തിരൂർ: ബെഞ്ചും ബാറും സഹകരിച്ച് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് വേഗത്തിൽ തീർപ്പുകൽപ്പിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദ് പറഞ്ഞു. തിരൂരിലെ നിലവിലുള്ള അഡീഷണൽ ജില്ലാ കോടതി സെഷൻസ് കോടതിയാക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കോടതികളുടെ സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പംകിട്ടാൻ കാര്യക്ഷമതയോടെയുള്ള പ്രവർത്തനവും കൂട്ടായ്മയും വേണമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേരി പ്രിൻസിപ്പൽ സിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ. സുരേഷ് കുമാർ പോൾ മുഖ്യാതിഥിയായി. തിരൂർ ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡൻറ് വി. പദ്‌മകുമാർ അധ്യക്ഷനായി.

അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ടി. മധുസൂദനൻ , അഡ്വ. എം.കെ. മൂസ്സക്കുട്ടി, ബാർ കൗൺസിൽ അംഗം പി.സി. മൊയ്തീർ, ബാർ അസോസിയേഷൻ സെക്രട്ടറി യു. സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു. കുടുംബകോടതി ജഡ്ജി ടി.പി. സുരേഷ് ബാബു, മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എസ്. മധു, തിരൂർ സബ് ജഡ്ജ് കെ.ജി. ഉണ്ണികൃഷ്ണൻ, മുൻസിഫ് ജംഗിഷ് നാരായണൻ, അഡീഷണൽ ഗവ. പ്ലീഡർ പി.പി. റഊഫ് എന്നിവർ പങ്കെടുത്തു.