മലപ്പുറം ജില്ലയ്ക്ക് പ്രായത്തില്‍ എന്നെക്കാള്‍ ഒമ്പതുവയസ്സിളപ്പാണ്. ഞാന്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്ന സമയത്താണ് മലപ്പുറംജില്ല രൂപവത്കരിക്കപ്പെട്ടത്. അതുവരെ ഞങ്ങള്‍ പാലക്കാട് ജില്ലയിലായിരുന്നു.

അക്കാലത്ത് സ്‌കൂള്‍വിട്ട് വരുമ്പോള്‍ ചങ്ങരംകുളത്തങ്ങാടിയില്‍ 'പരപ്പനങ്ങാടി പിത്തഗുളിക' വിറ്റിരുന്ന സൂഫിയായ വൈദ്യന്‍ ചപ്ലാംകട്ട കൊട്ടി പാടിയിരുന്ന ഒരു പാട്ടുണ്ടായിരുന്നു:

'മലപോലുറച്ചതല്ലോ മലപ്പുറം ജില്ല
മരിച്ചാലും നാം മറക്കുമോ മലപ്പുറം ജില്ല'

മരിച്ചാലും മറക്കാത്തവിധത്തില്‍ മലപ്പുറം ജില്ലയുടെ മഹിതമായ മാനവിക -മതേതര സംസ്‌കാര പൈതൃകം അന്നുമുതലിന്നോളം മനസ്സില്‍ ആഴത്തില്‍ വേരോടിക്കിടക്കുന്നു.

മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകം യഥാര്‍ഥത്തില്‍ കേരളത്തിലെ മറ്റേതൊരു പ്രദേശത്തേക്കാളും സമ്പന്നമാണ്. കേരളീയ സംസ്‌കാരത്തിന് അടിത്തറപാകിയ മാനവിക നവോത്ഥാനങ്ങള്‍ക്ക് രണ്ട് വ്യത്യസ്ത ചരിത്രഘട്ടങ്ങളില്‍ നേതൃത്വംനല്‍കിയ മഹാരഥന്മാര്‍ പലരും ഇവിടെയാണ് ജനിച്ചുവളര്‍ന്നത്. ജാതി, മത വിഭാഗീയതകളും മതദ്വേഷവുമില്ലാത്ത സമൂഹം, ചൂഷണരഹിതമായ മനുഷ്യവര്‍ഗം, അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കുമാറാകുന്ന കാലം തുടങ്ങി മാനവികമായ പല കിനാവുകളും പില്‍ക്കാലത്ത് മലപ്പുറം ജില്ലയുള്‍പ്പെട്ട മണ്ണില്‍, നൂറ്റാണ്ടുകള്‍ക്കുമുമ്പെ പിറവികൊണ്ടിരുന്നു. അതിന്റെ തുടക്കം തിരൂരില്‍നിന്നായിരുന്നു. 

തുഞ്ചന്റെ അക്ഷരനവോത്ഥാനം

തിരൂരിലെ തൃക്കണ്ടിയൂരില്‍ തുഞ്ചന്‍പറമ്പെന്ന് പ്രശസ്തമായ മണ്ണിലാണ് നാലുനൂറ്റാണ്ടുമുമ്പ് മലയാള ഭാഷാപിതാവായിം നാം ആദരിക്കുന്ന തുഞ്ചത്തെഴുത്തച്ഛന്‍ ആ അക്ഷര നവോത്ഥാനത്തിന് തുടക്കംകുറിച്ചത്.

മലയാളിക്ക് തുഞ്ചന്‍പറമ്പ് സ്വന്തം ഭാഷയുടെ ജന്മഭൂമിയാണ്. 'ഋതുവായ പെണ്ണിനും ഇരപ്പനും ദാഹകനും പതിതനും അഗ്നിയജനം ചെയ്ത ഭൂസുരനും' ഒരുപോലെ സമഭാവനയോടെ ആദ്യക്ഷരം കുറിച്ചുകൊടുത്ത ഈ ഗുരുകുലമാണ് മലപ്പുറം മലയാളത്തിനു നല്‍കിയ മഹത്തായ പൈതൃകം.

Thunchan Paramb
Mathrubhumi Archives. Photo: Ajith Shankaran 

സാധാരക്കാരായ മനുഷ്യര്‍ ഈ മണ്ണില്‍ സംസാരിച്ചിരുന്ന ഭാഷയ്ക്ക് എഴുത്തച്ഛന്‍ ഒരു മതേതര മാനവസംസ്‌കാരം സൃഷ്ടിച്ചുനല്‍കി. പതിനാറാം നൂറ്റാണ്ടില്‍ ഭാഷയുടെ ഈ നവോത്ഥാനത്തിലൂടെ എല്ലാ വിഭാഗീയതകള്‍ക്കും അതീതമായ സ്വാതന്ത്ര്യമാണ് എഴുത്തച്ഛന്‍ തുറന്നിട്ടത്. കേരളീയ പൊതുജീവിതത്തിലെ ആദ്യത്തെ ജനകീയ നവോത്ഥാനമായിരുന്നു അത്. ജാതിയില്‍ താഴ്ന്നവരുടെ മക്കള്‍ക്കും മുസല്‍മാനായ മരയ്ക്കാന്റെ കുട്ടിക്കും ആചാര്യന്‍ അക്ഷരം പകര്‍ന്നുനല്‍കി. എം.ടി. വാസുദേവന്‍ നായരാണ് ഇന്ന് ആ നവോത്ഥാന തുടര്‍ച്ചയുടെ നായകന്‍.

