ങ്കമാലിക്കാരി ജോയ്‌സി അമേരിക്കയിലെത്തിയത് ഒരു സാധാരണ വീട്ടമ്മയായിട്ടാണ്. ഭര്‍ത്താവും മക്കളും പോയി കഴിഞ്ഞാലുള്ള ബോറടി മാറ്റാനാണ് ജോയ്‌സി മിയ കിച്ചണ്‍ എന്ന യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ലോകം മുഴുവന്‍ ആരാധകരെ നേടി മിയ കിച്ചണ്‍ എന്ന യുട്യൂബ് ചാനല്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഏവരും മിയ എന്ന് സ്‌നേഹത്തോടെ വിളക്കുന്ന ജോയ്‌സി ഇവിടെയെത്തിയത് നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ്. താന്‍ നടന്ന വഴികളെ കുറിച്ച് മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയാണ് ജോയ്‌സി.

മിയ കിച്ചണ്‍

പിള്ളേരൊക്കെ സ്‌ക്കൂളില്‍ പോയി തുടങ്ങിയപ്പോള്‍ ആകെ ബോറടി തുടങ്ങിയിരുന്നു. അപ്പോള്‍ ഭര്‍ത്താവാണ് യൂട്യൂബ് ചാനലിനെ പറ്റി ഐഡിയ തന്നത്. ആ സമയത്ത് മലയാളം കുക്കിങ്ങ് വീഡിയോസ് ആരും ആരംഭിച്ചിട്ടില്ലായിരുന്നു ഞാനാണ് ആദ്യമായി കുക്കിങ്ങ് വീഡിയോസ് ഇട്ട് തുടങ്ങിയത്. ഹിന്ദിയിലൊക്കെ കുറച്ച് കുക്കിങ്ങ് യൂട്യൂബ് ചാനലുകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഭര്‍ത്താവാണ് പറഞ്ഞത്  നന്നായി പാചകം ചെയ്യുന്ന നിനക്കും ഇത്തരത്തില്‍ ഒന്ന് തുടങ്ങിയാലെന്തെന്ന്. വെറും നേരം പോക്കിന് തുടങ്ങിയ ഈ ചാനല്‍ ഇന്നത്തെ പോലെയാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത്രയും കാലം മുന്നോട്ട് കൊണ്ട് പോവാന്‍ പറ്റുമെന്ന് അന്ന് എനിക്ക് തോന്നിയിട്ടേയില്ല.

അന്ന് ചില കുക്കിങ്ങ് വീഡിയോസൊക്കെ യൂട്യൂബില്‍ കാണിക്കുമായിരുന്നു അതിന്റെ താഴെയൊക്കെ മോശം കമന്റുകള്‍ വന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അത് കണ്ടപ്പോള്‍ ശരിക്കും പേടിയായിരുന്നു എന്റെ വീഡിയോയിന്റെ താഴെയും ഇത്തരത്തില്‍ കമന്റുകള്‍ വരില്ലെയെന്നായിരുന്നു അന്ന് ചിന്തിച്ചിരുന്നത്. പക്ഷേ തുടങ്ങി കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രതീക്ഷിക്കാത്തൊരു റിയാക്ഷനാണ് എനിക്ക് ലഭിച്ചത്. മോശം കമന്റുകളൊന്നും എനിക്കങ്ങനെ വന്നിരുന്നില്ല. 

തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ നന്നായി പേടിച്ചിരുന്നു. ഇങ്ങനൊരു ചാനല്‍ വേണോ എന്ന് നന്നായി ആലോചിച്ചിരുന്നു എന്നാല്‍ തുടങ്ങിയ ശേഷം എനിക്ക് അങ്ങനെ തോന്നിയിട്ടേയില്ല. എനിക്ക് കിട്ടുന്ന പിന്തുണ അത്രയും വലുതാണ്.

