മലപ്പുറം: 634 ശാഖകള്‍, 10 റീജണല്‍ ഓഫീസുകള്‍, 88 ലക്ഷത്തിലധികം ഉപഭോക്താക്കള്‍... 2018-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവുംവലിയ ഗ്രാമീണ്‍ബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്ക്. അതിന്റെ ചരിത്രമിങ്ങനെ:

1976-ലെ റീജണല്‍ റൂറല്‍ ബാങ്ക് നിയമപ്രകാരം കേരളത്തില്‍ രൂപംകൊണ്ട രണ്ടു ഗ്രാമീണ്‍ബാങ്കുകളായിരുന്നു നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ബാങ്കും സൗത്ത് മലബാര്‍ ഗ്രാമീണ്‍ബാങ്കും. 2013-ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഒരു സംസ്ഥാനത്ത് ഒരു ഗ്രാമീണ്‍ബാങ്ക് എന്ന പദ്ധതിപ്രകാരം ലയനം നടത്തിയപ്പോള്‍ മലപ്പുറം ആസ്ഥാനമായി  കേരള ഗ്രാമീണ്‍ബാങ്ക് രൂപംകൊണ്ടു. മലപ്പുറം കളക്ടറേറ്റിനും കേന്ദ്രീയ വിദ്യാലയത്തിനും സമീപത്താണ് ആസ്ഥാനം.

ബാങ്കിന്റെ 50, 15, 35 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍, കേരളസര്‍ക്കാര്‍, സ്‌പോണ്‍സര്‍ ബാങ്കായ കനറാബാങ്ക് എന്നിവര്‍ ൈകയാളുന്നു. 2017-18 സാമ്പത്തികവര്‍ഷത്തില്‍ 308 കോടി പ്രവര്‍ത്തനാദായവും 73.5 കോടി രൂപ അറ്റാദായവും നേടി.
സെല്‍ഫി അക്കൗണ്ട് തുറക്കല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ടാബ്ലറ്റ് ബാങ്കിങ് സേവനം, ചലിക്കുന്ന എ.ടി.എം. മുതലായ സേവനങ്ങള്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. നാഗേഷ് ജി. വൈദ്യയാണ് ചെയര്‍മാന്‍.

Content Highlights: 50 Years of Malappuram, Kerala Gramin Bank