പൂന്താനവും മേല്പുത്തൂരും

എഴുത്തച്ഛന്റെ സമകാലീനനായി മലപ്പുറം ജില്ലയിലെ കീഴാറ്റൂരില്‍ ജനിച്ചുവളര്‍ന്ന പൂന്താനവും ഈ നവോത്ഥാനത്തിന്റെ തുടര്‍ച്ചയായിരുന്നു. അതിഗഹനമെന്നു കരുതപ്പെട്ടിരുന്ന, വരേണ്യരുടെ മാത്രം കുത്തകയായിരുന്ന ഉപനിഷദ് -വേദാന്ത സാരങ്ങളെ അതീവ ലളിതമായി പച്ചമലയാളത്തിലാവിഷ്‌കരിച്ച പൂന്താനത്തിന്റെ 'ജ്ഞാനപ്പാന' നമ്മുടെ ഭാഷാബോധത്തിലും സാമൂഹികാവബോധത്തിലും ഒരു പൊളിച്ചെഴുത്തു നടത്തി.

മഹാ സംസ്‌കൃത പണ്ഡിതനും കവിയുമായിരുന്ന മേല്പുത്തൂര്‍ നാരായണഭട്ടതിരിയും അതേകാലത്ത് ജീവിച്ചിരുന്നത് ഇപ്പോള്‍ മലപ്പുറം ജില്ലയിലുള്‍പ്പെട്ട കുറുമ്പത്തൂരിലാണ്. മേല്പുത്തൂരിന്റെ ഗുരുനാഥന്മാരായിരുന്ന തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി, മാതൃദത്ത ഭട്ടതിരി തുടങ്ങിയവര്‍ സംസ്‌കൃത പണ്ഡിതന്മാരും ജ്യോതിശ്ശാസ്ത്ര ഗണിതപണ്ഡിതന്മാരുമായിരുന്നു.

poonthanam illam
പൂന്താനം ഇല്ലം. Mathrubhumi Archives. Photo: Ajith Shankaran

പതിനാലാം നൂറ്റാണ്ടുമുതല്‍ മലപ്പുറം ജില്ലയിലെ നിളാതീരദേശങ്ങളില്‍ ഗണിതശാസ്ത്രപണ്ഡിതരുടെ ഒരു മഹാപരമ്പരതന്നെ ജന്മമെടുത്തതായി കാണാം. ചമ്രവട്ടം ക്ഷേത്രവും തൃക്കണ്ടിയൂര്‍ ക്ഷേത്രവും അതിന്റെ കേന്ദ്രങ്ങളായിരുന്നു. ആര്യഭട്ടന്‍ ചമ്രവട്ടത്തുകാരനായിരുന്നു എന്ന് പല ചരിത്ര ഗവേഷകര്‍ക്കും അഭിപ്രായമുണ്ട്. 'ആര്യഭടീയ'ത്തിന് ഭാഷ്യമെഴുതിയ കേളല്ലൂര്‍ നീലകണ്ഠ സോമയാജി, 'ദൃഗ്ഗണിത' കര്‍ത്താവായ വേടശ്ശേരിയില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ തിരുനാവായക്കാരും തന്ത്രസംഗ്രഹത്തിന് 'യുക്തിഭാഷ' എന്നൊരു പച്ചമലയാള വ്യാഖ്യാനമെഴുതിയ ബ്രഹ്മദത്തന്‍ നമ്പൂതിരി, 'കരണപദ്ധതി'യുടെ ഉപജ്ഞാതാവായ പുതുമന ചോമാതിരി എന്നിവര്‍ തൃക്കണ്ടിയൂര്‍ക്കാരുമാണെന്ന് കണക്കാക്കപ്പെടുന്നു. (ആഴമേറിയ ഗവേഷണങ്ങള്‍ ഈ വിഷയത്തില്‍ ഇനിയും നടക്കേണ്ടതുണ്ട്)

മാപ്പിളപ്പാട്ടും മുസ്ലിം ദേശീയ നവോത്ഥാനവും

അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ പദകേശവും സംസ്‌കാരവും ഉപയോഗിച്ച് സാഹിത്യരചന നടത്തുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ട പലതരം ജനതകള്‍ മുഖ്യധാരാ സംസ്‌കാരത്തിന്റെ മുകള്‍ത്തട്ടിലേക്ക് കയറിവരും എന്ന സാമൂഹികജ്ഞാനംതന്നെയാവണം പില്‍ക്കാലത്ത് മാപ്പിള ഫോക്ലോറിന്റെ സംസ്‌കൃതിക്ക് ഉന്നതമായ സ്ഥാനം നേടിക്കൊടുത്ത് മഹാകവി മോയിന്‍കുട്ടി വൈദ്യരെ സൃഷ്ടിച്ചത്.

