വണ്ടൂർ: നാടൻതോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി വനംവകുപ്പ് ഒരാളെ പിടികൂടി. പെരിന്തൽമണ്ണ താഴേക്കോട് മാട്ടറക്കൽ സ്വദേശി പട്ടണം അബ്ദുൾമനാഫി (46) നെയാണ് കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാകേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ലൈസൻസില്ലാത്ത തോക്കും തിരകളും കത്തികളും വടിവാളും ഇയാളിൽനിന്ന് കണ്ടെടുത്തു.

രഹസ്യവിവരത്തെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ പ്രതിയുടെ മാട്ടറക്കൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാത്ത തോക്ക്, 59-ഓളം തിരകൾ, തിരയിൽ നിറയ്ക്കുന്ന ഈയംഉണ്ടകളുടെ അരക്കിലോവരുന്ന മൂന്ന് പാക്കറ്റുകൾ, അഞ്ച് കത്തികൾ, ഒരു വടിവാൾ തുടങ്ങിയവ കണ്ടെടുത്തത്. വീടിനോടു ചാരിയുള്ള വിറക് പുരയിലാണ് തോക്ക് സൂക്ഷിച്ചിരുന്നത്. പതിമൂന്ന്‌വർഷം വിദേശത്തായിരുന്ന ഇയാൾ ഇപ്പോൾ ടാപ്പിങ് തൊഴിലാളിയാണ്. പിതാവിന്റെ കാലത്തുള്ള തോക്കാണിതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ ഇതിന് ലൈസൻസോ മറ്റു കാര്യങ്ങളോ ഇല്ലെന്ന് വനം വകുപ്പധികൃതർ പറഞ്ഞു.

തിരകൾ സുഹൃത്തിനൊപ്പം കോയമ്പത്തൂരിൽനിന്ന് വാങ്ങിയതാണെന്ന് പ്രതി വനപാലകർക്ക് മൊഴി നല്കിയിട്ടുണ്ട്. വേട്ടയാടാനാണ് തോക്കും തിരകളും മറ്റ് ആയുധങ്ങളും ഉപയോഗിക്കാറെന്ന് സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം പ്രതിയുടെ വീട്ടിൽനിന്ന് വേട്ടയാടിയ മൃഗങ്ങളുടെ മാംസമോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. ആയുധങ്ങളും വെടിക്കോപ്പുകളും കൈവശംെവച്ച കേസിൽ പ്രതിയെ പെരിന്തൽമണ്ണ പോലീസിന് കൈമാറി.