ് എല്‍.എന്‍.ജി. കമ്പനിയാണ് കൊച്ചിയില്‍ ടെര്‍മിനല്‍ സ്ഥാപിച്ചിരിക്കുന്നത്.

പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാത്തതുമൂലം പ്രതിവര്‍ഷം 700 കോടി രൂപയുടെ വരുമാനനഷ്ടമാണ് കേന്ദ്ര സര്‍ക്കാറിന് പങ്കാളിത്തമുള്ള പെട്രോനെറ്റ് എല്‍.എന്‍.ജി.യ്ക്കുണ്ടാകുന്നത്. കൊച്ചിയ്‌ക്കൊപ്പം പരിഗണിച്ച ഗുജറാത്തിലെ ദഹേജില്‍ 2004ല്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍, 11 വര്‍ഷം കഴിഞ്ഞിട്ടും കേരളത്തില്‍ നടപ്പാക്കാനാവുന്നില്ല. ഈ കാലയളവിലെ ഇന്ധന വില വര്‍ധന കണക്കാക്കുമ്പോള്‍ കോടികളുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. പ്രകൃതിവാതക വില്‍പ്പന ലക്ഷ്യമിട്ടതു പോലെ നടന്നിരുന്നെങ്കില്‍ കേരളത്തിന് പ്രതിവര്‍ഷം 1,000 കോടി രൂപ നികുതി ഇനത്തില്‍ ലഭിക്കുമായിരുന്നു. ഇതുപോലും മുന്‍കൂട്ടി കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല.

ടെര്‍മിനല്‍ സജ്ജമായെങ്കിലും അവിടെ നിന്ന് വാതകം വിപണികളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. കൊച്ചിയില്‍ നിന്ന് ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലേക്ക് പൈപ്പ്‌ലൈനുകള്‍ സ്ഥാപിച്ച് ദക്ഷിണേന്ത്യന്‍ വ്യവസായ കേന്ദ്രങ്ങളിലേക്ക് പ്രകൃതിവാതകം എത്തിക്കുകയായിരുന്നു ലക്ഷ്യം. കേരളത്തിലാകെ 505 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കണം. എന്നാല്‍, വടക്കന്‍കേരളത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള എതിര്‍പ്പ് പദ്ധതിയ്ക്ക് തിരിച്ചടിയാണെന്ന് അധികൃതര്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനമായ ഗെയിലിനാണ് പൈപ്പിടുന്നതിനുള്ള ചുമതല. തൃശ്ശൂര്‍(70 കീ.മീ), പാലക്കാട് (120 കീ.മീ), മലപ്പുറം (76 കീ.മീ), കോഴിക്കോട് (70 കീ.മീ), കണ്ണൂര്‍ (75 കീ.മീ), കാസര്‍കോട് (80 കീ.മീ) ജില്ലകളിലാണ് തടസ്സം. എന്നാല്‍, എറണാകുളം ജില്ലയിലുള്ള 43 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ ആദ്യഘട്ടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഫാക്ട്, ടി.സി.സി., ബി.പി.സി.എല്‍, എച്ച്.ഒ.സി.എല്‍ എന്നിവിടങ്ങളിലേക്ക് വാതകം എത്തിക്കുന്നതിനാണിത്.


ഭയം പദ്ധതിക്ക് തടസ്സംപൈപ്പ് ലൈന്‍ അപകടകാരിയാകുമോ എന്ന ഭയമാണ് പലയിടത്തും പദ്ധതിക്ക് തടസ്സമാകുന്നത്. അതേസമയം ഭൂമിക്കടിയിലൂടെയുള്ള പൈപ്പ് ലൈനാണ് വാതകം വിതരണം ചെയ്യുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളിലും ഈ രീതിയാണ് അവലംബിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ എല്ലാ മേഖലയിലും പൈപ്പ് ലൈനുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും പൈപ്പ് ലൈനുകളിലൂടെയാണ് ഇന്ധന വിതരണം.

ഓരോ വീട്ടിനകത്തും പാചക വാതകം, സിലിണ്ടറില്‍ സൂക്ഷിച്ചു വച്ചിട്ടുള്ള മലയാളികള്‍, പൈപ്പ് ലൈനിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് ചോദ്യമുയരുന്നുണ്ട്.

വാതകം, സിലിണ്ടറുകളിലാക്കി റോഡ് മാര്‍ഗം കൊണ്ടുപോകുന്നത് ചെലവ് ഉയര്‍ത്തും. മാത്രമല്ല, ഇന്ധനം വലിയ തോതില്‍ നഷ്ടമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൈപ്പിടുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറേണ്ടതില്ലെന്ന് 'ഗെയില്‍' വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ലൈന്‍ കടന്നുപോകുന്നതിന് അനുവാദം നല്‍കുന്നതു പോലെയാണിത്.

പൈപ്പിടുന്ന ഭാഗത്ത് കെട്ടിടമോ, വലിയ മരങ്ങളോ പാടില്ല. എന്നാല്‍ ഭൂമിയുടെ അവകാശം നഷ്ടമാകില്ല. കൃഷി ചെയ്യാനും തടസ്സമില്ല. കെട്ടിടങ്ങള്‍ ഒഴിവാക്കി, കൃഷിയിടങ്ങളിലൂടെ പൈപ്പിടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.


പ്രകൃതിവാതകം വീടുകളിലേക്കുംകേരളത്തിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈന്‍ വഴി ജനങ്ങള്‍ക്ക് നേരിട്ട് പ്രകൃതി വാതകം ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ട്. ആദ്യഘട്ടത്തില്‍ കൊച്ചി നഗരത്തില്‍ ഈ പദ്ധതി നടപ്പാക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികളായിട്ടുണ്ട്.
പൈപ്പ് ലൈന്‍ കടന്നുപോകുന്ന എല്ലാ ജില്ലകളിലും കുറഞ്ഞ െചലവില്‍ പാചകവാതകമായി എല്‍എന്‍ജി ലഭിക്കുന്നതിനുള്ള വഴിയാണ് ഒരുങ്ങുന്നത്. എന്നാല്‍ അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ല.