ഖ്വാജാ മോയനുദ്ദീന്‍ എന്ന പേര്‍ഷ്യന്‍ എഴുത്തുകാരന്റെ നോവലിനെ മുന്‍നിര്‍ത്തി മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച ബദറുല്‍ മുനീറിന്റെയും ഹുസ്‌നുല്‍ ജമാലിന്റെയും പ്രണയകാവ്യവും ബദര്‍ ഉഹ്ദ്, മലപ്പുറം പടപ്പാട്ടുകളും അറബിമലയാള സാഹിത്യത്തില്‍ നവോത്ഥാനത്തിന്റെ വസന്തം വിടര്‍ത്തിയ കൃതികളാണ്. ആ പാരമ്പര്യത്തില്‍ പുലിക്കോട്ടില്‍ ഹൈദര്‍, ചാക്കീരി ശുജായി എന്ന കുളങ്ങരവീട്ടില്‍ മൊയ്തു മുസ്ലിയാര്‍, മാനക്കാരകത്ത് കുഞ്ഞിക്കോയ, നല്ലളം ബീരാന്‍, പുന്നയൂര്‍ക്കുളം ബാപ്പു തുടങ്ങി ഇപ്പോഴും നമ്മുടെ കൂടെയുള്ളവരും വി.എം. കുട്ടിവരെ പ്രതിഭാധനരായ എത്രയോ മാപ്പിളപ്പാട്ട് കവികളും ഗായകരും മലപ്പുറം ജില്ലയിലുണ്ടായിട്ടുണ്ട്. ആത്മീയ-മത-വിഷയങ്ങളുമായി ബന്ധപ്പെട്ടു മാത്രമല്ല, മാങ്ങാപ്പാട്ട്, മുട്ടപ്പാട്ട്, കുപ്പിപ്പാട്ട്, നരിപ്പാട്ട്, കച്ചോടപ്പാട്ട്, മക്കാനിപ്പാട്ട്, പുലിപ്പാട്ട്, നിസ്‌കാരപ്പാട്ട്, യാത്രപ്പാട്ട്, തോണിപ്പാട്ട്, മാലപ്പാട്ട്, മൈലാഞ്ചിപ്പാട്ട് എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളെയും കൊരുത്തുകെട്ടിയ മാപ്പിളപ്പാട്ടുകള്‍ ജില്ലയില്‍ പ്രചാരത്തിലുണ്ട്. അവയെക്കുറിച്ചൊക്കെ വേണ്ടത്ര പഠനവും ഗവേഷണവും നടന്നിട്ടില്ല. (കെ.കെ. മുഹമ്മദ് അബ്ദുള്‍കരീം, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് തുടങ്ങിയ മതേതര ഭാവനയുള്ള പണ്ഡിതന്മാരെ മറക്കുന്നില്ല).

moyikutty vaidyar memorial, kondotty
മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം. Mathrubhumi Archives. Photo: K.B. Satheesh Kumar

ബ്രിട്ടീഷുകാരോട് നീതിക്കുവേണ്ടി പോരാടി രാജ്യഭ്രഷ്ടനായ മമ്പുറം തങ്ങളും ഗാന്ധിജിക്കും നൂറുവര്‍ഷംമുമ്പ് ബ്രിട്ടീഷുകാര്‍ക്കെതിരെ നികുതിനിഷേധ പ്രസ്ഥാനമാരംഭിച്ച വെളിങ്കോട് ഉമര്‍ഖാസിയും യാഥാസ്ഥിതികത്വങ്ങളെ നേരിട്ട് സമുദായത്തില്‍ ആധുനിക ചലനങ്ങള്‍ക്ക് വഴിതുറന്ന സനാവുള്ള മക്തി തങ്ങളുമൊക്കെ ഈ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്ക് പിന്നില്‍ കാണുന്ന ജില്ലയിലെ മുസ്ലിം ദേശീയ നവോത്ഥാനത്തിന്റെ നായകശക്തികളാണ്.

തിരുനാവായയിലെ പഴയ മാമാങ്കവും ചാവേര്‍പ്പടയും പോലെത്തന്നെ 1921-ലെ മലബാര്‍ കലാപവും മലപ്പുറം മനസ്സിലെ പഴയ മുറിവുകളാണ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയുമൊക്കെ വീരപുളകങ്ങളോടെ ഓര്‍ക്കുമ്പോള്‍ അടച്ചുപൂട്ടിയ വാഗണില്‍ ശ്വാസംമുട്ടി പിടഞ്ഞുമരിച്ച ഹതഭാഗ്യരെയും ഓര്‍ക്കാതെവയ്യ. (തിരൂരില്‍ വാഗണ്‍ട്രാജഡിക്ക് ഒരു സ്മാരകമുണ്ട്).

വള്ളത്തോള്‍, പൊന്നാനി കളരികള്‍

എഴുത്തച്ഛന്റെ പാരമ്പര്യത്തില്‍ വെട്ടത്തുനാട്ടില്‍പ്പിറന്ന മഹാകവി വള്ളത്തോളാണ് ദേശീയപ്രസ്ഥാനകാലത്ത് കേരളീയ നവോത്ഥാനത്തിന്റെ ശക്തിചൈതന്യമായി മലപ്പുറത്തിന്റെ ചരിത്രത്തിലുള്ള സാംസ്‌കാരിക നായകന്‍. അദ്ദേഹത്തോടൊപ്പം വള്ളത്തോള്‍ക്കളരിയിലെ പ്രബല കവികളായിരുന്ന കുറ്റിപ്പുറത്ത് കേശവന്‍ നായരും വള്ളത്തോള്‍ ഗോപാല മേനോനും കിട്ടുണ്ണി നായരുമൊക്കെ കാവ്യസാധകം ചെയ്യുന്നത് കേട്ടായിരുന്നു ഒരു കാലത്ത് വെട്ടത്തുനാട്ടില്‍ പുലര്‍കാല വെട്ടമുണര്‍ന്നിരുന്നത്.

