കോട്ടയ്ക്കല്‍: മുക്കാല്‍ നൂറ്റാണ്ടുമുമ്പായിരുന്നു അത്. താനൂര്‍ പരിയാപുരത്തെ കുന്നുംപുറം സ്‌കൂളില്‍ ഒരു പരിപാടിക്കെത്തിയതാണ് ബുദ്ധഭിക്ഷുവായ ധര്‍മസ്‌കന്ധ. പരിപാടിക്കിടെ, സ്‌കൂള്‍ മാനേജര്‍ നാരായണന്‍ മാസ്റ്ററോട് ധര്‍മസ്‌കന്ധ ചോദിച്ചു: 'ഇവിടെ ഞങ്ങള്‍ക്ക് ധ്യാനമിരിക്കാന്‍ പറ്റിയ വല്ല സ്ഥലവുമുണ്ടോ?'

വീടിനടുത്തുതന്നെയുള്ള ഒരു ഗുഹ നാരായണന്‍മാസ്റ്റര്‍ കാണിച്ചുകൊടുത്തു. സ്ഥലത്തിന്റെ ഉടമകളായ കുന്നേക്കാട്ട് കുടുംബം ഗുഹ നില്‍ക്കുന്ന 72 സെന്റ് ആശ്രമത്തിനായി വിട്ടുകൊടുത്തു. വശങ്ങള്‍ കെട്ടിയും ഉള്ളില്‍ ഇരിപ്പിടങ്ങള്‍ പണിതും ധര്‍മസ്‌കന്ധ ഗുഹ വൃത്തിയാക്കിയെടുത്തു. ശ്രീലങ്കയില്‍നിന്ന് കൊണ്ടുവന്ന മഹാബോധിവൃക്ഷത്തിന്റെ തൈ ഗുഹയുടെ മുന്‍ഭാഗത്ത് നട്ടു. അകത്ത് ഒരു ബുദ്ധപ്രതിമയുംവെച്ചു. അങ്ങനെ കോഴിക്കോട്ടെ മഹാബോധി ബുദ്ധാശ്രമത്തിന്റെ ശാഖയായി അത്. ധര്‍മസ്‌കന്ധയടക്കം മൂന്ന് ഭിക്ഷുക്കള്‍ അവിടെ താമസിച്ചു.അക്കാലത്ത് ശ്രീലങ്കയില്‍നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്നുമുള്ള ബുദ്ധഭിക്ഷുക്കള്‍ ഇവിടെയെത്തി.

നാരായണന്‍മാസ്റ്റര്‍ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന കാട്ടുപ്പറമ്പില്‍ നാരായണന്‍ അറിയപ്പെടുന്ന സര്‍വോദയപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹവും കൂട്ടാളികളും ധര്‍മസ്‌കന്ധയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

1940-കളില്‍ താനൂരിലെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെയെല്ലാം കേന്ദ്രമായിരുന്നു ഈ ആശ്രമമമെന്ന് നാരായണന്‍മാസ്റ്ററുടെ മകനും ബി.ജെ.പി. നേതാവുമായ കെ. ജനചന്ദ്രന്‍ പറഞ്ഞു:
'കേളപ്പജിയും കാഞ്ഞങ്ങാട്ടെ ആനന്ദതീര്‍ഥയും ശ്രീകണ്ഠപ്പൊതുവാളും ഐ.കെ. കുമാരനുമൊക്കെ ആശ്രമത്തില്‍ വന്നിട്ടുണ്ട്. പന്തിഭോജനമടക്കമുള്ള അയിത്തോച്ചാടനപരിപാടികള്‍, കോളറയ്‌ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍, പട്ടിണിക്കാര്‍ക്ക് അരിയെത്തിക്കാനുള്ള പിടിയരിപ്രസ്ഥാനം, ഭൂദാനപ്രസ്ഥാനം തുടങ്ങിയവയ്‌ക്കെല്ലാം ആശ്രമം വേദിയായി. ആശ്രമത്തില്‍ കളരിപ്പയറ്റുമുണ്ടായിരുന്നു. ഞങ്ങളുടെ അമ്മ ടി.കെ. സുശീലയുടെയും പാറുക്കുട്ടിയമ്മയുടെയും നേതൃത്വത്തില്‍ നൂല്‍നൂല്‍പ്പും തുന്നല്‍പരിശീലനവും നടന്നു, ആശ്രമം സ്ത്രീശാക്തീകരണത്തിന്റെ ഇടംകൂടിയായി....'

ജനചന്ദ്രന്റെ അനുജന്‍ സുഖദന്‍ ആശ്രമവുമായി ബന്ധപ്പെട്ട കാട്ടുപ്പറമ്പില്‍ കുടുംബത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചു: 'ശ്രീനാരായണദര്‍ശനങ്ങളും ബുദ്ധദര്‍ശനങ്ങളും ഇഷ്ടപ്പെട്ടിരുന്നു അച്ഛന്‍. ഞങ്ങള്‍ മക്കള്‍ക്കിട്ട പേരുകളിലും അത് പ്രതിഫലിച്ചു-സുനന്ദ, ഇന്ദിര, ആനന്ദന്‍, ജനചന്ദ്രന്‍, ശോഭന, സുഖദന്‍... ആനന്ദേട്ടന്റെ ചോറൂണും വിവാഹവും നടന്നത് ഈ ഗുഹയ്ക്കകത്തായിരുന്നു'
ഒരുകാലത്ത് താനൂരിന്റെ ജീവന്‍മുഴുവന്‍ തുടിച്ചുനിന്ന ഈ ബുദ്ധാശ്രമം എണ്‍പതുകളില്‍ ധര്‍മസ്‌കന്ധയുടെ മരണത്തോടെ നിശ്ചലമായി. തൊണ്ണൂറുകളില്‍ ആശ്രമം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമംനടന്നെങ്കിലും ഫലംകണ്ടില്ല. തഥാതനും അക്കിത്തവുമെല്ലാം പുനരുജ്ജീവന ശ്രമത്തില്‍ മുന്നിലുണ്ടായിരുന്നു. പത്തുസെന്റുമാത്രമാണ് ഇപ്പോള്‍ ആശ്രമത്തിന്റെ പേരിലുള്ളത്. വശങ്ങളിടിഞ്ഞ്, വാതിലുകള്‍ കേടായി ആളും ആരവവുമില്ലാതെ ഗുഹ... മുന്നിലെ ബോധിവൃക്ഷം ആരോ നശിപ്പിച്ചു. ഗുഹയ്ക്കകത്തെ ബുദ്ധപ്രതിമയുടെ തലയറുത്തു. ഈ പ്രതിമയിപ്പോള്‍ പരിയാപുരം സെന്‍ട്രല്‍ എ.യു.പി.സ്‌കൂളില്‍ സൂക്ഷിച്ചിട്ടുണ്ട്.
ആരും രക്ഷയ്‌ക്കെത്താത്ത ചരിത്രസ്മാരകമായ ഗുഹയ്ക്കകത്ത് ഇപ്പോഴുമുണ്ട് മായാതെ ആ ബുദ്ധവചനം: 

''നീതന്നെ നിന്റെ വെളിച്ചവും രക്ഷയും...''

Content Highlights: 50 Years of Malappuram, ancient budhashramam and cave in tanur malappuram