തുടക്ക കാലത്തെ വെല്ലുവിളികള്‍

തുടക്ക കാലത്ത് ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു. ടെക്‌നിക്കല്‍ പ്രശ്‌നങ്ങളാണ് ഞാന്‍ കൂടുതലും നേരിട്ടിരുന്നത്. ചില സമയത്ത് വീഡിയോ റെക്കോഡ് ചെയ്യാന്‍ മറന്ന് പോയിട്ടുണ്ട്. അങ്ങനെത്തെ ടെക്‌നിക്കല്‍ ബുദ്ധിമുട്ടുകളൊക്കെ ധാരാളം സംഭവിക്കാറുണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ അത്തരം അബദ്ധങ്ങള്‍ പറ്റാറില്ല.

ഒരു റെസിപ്പി  നന്നായി പഠിച്ച് പ്രാക്ടീസ് ചെയ്തിട്ടേ ഇടാറുള്ളു. തുടക്ക കാലത്ത് എനിക്ക് പോയി നോക്കാന്‍ വേറെ ചാനലുകള്‍ ഉണ്ടായിരുന്നില്ല. റെഫര്‍ ചെയ്യാനുള്ള സാധ്യതകള്‍ കുറവായിരുന്നു. ഇന്ന് പക്ഷേ സ്ഥിതി അതല്ല. 

പപ്പടം, തേന്‍മിട്ടായി തുടങ്ങി ഒരുപാട് വിഭവങ്ങള്‍ ഞാനാണ് ആദ്യമായി ചാനലില്‍ കൊടുക്കുന്നത്. കുറേയേറെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പപ്പടത്തിന്റെ യഥാര്‍ത്ഥ രുചിയില്‍ എനിക്ക് ലഭിച്ചത്. ചോറ് കൊണ്ട് കുറെ വെറൈറ്റി റെസിപ്പീസ് ചെയ്തിട്ടുണ്ട്. അതിനൊക്കെ നല്ല പോസ്റ്റീവ് റെസ്‌പോണ്‍സ് കിട്ടിയിട്ടുണ്ട്. എനിക്ക്  പുതിയ രീതിയിലുള്ള റെസിപ്പീസ്  ചെയ്യാനാണ് താത്പര്യം. ഞാന്‍ തന്നെ കണ്ടുപിടിച്ച് കുറെ ശ്രമിച്ചിട്ട് ചെയ്യുന്നത്. അങ്ങനെ ചെയ്ത് കിട്ടുന്നത് നല്ല സംതൃപ്തി തരാറുണ്ട്. അത്തരത്തിലുള്ള റെസിപ്പീസാണ് എന്റെ ചാനലില്‍ ഏറെയുള്ളത് .

ഞാനിപ്പോള്‍ മിയ തന്നെയായി

ആദ്യമൊന്നും ആളുകള്‍ക്ക് എന്നെ മനസിലായിരുന്നില്ല. ഇപ്പോള്‍ എവിടെ പോയാലും ഒരാളെങ്കിലും എന്നെ കണ്ടാല്‍ ചോദിക്കും മിയ അല്ലേന്ന്. എന്റെ ശരിക്കുമുള്ള പേര് ജോയ്‌സിയെന്നാണ്. ആരെങ്കിലും എന്നോട് വന്ന് മിയയല്ലേ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ജോയ്‌സിയാണെന്ന് പറയുമായിരുന്നു.അപ്പോള്‍ അവര്‍ ഇങ്ങനെ ഞെട്ടി നില്‍ക്കും. ങേ അപ്പോള്‍ മിയയല്ലേ എന്നൊക്കെ വണ്ടറടിക്കും
പക്ഷേ ഇപ്പോള്‍ ഞാന്‍ അത് ഇഷ്ടപ്പെട്ട് തുടങ്ങി. ഇപ്പോള്‍ ആര് വന്ന് മിയയല്ലേയെന്ന് ചോദിച്ചാലും ഞാന്‍ തിരുത്താറില്ല. ഇപ്പോള്‍ എല്ലാവരും മിയ എന്ന് തന്നെയാണ് വിളിക്കുന്നത്. വീട്ടിലുള്ളവരും അടുത്ത ബന്ധുകളും മാത്രമേ എന്നെ ജോയ്‌സിയെന്ന് വിളിക്കാറുള്ളു.