Vallatholമലയാള സാഹിത്യ നിരൂപണ ചരിത്രത്തിലെ ഒറ്റപ്പെട്ട ഗോപുരമായ കുട്ടിക്കൃഷ്ണമാരാര്‍ വള്ളത്തോള്‍ക്കളരിയെ സാഹിത്യത്തിലെ പൊന്നാനിക്കളരിയുമായും നാലപ്പാടന്‍ കളരിയുമായും ബന്ധിപ്പിച്ചു (മലപ്പുറത്തെ തൃപ്രങ്ങോട്ടാണ് മാരാരുടെ ജന്മസ്ഥലം). ഇടശ്ശേരിയും ഉറൂബും എം. ഗോവിന്ദനും കടവനാട് കുട്ടിക്കൃഷ്ണനും അക്കിത്തവും എം.ടിയും സി. രാധാകൃഷ്ണനും എന്‍. ദാമോദരനുമൊക്കെ പങ്കാളികളായ 'പൊന്നാനിക്കളരി'യുടെ ആധുനിക സാഹിത്യസൗഹൃദം നവമാനവബോധത്തിന്റെ ചില വിശിഷ്ടദര്‍ശനങ്ങള്‍ മലയാളസാഹിത്യത്തിന് സമ്മാനിച്ചു. മനുഷ്യസ്നേഹത്തെ അടിസ്ഥാനമാക്കിക്കൊണ്ട് പൊന്നാനി മലപ്പുറം ജില്ലയ്ക്ക് പൈതൃകമായി നല്‍കിയ ഒരു സമഗ്ര സംസ്‌കാരദര്‍ശനത്തിന്റെ മാര്‍ഗദര്‍ശനരേഖയെ ഇടശ്ശേരിയുടെ നാലുവരികളില്‍ ഇങ്ങനെ സംഗ്രഹിക്കാം:

'വെളിച്ചം തൂകിടുന്നോളം
പൂജാര്‍ഹംതാനൊരാശയം
അതിരു,ണ്ടഴല്‍ ചാറുമ്പോള്‍
പൊട്ടിയാടുക താന്‍വരം.'

നന്മയെ സ്വീകരിക്കുകയും തിന്മയെ തള്ളുകയുംചെയ്യുന്ന ഈ വിവേകമാണ് മലപ്പുറത്തിന്റെ മാനിഫെസ്റ്റോ.

പൊന്നാനിക്ക് ഇസ്ലാമിക വിജ്ഞാനപൈതൃകത്തിന്റെ ഒരു പ്രശസ്ത പാരമ്പര്യവുമുണ്ട്. ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ പൊന്നാനി വലിയ ജുമാഅത്ത് പള്ളിയില്‍ സ്ഥാപിച്ച ദര്‍സ് അന്ന് മതവിജ്ഞാനത്തിന്റെ മാത്രമല്ല, ലോകത്തിലെ എല്ലാ പുതിയ വിജ്ഞാനങ്ങളുടെയും പാഠശാലയായിരുന്നു. അവിടെ പഠിച്ച പ്രശസ്തരായിരുന്നു കുഞ്ഞായന്‍ മുസ്ലിയാര്‍, വെളിയങ്കോട് ഉമര്‍ഖാസി, ഫരീദ് ഔലിയ, കുഞ്ഞിമരക്കാര്‍ (ശഹീദ്) എന്നിവര്‍. ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ രചിച്ച 'തൂഫത്തുല്‍ മുജാഹിദ്ദീന്‍' എന്ന ഗ്രന്ഥം മലബാറിലുണ്ടായ ആദ്യ ചരിത്രഗ്രന്ഥമായി കണക്കാക്കപ്പെട്ടിരുന്നു.
ഹൈന്ദവ സംസ്‌കൃതിയുടെ ഒരുന്നത സംസ്‌കാരകേന്ദ്രമായി തൃക്കാവ് ദേവീക്ഷേത്രവും നൂറ്റാണ്ടുകളായി ഈ തുറമുഖത്ത് നിലനില്‍ക്കുന്നു. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള വൈദിക പാരമ്പര്യങ്ങളുടെ മഹാകേന്ദ്രമായിരുന്ന ശുകപുരം ക്ഷേത്രം.

മിഷനറി വിദ്യാലയങ്ങള്‍ പകര്‍ന്ന വെളിച്ചം

മലപ്പുറം ജില്ലയില്‍ ആധുനിക വിദ്യാഭ്യാസത്തിന് ജനകീയാടിത്തറയിട്ടത് ക്രൈസ്തവ വിശ്വാസികളാണ്. രണ്ടു നൂറ്റാണ്ടിനുമുമ്പുതന്നെ 'ബാസല്‍ എവാഞ്ചലിസ്റ്റ്‌സ് മിഷന്‍' (ബി.ഇ.എം) പരപ്പനങ്ങാടിയിലും പൊന്നാനിയിലും ജനകീയ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. 'ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവര്‍ജ്ജയേല്‍' തുടങ്ങിയ സവര്‍ണനിയമങ്ങള്‍ നാടുവാഴുന്ന കാലത്ത് ജാതി, മത, വര്‍ണ, വര്‍ഗ, ലിംഗഭേദമേതുമില്ലാതെ എല്ലാ സാധാരണക്കാര്‍ക്കും ആധുനിക വിദ്യാഭ്യാസത്തിനവസരം നല്‍കിയത് ഈ മിഷനറി വിദ്യാലയങ്ങളാണ്. പില്‍ക്കാലത്ത് കുടിയേറ്റങ്ങളിലൂടെ ക്രൈസ്തവ വിശ്വാസസമൂഹം മലപ്പുറം ജില്ലയിലെ ജനസംഖ്യയിലും ഒരു പ്രബലശക്തിയായി. അവര്‍ സ്ഥാപിച്ച ദേവാലയങ്ങള്‍കൂടി ചേര്‍ന്നതാണ് ഇന്ന് മലപ്പുറത്തിന്റെ മതേതര മനസ്സിന്റെ മാനവികസംസ്‌കാരം.

