പെരിന്തൽമണ്ണ: വിവാഹച്ചടങ്ങ് നടക്കുന്ന ഓഡിറ്റോറിയത്തിൽ സ്ത്രീവേഷം ധരിച്ചെത്തിയ യുവാവിന് ആൾക്കൂട്ട മർദനമേറ്റതായി പരാതി. എടത്തനാട്ടുകര ചീരട്ടക്കുളത്ത് തോരക്കാട്ടിൽ ഷഫീഖ്(29) ആണ് മർദനമേറ്റതായി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. യുവാവ് ആര്യമ്പാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരേ കേസെടുത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പെരിന്തൽമണ്ണക്കടുത്ത് കുന്നപ്പള്ളിയിലെ ഓഡിറ്റോറിയത്തിലാണ് സംഭവം. സ്ത്രീവേഷം ധരിച്ചെത്തിയ യുവാവിനെ തിരിച്ചറിഞ്ഞ ആളുകൾ പിടികൂടി ചോദ്യംചെയ്യുകയും മർദിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പെരിന്തൽമണ്ണ പോലീസിന് യുവാവിനെ കൈമാറി. അതേസമയം തന്നെ ആറ് യുവാക്കൾ ചേർന്ന് നിർബന്ധിച്ച് സ്ത്രീവേഷം അണിയിക്കുകയായിരുന്നൂവെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു.

ചെറുകര എസ്.എൻ.ഡി.പി. കോളേജിൽ ജോലി അന്വേഷിച്ച് പോകുന്നതിനിടെ ഓഡിറ്റോറിയത്തിന് സമീപത്ത് വാഹനക്കുരുക്കുണ്ടായതിനാൽ ചായ കുടിക്കാനാണ് ബൈക്ക് നിർത്തിയത്. വിവാഹമോചിതയായ തന്റെ ഭാര്യയുടെ വസ്ത്രം പെരിന്തൽമണ്ണയിലെ ഡ്രസ് ബാങ്കിൽ കൊടുക്കാൻ മാതാവ് ബാഗിൽ വെച്ചതായിരുന്നു. ഈ ബാഗ് നിർബന്ധിച്ച് തുറപ്പിച്ച് വേഷം അണിയിച്ച് ഓഡിറ്റോറിയത്തിന്റെ മുറ്റംവരെ കൊണ്ടുപോയി. വാഹനത്തിന്റെ താക്കോലും ലുണ്ടായിരുന്ന പണവും മൊബൈൽഫോണും വാങ്ങിവെച്ചാണ് സംഘം ഭീഷണിപ്പെടുത്തിയത്.

മണ്ഡപത്തിലെ സ്ത്രീകളിലൊരാളിൽനിന്ന് മുഖംമറക്കുന്ന കറുത്ത തുണി വാങ്ങി മുഖത്ത് കെട്ടിച്ച് പത്തുമിനിറ്റോളം നിർത്തിച്ചു. വിവാഹത്തിനെത്തിയ ചിലർ ഇതിനിടെ മർദിച്ചു. മർദനദൃശ്യങ്ങൾ സി.സി.ടി.വി. കാമറയിലുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ തടഞ്ഞുനിർത്തി മർദിച്ചതിനുള്ള വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിലേ മർദിച്ചവരെ കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.