മഞ്ചേരി: ആനക്കയത്ത് 1963-ല്‍ ആരംഭിച്ച കശുമാവ് ഗവേഷണകേന്ദ്രം സംസ്ഥാനത്ത് ആദ്യത്തേതായിരുന്നു. 
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് കാര്‍ഷികമേഖലയില്‍ പ്രോത്സാഹനം നല്‍കുകയും ഗവേഷണം നടത്തുകയുമായിരുന്നു ലക്ഷ്യം. കൃഷിവകുപ്പിന് കീഴില്‍ തുടങ്ങിയ സ്ഥാപനം പത്തുവര്‍ഷം കഴിഞ്ഞ് കാര്‍ഷികസര്‍വകലാശാലക്ക് കീഴിലായി. ആനക്കയം-ഒന്ന്, ധാരാശ്രീ, മൃദുല, ശ്രീ എന്നിവ കേന്ദ്രം വികസിപ്പിച്ചെടുത്ത കശുമാവിനങ്ങളാണ്. ശ്രീ ഉയര്‍ന്ന പ്രതിരോധശേഷിയുള്ളതും തേയിലക്കൊതുകിനെ പ്രതിരോധിക്കുന്നതുമാണ്. 

10 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കശുമാവ് ഗവേഷണകേന്ദ്രത്തിന്റെ മുഖംമാറിയത്. മറ്റുകൃഷികളെയും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനും പരിശീലനം നല്കാനും ശ്രദ്ധകേന്ദ്രീകരിച്ചു. 

ഉത്പന്നങ്ങള്‍ക്ക് പ്രിയം കൂടിയതോടെ വരുമാനവുമുണ്ടായി. അഞ്ചുലക്ഷം രൂപയില്‍നിന്ന് കോടികളിലേക്ക് പ്രതിവര്‍ഷവരുമാനം വര്‍ധിച്ചു. മറ്റുസംസ്ഥാനങ്ങളില്‍നിന്നും കര്‍ഷകര്‍ ആനക്കയം മാതൃകപഠിക്കാന്‍ എത്തി. അത്യുത്പാദനശേഷിയുള്ള മാവ്, പ്ലാവ്, മാങ്കോസ്റ്റീന്‍, റമ്പൂട്ടാന്‍, സപ്പോട്ട, നെല്ലി, മുന്തിരി, ഫലവൃക്ഷതൈകള്‍, പൂച്ചെടികള്‍ തുടങ്ങിയവയുടെ വില്പനയും നടക്കുന്നു. ആറുവര്‍ഷം മുമ്പ് കശുമാവുഗവേഷണകേന്ദ്രമെന്ന പേരുമാറ്റി കാര്‍ഷിക ഗവേഷണകേന്ദ്രമാക്കി. കൃഷിയും ടൂറിസവും കൂടിചേര്‍ത്തുള്ള അഗ്രോടൂറിസം പദ്ധതി പൂര്‍ത്തിയായി. കുട്ടികള്‍ക്കായുള്ള വിനോദപാര്‍ക്ക് ഉദ്ഘാടനത്തിന് തയ്യാറായി.

പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക കോടതി

മഞ്ചേരി: സംസ്ഥാനത്തെ ആദ്യത്തെ എസ്.സി-എസ്.ടി. പ്രത്യേക കോടതി മഞ്ചേരിയിലാണ് ആരംഭിച്ചത്. 2013 ഫെബ്രുവരി 23-ന്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമകേസുകളില്‍ വിസ്താരനടപടികള്‍ നീണ്ടുപോയ സാഹചര്യത്തിലാണ് കോടതി വന്നത്. 

അന്നത്തെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കോടതി ആരംഭിക്കുമ്പോള്‍ 250 ഓളം തീര്‍പ്പാക്കാന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മറ്റുകോടതികളിലെ കേസുകളും എസ്.സി-എസ്.ടി. കോടതി പരിഗണിക്കുന്നു. 
കോഴിക്കോട് റോഡില്‍ വൈദ്യുതിഭവന്റെ കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കച്ചേരിപ്പടിയില്‍ കോടതി സമുച്ചയനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അവിടേക്ക് മാറും.

Content Highlights: 50 Years of Malappuram, Kerala's first sc st court and cashew research center established in malappuram