സര്‍വോദയ സുഗന്ധം

തിരുനാവായയില്‍ ക്ഷേത്രത്തിലേക്ക് തിരിയുന്നിടത്ത് അനാഥമായൊരു ഗാന്ധിപ്രതിമ കാണാം. ആ പ്രതിമയ്ക്കരികില്‍നിന്ന് പുഴയുടെ മാറുപിളര്‍ന്ന് നീളുന്നൊരു വഴിയിലൂടെ നടന്നാല്‍ ദേശീയപ്രസ്ഥാനത്തിന്റെയും സര്‍വോദയ പ്രസ്ഥാനത്തിന്റെയും മരിക്കാത്ത സ്മാരകമായി ശാന്തികുടീരത്തിലെത്തിച്ചേരും. ഇത് 'കേരളഗാന്ധി'യെന്നു  പ്രസിദ്ധനായ കേളപ്പജിയുടെ കര്‍മഭൂമിയായിരുന്നു. ജന്മംകൊണ്ട് മലപ്പുറത്തുകാരനല്ലെങ്കിലും പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ അധ്യാപകനായി വന്ന് വളരെക്കാലം കേളപ്പജി ഇവിടെ ദേശീയപ്രസ്ഥാനത്തെ നയിച്ചു. ഗാന്ധിമാര്‍ഗത്തിന്റെ ശാന്തിവിചാരങ്ങളുമായിപ്പിറന്ന സര്‍വോദയപ്രസ്ഥാനം ഇവിടെ ശക്തിപ്പെട്ടതും കര്‍മധീരനായിരുന്ന കേളപ്പജിയുടെ കാലത്താണ്. ഭൂദാനപ്രസ്ഥാനവും അതിന്റെ ഭാഗമായിരുന്നു. തന്റെ അനേകമേക്കര്‍ ഭൂമി ഭൂദാനപ്രസ്ഥാനത്തിനു ദാനമായിനല്‍കിയ തവനൂര്‍ മനയ്ക്കല്‍ വാസുദേവന്‍ നമ്പൂതിരിയെയും അതോടൊപ്പം ഓര്‍ക്കാതെവയ്യ. 

തദ്ദേശീയമായ ഉണര്‍വിന്റെ രക്തസാക്ഷിയായിരുന്നു പറയരിക്കല്‍ കൃഷ്ണപ്പണിക്കര്‍. സ്വാതന്ത്ര്യസമരത്തിലേക്കെടുത്തുചാടിയ ആ ചെറുപ്പക്കാരന്‍ കറയറ്റ ദേശസ്നേഹത്തിനു പ്രതിഫലമായിക്കിട്ടിയ ക്രൂരപീഡനങ്ങളെത്തുടര്‍ന്ന് 1935-ല്‍ ക്ഷയം പിടിച്ചുമരിച്ചു. കേളപ്പജി ഊതിക്കത്തിച്ച ദേശീയബോധത്തിന്റെ അഗ്നിയുമായി കെ.വി. നൂറുദ്ദീന്‍ സാഹിബ്, ത്രേസ്യാടീച്ചര്‍, സി. ചോയുണ്ണി, ബാലകൃഷ്ണ മേനോന്‍, കുഞ്ഞിക്കണ്ണന്‍ നായര്‍ തുടങ്ങി ധാരാളം പേര്‍ ഇവിടെ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു.

ദീര്‍ഘകാലം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനൊപ്പം കോഴിക്കോട്ടാണ് പ്രവര്‍ത്തിച്ചതെങ്കിലും ഇ. മൊയ്തു മൗലവിയുടെ ജന്മദേശം മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിലായിരുന്നു. മൊയ്തുമൗലവിയുടെ മകനായിരുന്നു പ്രശസ്ത എഴുത്തുകാരനായ എം. റഷീദ്. കേളപ്പജിയെപ്പോലെത്തന്നെ ഒറ്റയ്ക്കൊരു ദേശീയ സ്വാതന്ത്ര്യസമരചരിത്രമായിരുന്ന കെ. മാധവന്‍ നായര്‍, സമരചരിത്രങ്ങളുടെ തലമുറകളെ കൂട്ടിയിണക്കിയ എം.പി. നാരായണമേനോന്‍, കെ.പി.സി.സി. പ്രസിഡന്റായിരുന്ന കെ.പി. മൊയ്തീന്‍കുട്ടി സാഹിബ്, എന്‍.പി. ദാമോദരന്‍ എന്നിങ്ങനെ എത്രയോ ദേശീയനായകരെ ആ പാരമ്പര്യത്തില്‍ മലപ്പുറത്തിനു സ്മരിക്കാനുണ്ട്.
കേരളം ഇന്നും വേണ്ടവിധത്തില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത വിപ്ലവകാരിയും ദാര്‍ശനികനും എഴുത്തുകാരനുമായ കെ. ദാമോദരന്‍, മലപ്പുറം ജില്ലയിലെ മതേതര -ജനാധിപത്യ -കമ്യൂണിസ്റ്റ് മുന്നേറ്റത്തിനു വിത്തുപാകിയ ചരിത്രപുരുഷന്മാരിലൊരാളാണ്. തിരൂരാണ് ജന്മസ്ഥലം.  കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരനാണ്. ദാമോദരനാണ് 'പാട്ടബാക്കി' എന്ന, ഒറ്റയ്ക്കൊരു വിമോചനചരിത്രമായ നാടകമെഴുതിയത്.

