തിരൂര്‍: റെയില്‍വേ എന്ന 'നൊസ്റ്റാള്‍ജിയ' കേരളത്തിന്റെ മണ്ണിനുനല്‍കിയത് മലപ്പുറമാണ്. തിരൂര്‍ മുതല്‍ ബേപ്പൂരിനുതെക്ക് ചാലിയംവരെയായിരുന്നു കേരളത്തിലെ ആദ്യത്തെ റെയില്‍പ്പാത. 30.5 കിലോമീറ്റര്‍ ദൂരത്തില്‍ 1861-ല്‍ പാത നിലവില്‍വന്നു. തിരൂരില്‍നിന്ന് കുറ്റിപ്പുറത്തേക്ക് അതേ വര്‍ഷം മേയ് ഒന്നിനും കുറ്റിപ്പുറത്തുനിന്ന് പട്ടാമ്പിയിലേക്കും പട്ടാമ്പിയില്‍നിന്ന് പോത്തനൂര്‍ക്കും 1862-ലും തീവണ്ടികള്‍ ഓടിത്തുടങ്ങി. പിന്നീട് ഇരുഭാഗത്തേക്കും അതു നീണ്ടുനീണ്ടാണ് ഇപ്പോഴത്തെ ചെന്നൈ-മംഗലാപുരം പാത ഉണ്ടാവുന്നത്.

ഇന്ന് തിരൂരില്‍ ആദ്യറെയില്‍വേസ്റ്റേഷന്റെ ഓര്‍മകളുണര്‍ത്തുന്ന ഒന്നുമില്ലെങ്കിലും കോഴിക്കോട് ചാലിയത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കിണറും സ്റ്റേഷന്‍പരിസരവും തിരൂര്‍-ബേപ്പൂര്‍ പാതയുടെ ഓര്‍മയുണര്‍ത്തുന്നു.
മലബാറിനെ മദ്രാസുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരൂര്‍-ബേപ്പൂര്‍ റെയില്‍പ്പാതയെക്കുറിച്ച് ബ്രിട്ടീഷുകാര്‍ ആലോചിക്കുന്നത്. ചരക്കുകള്‍ സുഗമമായി കൊണ്ടുപോകാം, അത്യാവശ്യഘട്ടങ്ങളില്‍ പട്ടാളത്തെ എത്തിക്കാം തുടങ്ങി പലതും അവര്‍ മനസ്സില്‍ കണ്ടു.

1860-ലാണ് ചാലിയം മുതല്‍ തിരൂര്‍വരെ തീവണ്ടിപ്പാതയുടെ പണിതുടങ്ങുന്നത്. അതിനും എഴുപതു വര്‍ഷംമുന്‍പുതന്നെ ടിപ്പുസുല്‍ത്താന്‍ പടയോട്ടത്തിനായി ചാലിയം മുതല്‍ തിരൂര്‍ വരെ റോഡ് വെട്ടിയിരുന്നു. ഈ പാതയ്ക്കു സമാന്തരമായാണ് ആദ്യ റെയില്‍പ്പാത ബ്രിട്ടീഷുകാര്‍ നിര്‍മിക്കുന്നത്. ചെന്നൈ വഴി കപ്പലിലാണ് തീവണ്ടിയുടെ എന്‍ജിനും കോച്ചും ഉള്‍പ്പെടെയുള്ളവ എത്തിച്ചത്. പാളമൊരുക്കാനും മറ്റുമായി ഒരു വര്‍ഷമെടുത്തു.  1861 മാര്‍ച്ച്, 12-ന് തീവണ്ടി ഓടിത്തുടങ്ങി.
യാത്രക്കാര്‍ വര്‍ധിച്ചതോടെ റെയില്‍പ്പാത കോഴിക്കോട്ടേക്കു നീട്ടി. കോഴിക്കോട്ടേക്ക് റെയില്‍വേ സ്റ്റേഷന്‍ മാറ്റിയതോടെ ആദ്യത്തെ ചാലിയം സ്റ്റേഷന്‍ ഓര്‍മയായി. 

സ്റ്റേഷനും റെയില്‍പാളങ്ങളും പൊളിച്ചു കടലുണ്ടിയിലേക്കും ഫറോക്കിലേക്കും മാറ്റി. മലബാറിന്റെ സമരചരിത്രത്തില്‍ ഇടംപിടിച്ച വാഗണ്‍ ട്രാജഡി അരങ്ങേറിയത് ഈ റെയില്‍പ്പാതയിലാണ്. വാഗണ്‍ട്രാജഡിയുടെ ഓര്‍മയ്ക്കായി തിരൂരില്‍ ടൗണ്‍ഹാള്‍ സ്മാരകമാക്കിയിട്ടുണ്ട്, അത്രമാത്രം.

Content Highlights: kerala first railway line tirur to beypore