പടപ്പറമ്പ് : പരസ്പരം പോരടിച്ച രണ്ടുപോത്തുകൾ കിണറ്റിൽവീണു. ഒന്നിനെ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് രക്ഷപ്പെടുത്തി. ചത്ത ‌ഒന്നിനെ കിണറ്റിൽത്തന്നെ മണ്ണിട്ടുമൂടി. പുഴക്കാട്ടിരി പഞ്ചായത്തിലെ പടപ്പറമ്പ് മലബാർ ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം. ചക്കിങ്ങൽത്തൊടി ശിഹാബിന്റെ രണ്ട് പോത്തുകളാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കിണറ്റിൽ വീണത്.

പറമ്പിൽ മേയാൻ വിട്ടതായിരുന്നു രണ്ടിനെയും. ഇതിനിടെ പരസ്പരം കൊമ്പുകോർത്ത് 25 അടി താഴ്ചയുള്ള കിണറ്റിലേറ്റു വീണു. ഉപയോഗശൂന്യമായ കിണറാണിത്.

പോത്തുകൾക്ക് വെള്ളം കൊടുക്കുന്നതിനായി ശിഹാബ് എത്തിയപ്പോഴാണ് രണ്ടുപോത്തുകളും കിണറ്റിൽ വീണത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അതിനുമുൻപുതന്നെ കിണറ്റിൽവീണ ഒരുപോത്ത് ചത്തു. ഉപയോഗ ശൂന്യമായമ കിണറായതിനാൽ ചത്തപോത്തിനെ പുറത്തെടുക്കേണ്ടതില്ലെന്ന് ഉടമ അറിയിച്ചതോടെ അതിനെ മണ്ണിട്ടുമൂടി.

അഗ്നിരക്ഷാസേന ഓഫീസർ മുഹമ്മദ് ഷിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോത്തിനെ കരകയറ്റാൻ നേതൃത്വം നൽകിയത്. സേനാംഗങ്ങളായ വി. നിഷാദ്, പി.ടി. അനീഷ്, പി.ആർ. രഞ്ജിത്, കുട്ടികൃഷ്ണൻ, ടോമിൻ തോമസ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.