മിയ കിച്ചനില്‍ നോ ഹെയ്റ്റ് കമന്റ്‌സ്

അന്ന് വീഡിയോ ചെയ്യുമ്പോള്‍ ക്യാമറ കൈയില്‍ പിടിച്ചിട്ടാണ് ചെയ്തത് അതു കൊണ്ട് തന്നെ വീഡിയോ നന്നായി ഷെയ്ക്കാവുമായിരുന്നു .ആ വീഡിയോ കാണുന്ന എന്റെ പ്രേക്ഷകര്‍  എനിക്ക് പറഞ്ഞു തരുമായിരുന്നു ഷെയ്ക്കുണ്ട്, സൗണ്ട് പോരാ, ക്ലാരിറ്റി കുറവാണെന്നൊക്കെ .. അത്തരം കമന്റുകളാണ് എനിക്ക് കൂടുതല്‍ വന്നിരുന്നത്. ചാനലിന്റെ തുടക്ക കാലത്ത് അത്രയധികം ആള്‍ക്കാര്‍ ഒന്നും എന്റെ വീഡിയോ കണ്ട് തുടങ്ങിയിരുന്നില്ല. നമ്മുടെ നാട്ടിലൊക്കെ ഇന്റര്‍നെറ്റ് വന്ന് തുടങ്ങുന്ന സമയമായിരുന്നു. ആദ്യ രണ്ട് വര്‍ഷക്കാലം പുറത്ത് താമസിക്കുന്ന മലയാളികളാണ് എന്റെ ചാനല്‍ കണ്ടിരുന്നത്. 

എനിക്ക് അങ്ങനെ ഹെയ്റ്റ് കമന്റ്‌സുകള്‍ വരാറേയില്ല. നമ്മള്‍ പ്രേക്ഷകരുടെ മനസറിഞ്ഞ് വീഡിയോ ചെയ്താല്‍ അത്തരത്തിലുള്ള കമന്റ്‌സ് ഒന്നും വരില്ല. അതുകൊണ്ടുതന്നെ അത്തരം അവസ്ഥകളെ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്റെ പ്രേക്ഷകര്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്യാറുണ്ട്. അവരാണ് എന്റെ ശക്തി

വീട്ടുകാരുടെ പിന്തുണ

വീട്ടുകാരൊക്കെ എനിക്ക് നല്ല സപ്പോര്‍ട്ടാണ്. അതില്ലാതെ ഇങ്ങനെയൊരു ചാനല്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കില്ലല്ലോ. സത്യത്തില്‍ എന്റെ വീട്ടില്‍ മിയാ കിച്ചണ്‍ വലിയ സംസാരമാവാറില്ല. പ്രത്യേകം വല്ല കമന്റ്‌സും വന്നാല്‍ അവര്‍ എന്നോട് അതിനെ കുറിച്ച് സംസാരിക്കാറുണ്ട്. സ്‌പെഷ്യല്‍ വിഭവങ്ങള്‍ അവര്‍ക്ക് നല്‍കുമ്പോള്‍  അവര്‍ക്ക് അറിയാം പുതിയ വീഡിയോ അപലോഡ് ചെയ്തിട്ടുണ്ടെന്ന്.

ചാനല്‍ തുടങ്ങുന്ന സമയത്ത്  നാട്ടിലെ എന്റെ വീട്ടുകാര്‍ക്ക് എന്റെ ചാനലിനെ പറ്റി കാര്യമായിട്ട് അറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോ നാട്ടിലും മിയാ കിച്ചനെ കുറിച്ച് അറിഞ്ഞ് തുടങ്ങി. നാട്ടിലെ ഒരോ ആള്‍ക്കാര്‍ മിയാ കിച്ചണ്‍ കണ്ടിരുന്നുവെന്നൊക്ക എന്റെ വീട്ടില്‍ പറയും അപ്പോള്‍ അപ്പനും അമ്മയും സന്തോഷത്തോടെ എന്നെ വിളിച്ച് പറയും. അതൊക്കെ വളരെ സന്തോഷം ലഭിക്കുന്ന കാര്യങ്ങളാണ്.