കെ. ദാമോദരനും പ്രേംജിയുമൊക്കെ നയിച്ച, 1939-ലെ പൊന്നാനിയിലെ ബീഡിതെറുപ്പു തൊഴിലാളികളുടെ സമരം മലപ്പുറം ജില്ലയെ ചുവപ്പിക്കാന്‍ വിത്തിട്ട  വലിയ സമരങ്ങളിലൊന്നായിരുന്നു. മതവും പ്രഭുത്വവും അവയുടെ എല്ലാവിധ പ്രതിലോമസ്വഭാവത്തോടും കൂടി എതിര്‍ത്തിട്ടും അതിനെയെല്ലാം തൃണവല്‍ഗണിച്ച് മുസ്ലിം സ്ത്രീകള്‍വരെ അന്നിവിടെ സമരരംഗത്തിറങ്ങി. കൊളാടി ബാലകൃഷ്ണന്‍ (ഉണ്ണി), ഇ.കെ. ഇമ്പിച്ചിബാവ, കൊളാടി ഗോവിന്ദന്‍കുട്ടി, പി.പി. ബീരാന്‍കുട്ടി, കോയക്കുട്ടി നഹ, ഇ.യു.ജി. മേനോന്‍ തുടങ്ങിയ ധാരാളം  ചെറുപ്പക്കാര്‍ അന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്കുവന്നത് ഈ സമരം പഠിപ്പിച്ച മനുഷ്യസ്നേഹത്തിന്റെ പാഠവുമായാണ്. 

കലയുടെ കൈവഴികള്‍

ഈ നവോത്ഥാനത്തോടൊപ്പം ചേര്‍ക്കേണ്ടതാണ് മലപ്പുറത്തിന്റെ നാടക -കലാസമിതി പ്രസ്ഥാനചരിത്രം. വി.ടി.യുടെയും എം.ആര്‍.ബിയുടെയും പ്രേംജിയുടെയും നവോഥാന നാടകാവതരണങ്ങള്‍ക്കൊപ്പം മലപ്പുറത്ത് സാമൂഹികപ്രതിബദ്ധമായ ഒരു കേന്ദ്രകലാസമിതി പ്രസ്ഥാനമുണ്ടായി. ഇടശ്ശേരിയും അക്കിത്തവും എന്‍. ദാമോദരനും കാട്ടുമാടവും പി.കെ.എ. റഹീമുമായിരുന്നു ഭാരവാഹികള്‍.

കെ. ദാമോദരന്റെ 'പാട്ടബാക്കി', ഇടശ്ശേരിയുടെ 'കൂട്ടുകൃഷി', ചെറുകാടിന്റെ 'നമ്മളൊന്ന്', ഇ.കെ. അയമുവിന്റെ 'ജ്ജ് നല്ല മന്‌സ്‌നാവാന്‍ നോക്ക് ', കേശവ്ജിയുടെ 'ഞങ്ങളും മനുഷ്യരന്യാ', കാട്ടുമാടം നാരായണന്റെ 'ശുദ്ധാത്മാക്കള്‍', പി.കെ. മുഹമ്മദ് കുഞ്ഞിയുടെ 'മ്മീം മോളും', എ.എ. മലയാളിയുടെ 'ഇബ്ലീസിന്റെ മക്കള്‍' തുടങ്ങിയവ അരങ്ങില്‍ വിപ്ലവമുണ്ടാക്കിയ അക്കാലത്തെ ചരിത്രപ്രസിദ്ധങ്ങളായ മലപ്പുറം നാടകങ്ങളാണ്. യാഥാസ്ഥിതികമായ എല്ലാ വിലക്കുകളെയും അതിലംഘിച്ച് നിലമ്പൂര്‍ യുവജനസംഘത്തിലൂടെ നിലമ്പൂര്‍ ആയിഷ അരങ്ങിലെ പടനായികയാവുന്നത് ആ നാടകചരിത്രത്തിലാണ്. നിലമ്പൂര്‍ ബാലനും ഡോ. ഉസ്മാനും കെ.ടി. മുഹമ്മദുമെല്ലാം മലപ്പുറം ജില്ലയിലെ അന്നത്തെ കലാസമിതി പ്രസ്ഥാനത്തിന്റെ സംഭാവനകളാണ്. (മലപ്പുറത്താണ് കെ.ടി. മുഹമ്മദിന്റെ ജന്മസ്ഥലം).

