അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ ഏറെപ്പേര്‍ ശ്വാസമടക്കിപ്പിടിച്ചുകണ്ട ഒരു മഞ്ചേരിക്കാഴ്ചയുണ്ട്. യാത്രയ്ക്കിടയില്‍ ഒരു കാര്‍ ടൗണില്‍ റോഡരികില്‍ നിര്‍ത്തുന്നു. അതില്‍നിന്ന് ശ്വാസംമുട്ടി പിടയുന്ന ഒരു കുഞ്ഞുമായി കുറച്ചുപേര്‍ പുറത്തിറങ്ങുന്നു. ആളുകള്‍ എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചുനില്‍ക്കുമ്പോള്‍ തൊട്ടടുത്ത മൊബൈല്‍ റീച്ചാര്‍ജ് കടയില്‍നിന്ന് ഒരു യുവാവ് ഓടിവന്ന് കുട്ടിയെ ഏറ്റുവാങ്ങി തലകീഴായിപ്പിടിച്ച് കുറച്ചുസമയം പുറത്തുതട്ടി. അതോടെ കുട്ടിയുടെ ശ്വാസം നേരെയാകുകയും അവര്‍ വീണ്ടും കാറില്‍ക്കയറി പോകുകയും ചെയ്യുന്നതാണ് ഈ സി.സി.ടി.വി. ദൃശ്യം.

ട്രോമാകെയര്‍ എന്ന സംവിധാനത്തിന്റെ പ്രാധാന്യത്തെ ലോകത്തിനു ബോധ്യപ്പെടുത്തിയ ഒരു വീഡിയോ കൂടിയായിരുന്നു അത്. ട്രോമാകെയര്‍ പരിശീലനംനേടിയ സലാം എന്ന യുവാവാണ് സെക്കന്‍ഡുകള്‍കൊണ്ട്  കുഞ്ഞിനുവേണ്ട പ്രാഥമികശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ചത്. 

അപകടത്തിനുമുന്നില്‍ അന്ധാളിച്ചുനില്‍ക്കാതെ രക്ഷകരാകാന്‍ ഒരു തലമുറയെ പഠിപ്പിച്ച ട്രോമാകെയര്‍ എന്ന ജനകീയ ദുരന്തനിവാരണസേന ഒരു നാടിന്റെതന്നെ വെളിച്ചമാകുകയാണ്. 

15 വര്‍ഷം കൊണ്ട് 47,800 സന്നദ്ധ ഭടന്‍മാരെ ട്രോമാകെയര്‍ പരിശീലനംനല്‍കി പുറത്തിറക്കിക്കഴിഞ്ഞു. 
അതുകൊണ്ട് നിങ്ങള്‍ക്ക് ആശ്വസിക്കാം, മലപ്പുറത്തെ തെരുവുകളില്‍ രക്ഷിക്കാനാളില്ലാതെ ജീവന്‍ പൊലിയില്ല, കയങ്ങളില്‍ കൈത്താങ്ങില്ലാതെ ശ്വാസംമുട്ടില്ല, രക്തം ലഭിക്കാതെ പ്രാണന്‍ പിടയില്ല.

ദുരന്തത്തില്‍നിന്ന് തുടക്കം 

ഒട്ടേറേപ്പേരുടെ ജീവന് കാവലാളായ ട്രോമാകെയര്‍ എന്ന സംവിധാനം തുടങ്ങുന്നത് ഒരു ദുരന്തക്കാഴ്ചയില്‍നിന്നാണ്. മഞ്ചേരി, പാണായി വളവില്‍ 2004-ല്‍ ബസും ജീപ്പും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. അന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പ്രീഡിഗ്രി വിദ്യാര്‍ഥികൂടിയായ പാണായിയിലെ കെ.പി. പ്രതീഷിന് തോന്നിയ ആശയമാണ് അപകടസമയത്തെ രക്ഷാപ്രവര്‍ത്തകസേന.

നാട്ടിന്‍പുറത്ത് ഒരു കൂട്ടായ്മ എന്നേ അന്ന് ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. കുറേ വര്‍ഷങ്ങള്‍ക്കുശേഷം പഠിത്തംകഴിഞ്ഞിറങ്ങിയ അദ്ദേഹം ആ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ശ്രമംനടത്തി. മഞ്ചേരി മെഡിക്കല്‍കോളേജിലെ ശിശുരോഗവിദഗ്ധന്‍ ഡോ. അബ്ദുള്‍ജലീല്‍, അഡ്വ. സി.എം.എ. നാസര്‍ എന്നിവരുമായി സംസാരിച്ചു. അന്നത്തെ കളക്ടര്‍ എസ്. ശിവശങ്കറിനോട് ആശയം പങ്കുവെച്ചപ്പോള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഒരു എന്‍.ജി.ഒ. ആയി ട്രോമാകെയര്‍ രജിസ്റ്റര്‍ചെയ്തു. 2005 ജനുവരി ആറിന് മഞ്ചേരിയില്‍ കളക്ടര്‍ എസ്. ശിവശങ്കറാണ് ആദ്യത്തെ ട്രോമാകെയര്‍ ഉദ്ഘാടനംചെയ്തത്. അപകടരംഗത്തെ രക്ഷാപ്രവര്‍ത്തനത്തിന് പൊതുജനങ്ങള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കുകയായിരുന്നു പ്രധാന പരിപാടി.