പ്രായമാവുന്നവര്‍ ഒക്കെ വന്ന് കെട്ടിപിടിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണ് തോന്നുക എല്ലാവരും വരുമ്പോളും എനിക്ക് സന്തോഷം തന്നെയാണ് തോന്നുക.എന്നാലും ഈ അമ്മച്ചിമാര്‍ വന്ന് കെട്ടിപിടിച്ച് സ്‌നേഹം കാണിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷം തന്നെയാണ്

ആ നാലു ഡോളര്‍

എനിക്ക് ഇതില്‍ നിന്നൊരു വരുമാനം ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ആദ്യം നാലു ഡോളറാണ് എന്റെ അക്കൗണ്ടിലേക്ക് വന്നത് ആ നിമിഷം എനിക്കൊരിക്കലും മറക്കാന്‍ പറ്റത്താതാണ്. എനിക്ക് തോന്നുന്നു എല്ലാ യൂട്യൂബേഴ്‌സിനും അങ്ങനെ തന്നെയായിരിക്കും. ഇങ്ങനെ പൈസ വരുമെന്ന് എനിക്ക് അറിയാം പക്ഷേ എനിക്കൊക്കെ കിട്ടുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ പൈസ കിട്ടിയ ദിവസം എനിക്ക് മറക്കാന്‍ സാധിക്കില്ല. അതൊരു പ്രത്യേക സന്തോഷമാണ്.

പ്രേക്ഷരുടെ പ്രതികരണത്തെ ഞാന്‍ ബഹുമാനിക്കുന്നു

വീഡിയോ നീളം കൂടുന്നുവെന്ന് പ്രേക്ഷകര്‍ പറയാറുണ്ട്. അവരുടെ ആവശ്യം പരിഗണിക്കാന്‍ ഞാന്‍ പരമാവധി നോക്കാറുണ്ട്.പിന്നെ റെസിപ്പീസെല്ലാം ഓടിച്ച് ചെയ്യാന്‍ എനിക്ക് വലിയ താത്പര്യമില്ല. കാരണം കുക്കിങ്ങ് നന്നായി അറിയുന്നവരും ഒട്ടും അറിയാത്തവരും എന്റെ ചാനല്‍ കാണാന്‍ വരാറുണ്ട്. കുക്കിങ്ങ് അറിയാത്തവരാണ് വീഡിയോ കാണുന്നവരില്‍ കൂടുതല്‍ പേരും. വിശദമായി കൊടുത്താല്‍ മാത്രമേ അവര്‍ക്ക് മനസിലാവുകയുള്ളു. അല്ലെങ്കില്‍ അവര്‍ക്ക് കൃത്യമായി മനസിലാവില്ലല്ലോ. എന്നാലും എല്ലാവരുടെയും കമന്റുകള്‍ സ്വീകരിക്കാനായി ഞാന്‍ നോക്കാറുണ്ട്.

പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോട്

കുറെ ആള്‍ക്കാള്‍ അടിപൊളി റെസിപ്പീസെക്കെയായിട്ട് തുടങ്ങിയ ചാനല്‍ ഞാന്‍ കാണാറുണ്ട്. അവരോടൊക്കെ എനിക്കൊന്നേ പറയാനുള്ളൂ നല്ല രീതിയില്‍ നമ്മളൊരു വീഡിയോയെടുത്താല്‍ നമ്മുടെ പ്രേക്ഷകര്‍ നമ്മുടെ കൂടെ നില്‍ക്കും പ്രത്യേകിച്ച് മലയാളികള്‍. എനിക്കതാണ് അനുഭവം അതുകൊണ്ട് യാതൊരു തരത്തിലും പേടി വേണ്ട. എന്ത് ചെയ്താലും ആളുകള്‍ കുറ്റം പറയുമെന്ന ചിന്ത വെറുതെയാണ്. യൂട്യൂബില്‍ നല്ലൊരു വീഡിയോയാണ് ചെയ്യുന്നതെങ്കില്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. അതു കൊണ്ട് അത്തരം കാര്യങ്ങളൊന്നും പേടിക്കാണ്ട് മുന്നോട്ട് പൊയ്‌ക്കോളൂ.

