തിരൂര്‍: മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ തിരൂര്‍ പട്ടണത്തില്‍ ആ മഹാരഥന്റെ ഓര്‍മ്മക്കായി പ്രതിമ നിര്‍മ്മിച്ച് ആദരം നല്‍കണമെന്ന് തിരൂര്‍ നിവാസി കൂട്ടായ്മ ആവശ്യപ്പെട്ടു. രാമായണ മാസമായ കര്‍ക്കിടകം ഒന്നിന് അദ്ധ്യാത്മരാമായണത്തിന്റെ പിതാവ് കൂടി ആയ അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി പ്രതീകാത്മകമായി രാമായണ പാരായണം നടത്തി കൊണ്ട് പരിപാടി ടി.ജി മുരളി അയ്യര്‍ ഉദ്ഘാടനം ചെയ്തു.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന്റെ പ്രസക്തിയും പ്രാധാന്യവും അതിന്റെ പ്രായോഗികതയും പ്രപഞ്ചമുള്ളിടത്തോളം കാലം നിലനില്‍ക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ടി.ജി.മുരളി അയ്യര്‍ അഭിപ്രായപ്പെട്ടു.  

സ്വപ്ന സാക്ഷാത്കാരമായ പ്രസ്തുത പ്രതിമ എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ മന്ത്രി.വി.അബ്ദുറഹിമാന് കൂട്ടായ്മ നിവേദനം നല്‍കി. തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീന്‍, തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എ.പി നസീമ എന്നിവര്‍ക്കും നിവേദനം നല്‍കും.

പരിപാടിയില്‍ തിരൂര്‍ നിവാസി കൂട്ടായ്മ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അരുണ്‍ ചെമ്പ്ര, ജനറല്‍ സെക്രട്ടറി മുബാറക്ക് കൊടപ്പനക്കല്‍, വൈസ് പ്രസിഡന്റ് എം.എം. അലി, ബിജു അമ്പായത്തില്‍, വിശ്വന്‍ തിരൂര്‍ ,മനോജ് ജോസ് എന്നിവര്‍ പങ്കെടുത്തു.