കോട്ടയ്ക്കൽ: പാതയോരത്ത് മാലിന്യം തള്ളുന്നത് നാളുകളായി തുടർന്നി‌ട്ടും നടപടിയെടുക്കാതെ നഗരസഭ. പറമ്പിലങ്ങാടിയിൽനിന്ന് കോട്ടപ്പടി-കുർബാനി റോഡിലേക്കുള്ള ലിങ്ക് റോഡിലെ മാലിന്യമാണ് വഴിയാത്രക്കാർക്ക് ദുരിതമാകുന്നത്.

രാജാസ് സ്‌കൂൾ വളപ്പിനോടുചേർന്നുള്ള ഭാഗം കോഴിമാലിന്യങ്ങളും ബാർബർഷോപ്പുകളിൽനിന്നുള്ള അവശിഷ്ടങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരാഴ്ച മുമ്പ് മാത്രമാണ് മഴക്കാലപൂർവ ശുചീകരണം കൊട്ടിഘോഷിച്ച് നടത്തിയത്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും ഉൾപ്പെടെ ഇവിടെ തള്ളുന്നു.

വർഷത്തിൽ ഒരുദിവസംപോലും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാറില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ പാതവിജനമാകുന്നതാണ് സമൂഹവിരുദ്ധർക്ക് മാലിന്യം തള്ളാനുള്ള അവസരമൊരുക്കുന്നത്. കോഴിമാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നതിനാൽ തെരുവുനായ്ക്കളുടെ ശല്യവും ഉണ്ട്.

വിദ്യാർഥികളടക്കമുള്ളവർക്ക് ഇതുവഴി നടക്കാനാവാത്ത സ്ഥിതിയാണ്. മഴയെത്തുന്നതോടെ പകർച്ചവ്യാധികൾ പടർന്നുപിടിയ്ക്കാനുള്ള സാധ്യതയേറെയാണ്.

നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച ഹരിത കർമസേന ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.