മറ്റു യുട്യൂബേഴ്‌സ്

മറ്റു യൂട്യൂബേഴ്‌സായിട്ട് വലിയ പരിചയമില്ല. ഞാന്‍ ഇവിടെ അമേരിക്കയിലാണല്ലോ. പുതിയതായി ചാനല്‍ തുടങ്ങുന്നവര്‍ സംശയം ചോദിച്ച് വരാറുണ്ട്. അപ്പോ എന്നെക്കൊണ്ട് പറ്റുന്ന തരത്തില്‍ പറഞ്ഞ് കൊടുക്കും അത്രയൊക്കെയെ പരിചയമുള്ളു

അമേരിക്കയിലെ കോഴിവളര്‍ത്തല്‍

എനിക്ക് ഒരുപാട് ഇഷ്ടമാണ് കോഴി വളര്‍ത്തല്‍. 12 വര്‍ഷമായി ഞാന്‍ ഇവിടെ കോഴി വളര്‍ത്തല്‍ തുടങ്ങിയിട്ട്.  ഇവിടെ അങ്ങനെ കോഴി വളര്‍ത്തുന്നവര്‍ ഇല്ലെന്ന് തോന്നുന്നു. നമുക്ക് നല്ല ഫ്രഷ് കോഴി മുട്ടയൊക്കെ കിട്ടുമല്ലോ.. കോഴി വളര്‍ത്തല്‍ വീഡിയോയെല്ലാം ഞാന്‍ ചാനലില്‍ ഇട്ടിട്ടുണ്ട്. ആ വീഡിയോക്കൊക്കെ നല്ല പ്രോത്സാഹനമാണ് കിട്ടുന്നത്. ആദ്യം താമസിച്ച വീട്ടിലും ഞാന്‍ കോഴി വളര്‍ത്തിയിരുന്നു. നമ്മുടെ നാട്ടിലെ ഫീലൊക്കെ കിട്ടും. കോഴി വളര്‍ത്തല്‍ മാത്രമല്ല സമ്മറില്‍ ഞങ്ങള്‍ പച്ചക്കറി കൃഷിയും ചെയ്യാറുണ്ട് അതിന്റെയൊക്കെ വീഡിയോ ഞാന്‍ ചാനലില്‍ ഇട്ടിട്ടുണ്ട്. നല്ല പോസിറ്റീവ് കമന്റസാണ് എനിക്ക് അതിനൊക്കെ ലഭിച്ചിരിക്കുന്നത്.

ഭാവി പ്രതീക്ഷകള്‍

വളരെയധികം താത്പര്യത്തോടു കൂടിയാണ് ഞാന്‍ ചാനല്‍ മുന്നോട്ട് കൊണ്ടു പോവുന്നത്. 1500 ഓളം റെസിപ്പി ഞാന്‍ ചെയ്തിട്ടുണ്ട്. നാട്ടില്‍ പോവുമ്പോള്‍ മാത്രമേ ഞാന്‍ ബ്രേക്കെടുത്തിട്ടുള്ളു. എനിക്ക് വീഡിയോ ഇടുന്നതും അതിന് കിട്ടുന്ന റെസ്‌പോണ്‍സ് വായിക്കാനും വളരെ ഇഷ്ടമാണ്. ഒരു പ്രത്യേക തരം സന്തോഷമാണ് എനിക്കപ്പോള്‍ ലഭിക്കുന്നത്. ഒരിക്കലും ഈ ചാനല്‍ നിര്‍ത്തി പുതിയൊരു മേഖലയിലേക്ക് പോവണമെന്ന് തോന്നിയിട്ടില്ല. എന്റെ പ്രേക്ഷകര്‍ക്ക് മടുത്തുവെന്ന് തോന്നുമ്പോള്‍ മാത്രമേ അത്തരം തീരുമാനവുമായി മുന്നോട്ട് പോവും. ഇതൊക്കെ തന്നെയാണ് എന്റെ ലോകം.

Content Highlights: miya kitchen, food youtuber, food channel, youtuber, malayalam youtuber