അപകടസ്ഥലത്തുനിന്ന് ആശുപത്രിയിലെത്തിക്കുന്നതുവരെയുള്ള പ്രക്രിയകളിലും പ്രഥമശുശ്രൂഷയിലുമെല്ലാം അതത് മേഖലയില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍തന്നെ പരിശീലനം നല്‍കി. മോട്ടോര്‍വാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശീലനം വേറേ. പരിശീലനംകഴിഞ്ഞ് നൂറുകണക്കിനുപേര്‍ പുറത്തിറങ്ങിയെങ്കിലും അവരുടെ ഒരു കൂട്ടായ്മയൊന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെപോയാല്‍ പോരെന്ന് സംഘാടകര്‍ക്ക് തോന്നിയതിനാല്‍ എട്ടുവര്‍ഷത്തിനുശേഷം ട്രോമാകെയറിന്റെ പ്രവര്‍ത്തനഘടന മാറ്റി.

പ്രകൃതിദുരന്ത നിവാരണസേന

ഒരു സംഘടിത സേനതന്നെ വേണമെന്ന ആഗ്രഹത്തെത്തുടര്‍ന്ന് അതിനായി ശ്രമം. 18-നും 35-നും ഇടയില്‍ പ്രായമുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരെ തിരഞ്ഞെടുത്ത് നെടുങ്കയത്ത് മൂന്നുദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. അഗ്‌നിരക്ഷാസേന, തീരദേശസേന, നാവികസേന, ദുരന്തനിവാരണസേന എന്നിവര്‍ പരിശീലനംനല്‍കി. അവര്‍ പുറത്തിറങ്ങിയതോടെ പ്രകൃതിദുരന്തങ്ങളില്‍ നാടിന് വലിയൊരു കൈത്താങ്ങായി. 

തീര്‍ന്നില്ല, പത്താംവര്‍ഷത്തില്‍ ട്രോമാകെയര്‍ വീണ്ടും മുഖംമിനുക്കി. പോലീസുമായി സഹകരിച്ച് പുതിയ യൂണിറ്റുകളെക്കുറിച്ച് ആശയമുയര്‍ന്നു. അന്നത്തെ എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്റ സമ്മതം മൂളിയതോടെ ട്രോമാകെയര്‍ സംവിധാനം പുതിയ വഴിത്തിരിവിലെത്തി.

മലപ്പുറത്തിനുപിറകേ പാലക്കാടും

മലപ്പുറത്തെ ട്രോമാകെയര്‍ സംവിധാനത്തെ ഇപ്പോള്‍ പാലക്കാട് രണ്ടുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. പാലക്കാട്ട് യൂണിറ്റ് തുടങ്ങാന്‍ മലപ്പുറത്തെ വൊളന്റിയര്‍മാര്‍ തന്നെയാണ് നേതൃത്വംനല്‍കിയത്. കഴിഞ്ഞയാഴ്ച അവിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് എട്ടുപേര്‍ മരിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയത് ഈ വൊളന്റിയര്‍മാരാണ്.

മലപ്പുറത്ത് ട്രോമാകെയറിന് നേതൃത്വംനല്‍കുന്നത് 15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയാണ്. മഞ്ചേരി മെഡിക്കല്‍കോളേജിലെ സര്‍ജന്‍ ഡോ. ഷാജു തോമസാണ് പ്രസിഡന്റ്. ബിസിനസുകാരനായ പാണായി സ്വദേശി കെ.പി. പ്രതീഷ് സ്ഥാപക ജനറല്‍സെക്രട്ടറിയും ജല അതോറിറ്റി ഉദ്യോഗസ്ഥനായ പി. നജീബ് കോ-ഓര്‍ഡിനേറ്ററുമാണ്. ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്‍ പി. മുഹമ്മദ് സലീമാണ് ട്രഷറര്‍. മഞ്ചേരി നഗരസഭാ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ സംഘടനയ്ക്കായി ഒരു ഓഫീസ്മുറി അനുവദിച്ചിട്ടുണ്ട്.

