പൊന്നാനി : സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രകടനം തടയുന്നതിൽ ടി.എം. സിദ്ദിഖിന് വീഴ്‌ചയുണ്ടായെന്ന് സി.പി.എം. ഏരിയാസെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിയമസഭാതിരഞ്ഞെടുപ്പിൽ ടി.എം. സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പ്രവർത്തകർ പൊന്നാനിയിൽ നടത്തിയ പ്രകടനം തടയാനുള്ള ബാധ്യത അദ്ദേഹത്തിന്റേതു മാത്രമായിരുന്നു.

അനുകൂലിക്കുന്നവർ തെരുവിൽ നടത്തിയ പ്രകടനം തടയുന്നതിൽ സിദ്ദിഖിന് വീഴ്‌ചപറ്റി. പ്രകടനം തടയുന്ന കാര്യത്തിൽ ഏരിയാകമ്മിറ്റി നിസ്സഹായരായിരുന്നു. പാർട്ടി പ്രവർത്തകരല്ലാത്തവർ നടത്തിയ പ്രകടനമായതിനാൽ നേതൃത്വത്തിനു പരിമിതികളുണ്ടായിരുന്നു. മുൻ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണനുവേണ്ടി ഹാർബറിൽ ഒപ്പുശേഖരണം നടത്തിയത് ആസൂത്രണമില്ലാതെയായിരുന്നു. ഇക്കാര്യത്തിൽ പാർട്ടിക്ക് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പോസ്റ്റർ പതിച്ചത് ആരാണെന്നറിയാതെ നടപടി സ്വീകരിക്കാൻ കഴിയില്ല. എന്നാൽ ടി.എം. സിദ്ദിഖ് വിഷയത്തിൽ കൃത്യമായ തെളിവുകൾ പാർട്ടിക്ക് ലഭിച്ചതിനാലാണ് നടപടി കൈക്കൊണ്ടത്.

മലപ്പുറത്തേക്ക് പരാതിയുമായി പോകാനെത്തിയ പ്രവർത്തകരെ തടഞ്ഞ നടപടി പ്രകടനത്തിന്റെ കാര്യത്തിലുണ്ടായില്ല. ഇക്കാര്യങ്ങളെല്ലാം നേതൃത്വത്തിനു ബോധ്യമായതിനാലാണ് ടി.എം. സിദ്ദിഖിനെതിരേ നടപടിയെടുത്തത്. ഇതെല്ലാം പാർട്ടി ഘടകങ്ങളിൽ റിപ്പോർട്ട്ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടിക്കെതിരേ നവമാധ്യമങ്ങൾ വഴി ചിലർ നടത്തുന്ന പ്രതികരണങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് തീരുമാനം. പാർട്ടി അംഗങ്ങൾ പരിധിവിട്ട് പ്രതികരിച്ചതായി അറിയില്ലെന്നും ഖലീമുദ്ദീൻ പറഞ്ഞു.

അതേസമയം സി.പി.എം. പൊന്നാനി ഏരിയാസമ്മേളനത്തിൽ ഏരിയാകമ്മിറ്റിയംഗമായി തിരഞ്ഞെടുത്തതിനെത്തുടർന്ന് നവമാധ്യമങ്ങളിൽ തനിക്കെതിരേ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് പി.വി. ലത്തീഫ് പറഞ്ഞു.

താനൊരു വിഭാഗത്തിന്റെ ഭാഗമായതിനാലാണ് കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പി.വി. ലത്തീഫ് പറഞ്ഞു.