വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിൽ മണ്ഡലകാല ഉത്സവം തുടങ്ങി. എല്ലാദിവസവും ആറിന് പ്രത്യേക പൂജയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.
കഴിഞ്ഞദിവസം കലോത്സവവിജയി അഞ്ജു ഹരിദാസ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ, ആതിര, അനഘ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം, തൃത്താല ശ്രീനി മാരാരും സംഘവും അവതരിപ്പിച്ച സോപാനസംഗീതം, കേളി എന്നിവ നടന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ എല്ലാദിവസവും നിറമാല, പുഷ്പാഞ്ജലി, നിവേദ്യം, അഭിഷേകം, ചുറ്റുവിളക്ക്, ചെണ്ടമേളം, കതിന വെടി, കോമരത്തിന്റെ വെളിച്ചപ്പാട്, അരിയേറ്, അപ്പവിതരണം എന്നിവയുണ്ടാകും.
ഡിസംബർ 26-നാണ് സമാപനം. ദേശത്തുള്ള വ്യത്യസ്ത കുടുംബങ്ങളാണ് ഓരോ ദിവസത്തെയും ആഘോഷത്തിന്റെ ചെലവ് വഹിക്കുക. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് എളമ്പിലക്കാട്ട് ആനന്ദ് നമ്പൂതിരി, രാമചന്ദ്രൻ നമ്പീശൻ, പുതിയകുന്നത്ത് ഗോവിന്ദൻകുട്ടി എന്നിവർ നേതൃത്വംനൽകും.