തിരൂർ: ഗാന്ധിമാർഗത്തിന് വിമർശവുമായി സി. രാധാകൃഷ്ണൻ. അനുകൂലിച്ച് എം.എൻ. കാരശ്ശേരിയും. തുഞ്ചൻ ഉത്സവത്തിൽ ’മഹാത്മജിയുടെ മാർഗം’ ദേശീയ സെമിനാറിലായിരുന്നു ഗാന്ധിയുടെ വഴികൾ തുറന്നുകാണിക്കുന്ന പ്രഭാഷണങ്ങൾ.

സി. രാധാകൃഷ്ണൻ സെമിനാർ ഉദ്ഘാടനംചെയ്തു. ഗാന്ധിസത്തെ അന്നത്തെക്കാലത്തെ ഒരു താത്കാലിക സമീപനമായേ കാണാൻ സാധിക്കൂ. സമഗ്ര ദർശനമായി കാണാൻ കഴിയില്ല. ആർഷദർശനം സ്വീകരിക്കണമെങ്കിൽ വിവേകാനന്ദദർശനം സ്വീകരിക്കണം. അടുത്തകാലത്തെ വർഗീയതയും കോർപ്പറേറ്റ്‌വത്കരണവും എങ്ങനെയുണ്ടായെന്ന് നാം ചിന്തിക്കണം. ശാസ്ത്രത്തിന്റെ സംസ്‌കാരം നമ്മുടെ ഉള്ളിലേക്ക് പോയിട്ടില്ല. അതേസമയം സാങ്കേതികവിദ്യയുടെ ഉത്പന്നങ്ങളോട് നമുക്ക് അമിതമായ താത്പര്യമാണ്. സാമ്രാജ്യത്വത്തിന്റെ പീരങ്കിത്തീറ്റയായി മാറുമെന്നുള്ള സാഹചര്യത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത്. ഒരിക്കലും ഗാന്ധി പറഞ്ഞ ഇന്ത്യ സ്വതന്ത്ര ഇന്ത്യയിൽ വന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആധുനികകാലത്ത് ഗാന്ധിമാർഗത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിൽ സംശയമുണ്ട്. അഹിംസ എന്ന വാക്കിന് സസ്യഭക്ഷണം എന്ന അർഥമില്ല. ഉണ്ട് എന്നുപറയുന്നത് മതനിർബന്ധമാണ്. ഇന്നതേ കഴിക്കാവൂ എന്ന നിർബന്ധങ്ങൾ സംഘടിതമായ പൗരോഹിത്യത്തിന്റെ മാർഗമാണ്. നിഷേധാത്മകമായ സമീപനം ഉത്പന്നങ്ങളോടും സമീപനങ്ങളോടും കാണിക്കുന്നത് പുരോഗതിയുടെ ഭാഗമല്ല. മനുഷ്യസമത്വം എങ്ങനെ സ്ഥാപിക്കാമെന്നതിനെക്കുറിച്ച് ഗാന്ധി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിതന്നെ മറുപടി

സി. രാധാകൃഷ്ണന്റെ വാദങ്ങളോട് വിയോജിച്ചാണ് എം.എൻ. കാരശ്ശേരി മുഖ്യപ്രഭാഷണം തുടങ്ങിയത്. ശാസ്ത്രത്തിനെതിര് എന്ന ആരോപണങ്ങൾക്ക് ഗാന്ധിജിതന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യന്ത്രത്തിനല്ല, യന്ത്രത്തിന് അടിമപ്പെടുന്നതിലായിരുന്നു ഗാന്ധിജിയുടെ എതിർപ്പ്. സായുധമായി അധികാരത്തിലേറിയ സോവിയറ്റ് യൂണിയൻ തകർന്നു. അധികാരം തോക്കിൻകുഴലിലൂടെ എന്നുപറഞ്ഞ മാവോയുടെ ചൈനയിൽ ഇന്നുള്ളത് കമ്യൂണിസ്റ്റ് ഭരണമാണെന്ന് ആരും പറയില്ല.

മതം എന്നാൽ രാഷ്ട്രത്തെ സേവിക്കലാണെന്നാണ് ഗാന്ധി പറഞ്ഞത്. ഗാന്ധി കാവി ഉടുത്തില്ല, പ്രവാചകനാണെന്നു പറഞ്ഞില്ല, പരലോകത്തെക്കുറിച്ചും പറഞ്ഞില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉപേക്ഷിച്ച് മൂല്യങ്ങളായിരുന്നു പറഞ്ഞത്.

രാമരാജ്യം എന്നു ഗാന്ധി പറയുന്നതിൽ ഹിന്ദു രാജ്യം എന്ന അർഥമില്ലെന്നും രാമനും റഹീമും ഒന്നുതന്നെയാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും കാരശ്ശേരി പറഞ്ഞു.

എം.ആർ. രാഘവവാരിയർ അധ്യക്ഷതവഹിച്ചു. മധുകർ ഉപാധ്യായ, ബി. രാജീവൻ എന്നിവർ വിഷയം അവതരിപ്പിച്ചു. ജി.കെ. രാംമോഹൻ, മണമ്പൂർ രാജൻബാബു, കെ.പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തുഞ്ചൻ ഉത്സവം ഞായറാഴ്ച സമാപിച്ചു. സമാപനസമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനംചെയ്തു.