എടപ്പാൾ: വിശ്വസ്തനായ കാവൽക്കാരനായിരുന്നു. കാണുമ്പോഴെല്ലാം കാലങ്ങളോളം സ്നേഹത്തോടെ വാലാട്ടിനിന്നതുമാണ്. എന്നാൽ പരിക്കേറ്റു കിടപ്പിലായതോടെ ആ സ്നേഹവും വിശ്വസ്തതയുമെല്ലാം ഉടമ മറന്നു. തിരിഞ്ഞുനോക്കാൻ ആളില്ലാതെ കിടന്നപ്പോൾ പക്ഷേ, സഹായത്തിനെത്തിയത് മറ്റു രണ്ടുപേർ.

സംസ്ഥാനപാതയിൽ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ നായയുടെ കാര്യമാണ് പറഞ്ഞത്. ഉടമയ്ക്ക് അതുവരെ തന്റെ കാവൽക്കാരനായിരുന്ന വളർത്തുനായയെ വേണ്ടാതായി. റോഡരികിൽ വേദനയോടെ കിടന്നുകരഞ്ഞ നായയെ സംരക്ഷിക്കാനും ചികിത്സനൽകാനുമെത്തിയത് പരിസരവാസിയായ ബാബുവും സുഹൃത്ത് ശ്രീജേഷും.

എടപ്പാൾ അണ്ണക്കമ്പാട്ടുവെച്ചാണ് വളർത്തുനായയെ വാഹനമിടിച്ചത്. ആരും ശ്രദ്ധിക്കാതെ റോഡരികിൽക്കിടന്ന നായയ്ക്ക് രണ്ടുദിവസം പരിസരവാസിയായ ബാബു ഭക്ഷണംനൽകി. ഒരുദിവസം സമയത്ത് ബാബു എത്താതായതോടെ നായ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഇതോടെ ബാബുവിന്റെ മനസ്സലിഞ്ഞു. മൃഗസ്നേഹിയായ പന്താവൂരിലെ ശ്രീജേഷിന്റെ സഹായത്തോടെ നായയെ ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിന് നല്ല പരിക്കുള്ളതിനാൽ എക്സ്‌റേ എടുത്ത് തുടർചികിത്സ നൽകണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇതിന് മണ്ണുത്തിയിൽ കൊണ്ടുപോകണമെന്ന് ഡോക്ടർ പറഞ്ഞതോടെ അഭിമന്യു എന്നു പേരിട്ട നായയെയുമായി തിങ്കളാഴ്ച തൃശ്ശൂരിലേക്ക് പോകുകയാണ് ഇരുവരും.