പോലീസിന്റെ കൂട്ടുകാര്‍, നാട്ടുകാരുടെയും

യുവാക്കളുടെ ഒരു മാതൃകാ സന്നദ്ധസംഘം തന്നെയായി ട്രോമാകെയര്‍. അതത് സ്റ്റേഷനുകള്‍ക്കുകീഴില്‍ അവര്‍ പോലീസിന് സഹായികളായി. അപകടങ്ങളില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും അവര്‍ക്ക് കൂട്ടിരിക്കാനും രക്തം നല്‍കാനും ഗതാഗതം നിയന്ത്രിക്കാനും മറ്റു ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനുമെല്ലാം സ്വന്തം കൈയില്‍നിന്ന് പണം ചെലവാക്കി ഈ യുവാക്കള്‍ ഓടിയെത്തി. പോലീസുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമായതുകൊണ്ട് ജനങ്ങളില്‍ ഇവര്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടായി. 

ഒന്നല്ല, ഒരുപാടുണ്ട് ജൈസല്‍മാര്‍

ട്രോമാകെയര്‍ ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു സന്ദര്‍ഭം പ്രളയ രക്ഷാപ്രവര്‍ത്തനമായിരുന്നു. മലപ്പുറത്തെ മാത്രമല്ല, മറ്റു ജില്ലകളിലെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ട്രോമാകെയര്‍ അംഗങ്ങളാണ് നേതൃത്വംനല്‍കിയത്. ഇക്കൂട്ടത്തില്‍ താനൂര്‍ സ്റ്റേഷന്‍ യൂണിറ്റിലെ ട്രോമാകെയര്‍ അംഗമായിരുന്നു താനൂര്‍ കടപ്പുറത്തെ ജൈസല്‍. തന്റെ ചുമല്‍ ചവിട്ടുപടിയാക്കി ഒട്ടേറേപ്പേരെ ജീവിതത്തിലേക്കുകയറ്റിയ താരം. ഇങ്ങനെ നൂറുകണക്കിനു താരങ്ങളാണ് ട്രോമാകെയറിന്റെ സമ്പത്ത്.  പ്രളയകാലത്ത്  കരുവാരക്കുണ്ടിലെല്ലാം കുറച്ചുസമയം കൊണ്ടുതന്നെ എല്ലാവരെയും ഒഴിപ്പിക്കാന്‍ കഴിഞ്ഞത് ഇവരുടെ അശ്രാന്തപരിശ്രമം കൊണ്ടാണ്. നിപ വൈറസ് ഭീതിപടര്‍ത്തിയപ്പോഴും സ്ഥലത്തെത്തി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയേകാന്‍ ധൈര്യംകാണിച്ചു. പോലീസ് ആവശ്യപ്പെടുന്നതിനനുസരിച്ച് പല ടൗണുകളിലും ഗതാഗതനിയന്ത്രണവും ഇവര്‍ ചെയ്യുന്നു. 

രക്തദാനത്തിന് വെബ്സൈറ്റ്

രക്തദാനത്തിന് സഹായകരമായി ഒരു വെബ്സൈറ്റും ട്രോമാകെയര്‍ തയ്യാറാക്കിയിട്ടുണ്ട്. www.traumacare.com എന്ന സൈറ്റില്‍ പോയാല്‍ അതാതിടങ്ങളില്‍ രക്തദാനത്തിനു തയ്യാറായവരുടെ വിവരങ്ങള്‍ ലഭിക്കും.

പരിശീലനം

പരിശീലനം നേടുന്നത് ഓരോ പോലീസ്സ്‌റ്റേഷനു കീഴിലും ചുരുങ്ങിയത് 30 പേരടങ്ങുന്ന സംഘം.
ഓട്ടോഡ്രൈവര്‍മാര്‍, ചുമട്ടുകാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പല വിഭാഗങ്ങളില്‍ നിന്നുള്ളവര്‍.
പരിശീലനം രണ്ടു ഘട്ടമായി. അതു കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ്.
 
ഒപ്പിട്ടുനല്‍കണം നിബന്ധനകള്‍

ഹെല്‍മെറ്റോ സീറ്റ്‌ബെല്‍റ്റോ ഇല്ലാതെ വാഹനം ഓടിക്കരുത്. ഓടിച്ചാല്‍ 1000 രൂപ പിഴ.
പുകവലിയും മദ്യപാനവും പാടില്ല. 
മോശമായി ആരോടും പെരുമാറരുത്. 
ക്രിമിനല്‍ കേസുകളില്‍ പെടരുത്. 

Content Highlights: 50 Years of Malappuram, Malappuram Traumacare