വി.ടി.യുടെ സാമൂഹികനവോത്ഥാന പ്രക്രിയയില്‍ത്തുടങ്ങി, ഏലംകുളം എന്ന മലപ്പുറം കുഗ്രാമത്തില്‍നിന്ന് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി വളര്‍ന്ന ഇ.എം.എസ്, ലോകത്തിനു മലപ്പുറം നല്‍കിയ മഹാപുരുഷന്മാരിലൊരാളാണ്. വിശ്വകമ്മ്യൂണിസ്റ്റ് വിശകലനശാസ്ത്രങ്ങളില്‍ മാര്‍ക്സിസം, ലെനിനിസം, മാവോയിസം എന്നിവയൊക്കെ കണക്കാക്കപ്പെടുന്നതുപോലെ 'ഇ.എം.എസ്സിസം' എന്ന ഒരു മൗലിക കമ്മ്യൂണിസ്റ്റ് വിശകലന ശാസ്ത്രസമീപനവും ഉണ്ട്. 

മലപ്പുറത്തിന്റെ പിറവി

മലപ്പുറംജില്ലയുടെ സൃഷ്ടിക്കു മുന്‍കൈയെടുത്തതും ഇ.എം.എസ്സായിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്തും മലബാര്‍ വാര്‍ നൈഫ്‌സ് ആക്ട്, മാപ്പിള ഔട്ട്‌റേജസ് ആക്ട് തുടങ്ങിയ കരിനിയമങ്ങള്‍ക്കിരകളായിരുന്ന മലപ്പുറത്തെ മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ ഒരു സംരക്ഷണം നല്‍കുക എന്ന പ്രത്യേകപരിഗണന അതിലുണ്ടായിരുന്നു.

emsഅക്കാര്യത്തില്‍ വിഭജനാനന്തര കാലത്ത് മതേതര -ജനാധിപത്യപക്ഷത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ ഉറപ്പിച്ചുനിര്‍ത്തിയ മലപ്പുറത്തിന്റെ ലീഗ്  നേതൃനിരയ്ക്കും അവരുടെ മതേതര ഭാവനയ്ക്കും വലിയ പങ്കുണ്ടായിരുന്നു. 1948-ല്‍ മുസ്ലിംലീഗില്‍ നിന്നു രാജിവെക്കുകയോ താന്‍ നേതൃത്വംവഹിക്കുന്ന കമ്മിറ്റി പിരിച്ചുവിടുകയോ ചെയ്യാത്തതിന്റെ പേരിലാണ് പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ ജയിലിലായത്. ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാട്ടം നയിച്ചതിന് മരണപര്യന്തം തടവുശിക്ഷയുമായി നാടുകടത്തപ്പെട്ട സയ്യിദ് ഹുസ്സൈന്‍ ആറ്റക്കോയ തങ്ങളുടെ പൗത്രന് അത് സാധ്യമാകുമായിരുന്നില്ല. അങ്ങനെ മലപ്പുറത്ത് മതേതര -ജനാധിപത്യരംഗത്ത് നിലനിര്‍ത്തിക്കൊണ്ട് മുസ്ലിംലീഗിനെ നയിച്ച സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും സീതിസാഹിബും സി.എച്ച്. മുഹമ്മദ്‌കോയയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും മലപ്പുറത്തിന്റെ മതേതരമനസ്സിനു മറക്കാനാവാത്തവരാണ് (സി.എച്ചും സീതിസാഹിബുമൊന്നും മലപ്പുറത്തുകാരല്ലെങ്കില്‍പ്പോലും).

ആഴ്വാഞ്ചേരി തമ്പ്രാക്കളും പാണക്കാട്ട് തങ്ങന്മാരും മലപ്പുറം ജില്ലയില്‍ പരിപാലിച്ചത് മതങ്ങളെ നിഷേധിക്കാതെത്തന്നെ മതേതര മനുഷ്യപക്ഷത്തു നിലനില്‍ക്കാന്‍ കഴിയുന്ന ആത്മീയ നേതൃത്വത്തെയാണ്. 

കോട്ടയ്ക്കലിന്റെ ഖ്യാതി

മലപ്പുറംജില്ലയിലെ കോട്ടയ്ക്കല്‍ പണ്ടേ മതേതര സാംസ്‌കാരികാതിഥ്യത്തിന്റെ സവിശേഷകേന്ദ്രമായിരുന്നു. പി.എസ്. വാരിയര്‍ ആര്യവൈദ്യന്‍ മാത്രമായിരുന്നില്ല, നാടകകൃത്തും പി.എസ്.വി. നാട്യസംഘത്തിന്റെ സ്ഥാപകനും കൂടിയായിരുന്നു. 

1921-ലെ കലാപകാലത്ത് ബ്രിട്ടീഷ്പട്ടാളം പുരുഷന്മാരെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയതിനെത്തുടര്‍ന്ന് അനാഥരായ മുസ്ലിം കുടുംബങ്ങള്‍ക്കു മുഴുവന്‍ അഭയവും സംരക്ഷണവും നല്‍കിയ പി.എസ്. വാരിയര്‍ മലപ്പുറത്തിന്റെ മഹത്തായ മതേതര പാരമ്പര്യത്തിന് മാതൃക ആധുനികകാലത്തും സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍ കവികുലഗുരു പി.വി. കൃഷ്ണ വാരിയര്‍ നടത്തിയിരുന്ന 'കവനകൗമുദി' അക്കാലത്തെ പ്രശസ്തമായ സാംസ്‌കാരിക പത്രികയായിരുന്നു.

kottakkal aryavaidyashala
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല. Mathrubhumi Archives. Photo: K. Aboobacker

