മലപ്പുറം : സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാൻ സബ്സിഡിയുമായി അനർട്ട്. ജില്ലയിൽ ഒന്നുമുതൽ പത്തുവരെ ലക്ഷം രൂപ സബ്സിഡിയോടെ ഇത്തരം ചാർജിങ് സ്റ്റേഷനുകൾ നിർമിച്ചുനൽകാമെന്നാണ് അനർട്ട് പറയുന്നത്.

സബ്സി‍ഡി ഇവർക്ക്

ഒരു കിലോവാട്ടിന് 20000 രൂപ എന്ന നിരക്കിൽ അഞ്ചുമുതൽ 50 കിലോവാട്ട് വരെയുള്ള ഓൺഗ്രിഡ് സോളാർ പവർ പ്ലാന്റുകൾക്കാണ് ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനോടൊപ്പം സ്ഥാപിക്കുന്നതിന് സബ്സിഡി ലഭിക്കുക.

എന്തു ചെലവുവരും?

ചാർജിങ് യന്ത്രം സ്ഥാപിക്കാൻ 15 മുതൽ 20 ലക്ഷം വരെ ചെലവുവരും. കൂടുതൽ ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യണമെങ്കിൽ കൂടുതൽ യന്ത്രങ്ങൾ സ്ഥാപിക്കേണ്ടിവരും

തയ്യാറുണ്ടോ ?

സ്ഥാപനങ്ങൾ മുതൽമുടക്കാൻ തയ്യാറാണെങ്കിൽ അനർട്ട് വിവിധ തരത്തിലുള്ള സ്‌ലോ, ഫാസ്റ്റ് ചാർജറുകൾ സ്ഥാപനങ്ങളുടെ ആവശ്യാർഥം സ്ഥാപിച്ചുനൽകും. ഒരു കിലോവാട്ടിന് 10 ചതുരശ്രമീറ്റർ എന്നതോതിൽ 50 കിലോവാട്ട് സോളാർ പവർപ്ലാന്റ് സ്ഥാപിക്കുന്നതിന് 500 ചതുരശ്രമീറ്റർ സ്ഥലംവേണം. സ്ഥാപനങ്ങളുടെ ആവശ്യമനുസരിച്ച് അഞ്ചുമുതൽ 50 കിലോവാട്ട് വരെ ശേഷിയുള്ള സോളാർ പവർ പ്ലാന്റുകളാണ് ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനോടൊപ്പം സ്ഥാപിച്ചുനൽകുക.

വിവരങ്ങൾക്ക്‌ @anert.in

ലക്ഷ്യമിടുന്നത് ഇവരെ

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ ഹോട്ടലുകൾ, മാളുകൾ,ആശുപത്രികൾ, മറ്റു വിശ്രമസൗകര്യമുള്ള സ്ഥാപനങ്ങൾ എന്നിവരെയാണ് അനർട്ട് ലക്ഷ്യംവെക്കുന്നത്.