വണ്ടൂർ: ഒരിക്കലും തിരിച്ചു കിട്ടില്ലെന്നുറപ്പിച്ച മൊബൈൽ ഫോൺ വണ്ടൂർ പോലീസ്‌േസ്റ്റഷനിൽനിന്ന് കൈപ്പറ്റുമ്പോൾ കർണാടകയിലെ തുംകൂർ സ്വദേശിയായ കോളേജ് അധ്യാപകൻ സോമശേഖരൻ മനസ്സറിഞ്ഞ് നന്ദി പറയുന്നുണ്ടായിരുന്നു കേരള പോലീസിന്. ഒന്നല്ല ഒരുപാട് തവണ.

കഴിഞ്ഞ വർഷം സെപ്റ്റംബർ 12-ന് തുംകൂറിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ റെഡ്മി നോട്ട്- 5 മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്. വാങ്ങി ദിവസങ്ങൾക്കകം ഫോൺ പോയതോടെ പ്രയാസത്തിലായ ഇദ്ദേഹം അപ്പോൾതന്നെ കുനിഗൽ പോലീസ്‌േസ്റ്റഷനിൽ ഐ.എം.ഇ.ഐ. നമ്പറടക്കം പരാതി നല്കി.

മാസങ്ങൾക്കുശേഷം ഫോൺ കേരളത്തിൽ ആക്ടീവായതായി പോലീസ് അറിയിച്ചു. സൈബർസെൽ അന്വേഷണത്തിൽ മലപ്പുറം വണ്ടൂർ അയനിക്കോടുള്ളയാളുടെ പേരിലുള്ള സിംകാർഡാണ് ഫോണിൽ ഉപയോഗിച്ചതെന്നും കണ്ടെത്തി. ഇതോടെ സോമശേഖരൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. എസ്.പിയുടെ നിർദ്ദേശ പ്രകാരം വണ്ടൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശിയായ തൊഴിലാളിയാണ് ഈ ഫോണുപയോഗിക്കുന്നതെന്നും നാട്ടിൽപോയ സമയത്ത് ഫോൺ ഇയാൾ സഹോദരന്‌ നല്കിയതായും മനസ്സിലാക്കി.

അസമിൽനിന്ന് ഫോൺ വരുത്തിയാണ് ശനിയാഴ്ച സോമശേഖരനു കൈമാറിയത്. അസം സ്വദേശി വളാഞ്ചേരിയിലെ മൊബൈൽഷോപ്പിൽനിന്നാണ് ഇതു വാങ്ങിയതെന്നും കടയുടമ ബെംഗളൂരുവിൽനിന്ന്കൊണ്ടു വന്നതാണിതെന്നും പോലീസ് പറഞ്ഞു.

ദേശാന്തരങ്ങൾ താണ്ടിയ മൊബൈൽഫോൺ തന്റെ കൈകളിലെത്തിയത് കേരള പോലീസിന്റെ ആത്മാർഥതയും സത്യസന്ധതയും മൂലമാണെന്ന് കാണിച്ച് സോമശേഖരൻ ജില്ലാ പോലീസ് സൂപ്രണ്ടിനയച്ച നന്ദിക്കുറിപ്പ് ഇതിനകം വൈറലായി..