ഈ സാംസ്‌കാരിക കേന്ദ്രത്തിന്റെ അതിഥിയായി കോട്ടയ്ക്കലിലെത്തിയ കാലത്താണ് സാക്ഷാല്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 'മഹാഭാരതം' ഇവിടെ വെച്ച് തര്‍ജ്ജമ ചെയ്യാനിടയായത്. കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ താമസിച്ച് ഭാരതപരിഭാഷ നിര്‍വഹിച്ച മുറി ഇപ്പോഴും 'ഭാരതം മുറി' എന്ന പേരില്‍ ഇവിടെ സംരക്ഷിക്കപ്പെട്ടു പോരുന്നുണ്ട്. 
ഡോ. പി.കെ. വാരിയര്‍ ഇന്ന് ആ മഹിതപൈതൃകം കാത്തുപരിപാലിക്കുന്നു. കുരിശും ചന്ദ്രക്കലയും ഓങ്കാരവും ഒരുമിച്ചടയാളപ്പെടുത്തിയ കൈലാസമന്ദിരവും വിശ്വംഭരക്ഷേത്രവും ആ മലപ്പുറം പാരമ്പര്യത്തിന്റെ പ്രതീകമായി ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.

കോട്ടയ്ക്കലിനടുത്താണ് മലയാളത്തിലെ കാല്പനിക പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനായി അറിയപ്പെടുന്ന മഹാകവി വി.സി. ബാലകൃഷ്ണപ്പണിക്കര്‍ ജനിച്ച ഊരകം, വാചസ്പതി ടി.സി. പരമേശ്വരന്‍ മൂസ്സത് എന്ന പ്രഗല്ഭ വ്യാകരണ പണ്ഡിതന്‍ (അമരം പാരമേശ്വരി-അമരകോശ വ്യാഖ്യാനം) ജനിച്ചത് കോട്ടയ്ക്കലിനടുത്ത് പൊന്മളയിലും.

പ്രശസ്തനായ കഥാകാരന്‍ നന്തനാര്‍ ജനിച്ചത് മലപ്പുറംജില്ലയിലെ അങ്ങാടിപ്പുറത്താണ്. കഥകളിയിലെ വിസ്മയമായിരുന്ന പ്രഗല്ഭ നടന്‍ വാഴേങ്കട കുഞ്ചുനായരുടെ ജന്മസ്ഥലം മലപ്പുറം ജില്ലയില്‍ തൂതപ്പുഴക്കിക്കരെ വാഴേങ്കട ഗ്രാമത്തിലാണ്. പ്രശസ്ത എഴുത്തുകാരായ ഒ. ചന്തുമേനോനും  എന്‍.പി. മുഹമ്മദും മലപ്പുറത്തെ പരപ്പനങ്ങാടിയുമായി അഭേദ്യമായി ബന്ധമുള്ളവരാണ്. 

മലപ്പുറം ജില്ലയിലുള്‍പ്പെട്ട വെളിയങ്കോട്ടാണ് വിശ്വപ്രസിദ്ധനായ ചിത്രകാരന്‍ കെ.സി.എസ്സ്. പണിക്കര്‍ പിറന്നത്. മദിരാശിയിലെ സ്‌കൂള്‍ ഓഫ് ഫൈനാര്‍ട്ട്‌സിന്റെ സ്ഥാപക മേധാവിയും പ്രോഗ്രസ്സിവ് ആര്‍ട്ടിസ്റ്റ്‌സ് മൂവ്‌മെന്റിന്റെ നേതാവുമായിരുന്ന കെ.സി.എസ്സാണ് താന്ത്രിക കലയിലധിഷ്ഠിതമായ നമ്മുടെ ചിത്രകലാ പാരമ്പര്യത്തിന് ലോകോത്തരമായ ആധുനികമുഖം സൃഷ്ടിച്ചുനല്‍കിയത്.

'രേഖാചിത്രങ്ങളുടെ തമ്പുരാന്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും വിശ്വപ്രശസ്ത ചിത്രകാരി ടി.കെ. പദ്മിനിയു(എടപ്പാള്‍)മടക്കം സമ്പന്നമായ ചിത്രകലാ പാരമ്പര്യവും മലപ്പുറത്തിനുണ്ട്.

പിന്നെയും പിന്നെയും പേരെടുത്തു പറഞ്ഞാല്‍ത്തീരാത്ത എത്രയെത്രയോ കലാകാരന്മാരും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും നവോത്ഥാന സന്ദേശവാഹകരും മലപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലുണ്ട്. 

അപാരമായ മനുഷ്യസ്നേഹമാണ് മലപ്പുറം സാംസ്‌കാരത്തിന്റെ അടിസ്ഥാനധാര. പുറത്തുള്ളവര്‍ തെറ്റായി മനസ്സിലാക്കിയതുപോലെ, മലപ്പുറം ഒരുകാലത്തും അപരിഷ്‌കൃത പ്രദേശമായിരുന്നില്ല. നിഷ്‌കളങ്കമായ സ്നേഹവും തുറന്ന മനസ്സും ഉദാരമായ ആതിഥ്യവും കലവറയില്ലാത്ത കാരുണ്യവുമാണ് മലപ്പുറം.

ഒരിക്കല്‍ ഈ മണ്ണിനെ അറിഞ്ഞവരാരും ഒരിക്കലും ഇവിടംവിട്ട് പോവാനാഗ്രഹിക്കുകയില്ല.

 

Content Highlights: 50 Years of Malappuram, Alamkode Leelakrishnan Writes About Malappuram