തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വനിതാ ഹോസ്റ്റലിലെ പ്രഭാതഭക്ഷണത്തിൽ പുഴു. ഞായറാഴ്ച രാവിലെ നൽകിയ ദോശയിൽ നിന്നാണ് വിദ്യാർഥിനികൾക്ക് പുഴുവിനെ കിട്ടിയത്.

പഠനവകുപ്പ് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ രണ്ട് മെസ്സ് അടുക്കളകളിൽ വിദ്യാർഥികൾ മിന്നൽപരിശോധന നടത്തി. പഴകിയ ധാന്യങ്ങളും വൃത്തിഹീനമായ സാഹചര്യങ്ങളും കണ്ടെത്തിയതായി ഇവർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ ധർണ നടത്തി. ഭക്ഷണം പാകം ചെയ്തവരെ താത്കാലികമായി മാറ്റിനിർത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ, വാർഡൻ എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ടാണ് തീരുമാനം. നേരത്തേയും സമാന സംഭവങ്ങളുണ്ടായിരുന്നു.

തിങ്കളാഴ്ച അധികൃതരുമായി ചർച്ചചെയ്ത് ശാശ്വത പരിഹാരത്തിന് ആവശ്യപ്പെടുമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിനറങ്ങുമെന്നും എസ്.എഫ്.ഐ. നേതാക്കൾ അറിയിച്ചു. പ്രതിഷേധത്തിന് ആതിര, അശ്വനി, സന, അഞ്ജു എന്നിവർ നേതൃത്വം നൽകി.

Content Highlights: worm found in food at calicut university hostel mess, students protest