വള്ളിക്കുന്ന്: ഷൊർണൂർവരെ നീട്ടിയ കണ്ണൂർ -കോഴിക്കോട് പാസഞ്ചറിന് വള്ളിക്കുന്നിലും തിരുനാവായയിലും സ്റ്റോപ്പില്ലാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു. കണ്ണൂരിനും കോഴിക്കോടിനുമിടയിൽ സർവീസ് നടത്തിയിരുന്ന കണ്ണൂർ -കോഴിക്കോട് പാസഞ്ചർ (56652/56653) ശനിയാഴ്ച മുതലാണ് ഷൊർണൂർ വരെ ഓടിത്തുടങ്ങിയത്.

പുതിയ സർവീസ് ഹ്രസ്വദൂര യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. രാത്രി ഒമ്പതുമണിക്കുശേഷം തീവണ്ടി വള്ളിക്കുന്നിലെത്തുമ്പോൾ സ്റ്റേഷനിൽ ജീവനക്കാർ ഇല്ലാത്ത കാരണംപറഞ്ഞാണ് സ്റ്റോപ്പ് അനുവദിക്കാത്തത്. വള്ളിക്കുന്നിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്തയച്ചു.

വള്ളിക്കുന്നിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെത്തുടർന്ന് ബി.ജെ.പി. വള്ളിക്കുന്ന് മണ്ഡലംകമ്മിറ്റി റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് ചെയർമാൻ പി.കെ. കൃഷ്ണദാസിനും റെയിൽവേ ഡിവിഷണൽ മാനേജർ, റെയിൽവേ മന്ത്രി എന്നിവർക്കും നിവേദനം നൽകിയിരുന്നു. വള്ളിക്കുന്ന് റെയിൽവേസ്റ്റേഷൻ ഡെവലപ്‌മെന്റ് കമ്മിറ്റിയും സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തിരുനാവായയിലും സ്റ്റോപ്പ് വേണം

തിരുനാവായയിലും പാസഞ്ചറിന് സ്റ്റോപ്പ് ഇല്ലാത്തത് ഭക്തജനങ്ങളെയടക്കം ബാധിക്കും. ഇവിടെ തീവണ്ടി നിർത്തുകയാണെങ്കിൽ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, വൈരങ്കോട് ഭഗവതീക്ഷേത്രം, ചന്ദനക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും വ്യാപാരികൾക്കും ഉപകരിക്കും. ഇപ്പോൾ, തിരുനാവായയിലേക്ക് വരുന്നവർ കുറ്റിപ്പുറത്ത് ഇറങ്ങി വീണ്ടും വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.