പുലാമന്തോൾ: അവശനായി തെരുവിൽകഴിഞ്ഞ വയോധികന് സാന്ത്വനവുമായി കൊളത്തൂർ പോലീസ്. കുരുവമ്പലം വില്ലേജ്പടിയിൽ കടത്തിണ്ണയിൽ കിടന്നിരുന്ന കുറുപ്പത്ത് പരമേശ്വരനെ(60)യാണ് കൊളത്തൂർ എസ്.ഐ. റെജിമോന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചത്.

നോക്കാൻ ആരുമില്ലാതിരുന്ന പരമേശ്വരൻ ആക്രിസാധനങ്ങൾ പെറുക്കിവിറ്റാണ് ജീവിച്ചിരുന്നത്. എന്നാൽ അസുഖബാധിതനായി ശരീരമാകെ നീരുവെച്ച് എഴുന്നേറ്റുനിൽക്കാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നു. കടത്തിണ്ണയിൽ അവശനായി കിടക്കുന്നതായി പോലീസ് സ്‌റ്റേഷനിൽ വിവരം ലഭിച്ചതോടെ ബുധനാഴ്ച ഉച്ചയോടെയാണ് എസ്.ഐ.യുടെ നേതൃത്വത്തിൽ പോലീസെത്തിയത്. എഴുന്നേൽക്കാൻ വയ്യാതെയും ശരീരമാകെ വൃത്തിഹീനവുമായ നിലയിലായിരുന്നു. എസ്.ഐ.യുടെ നേതൃത്വത്തിൽ വെള്ളം കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി. ആംബുലൻസ് വരുത്തിച്ച് പരമേശ്വരനെ ബന്ധുവിനൊപ്പം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മുൻപ് ചുമട്ടുതൊഴിലാളിയായിരുന്ന ഇദ്ദേഹം ബന്ധുവീടുകളിലേക്കൊന്നും പോകാതെ തെരുവിൽ കഴിയുകയായിരുന്നു. സി.പി.ഒ. സജി മൈക്കിൾ, ഹോംഗാർഡുമാരായ സുനിൽ, ജാഫർ എന്നിവരും എസ്.ഐ.യ്‌ക്കൊപ്പമുണ്ടായിരുന്നു.