തിരൂർ: ബസ്‌സ്റ്റാൻഡിലെ മൂത്രപ്പുര പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാതെ നഗരസഭ ബസ് ജീവനക്കാരോടുംം നാട്ടുകാരോടും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നതായി ആക്ഷേപം. സംഭവത്തിൽ പ്രതിഷേധിച്ച് സ്വകാര്യബസ് ജീവനക്കാർ വ്യാഴാഴ്ച പണിമുടക്കുകയാണ്.

ദിനംപ്രതി നൂറുകണക്കിനാളുകൾ എത്തുന്ന നഗരത്തിലെ സ്റ്റാൻഡിലെ മൂത്രപ്പുര മാസങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്. ബസ് ജീവനക്കാർക്ക് പുറമെ സ്ത്രീകളും കുട്ടികളും ദീർഘദൂരയാത്രക്കാരുമെല്ലാം മൂത്രമൊഴിക്കാൻ സ്ഥലമില്ലാത്തതിനാൽ ദുരിതത്തിലാണ്. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവൃത്തി നടക്കുന്നതിനാൽ മൂത്രപ്പുര അടയ്ക്കുകയാണെന്ന ബോർഡ് ഫെബ്രുവരിയിൽ സ്ഥാപിച്ചതാണ്. പണി തുടങ്ങിയിട്ട് നാലുമാസമാകാറായി.

മൂത്രപ്പുര തുറക്കാനായി സ്വകാര്യബസ് ജീവനക്കാരെ വ്യാഴാഴ്ച പണിമുടക്കിലേക്ക് തള്ളിവിട്ടത് നഗരസഭാധികാരികളുടെ പിടിപ്പുകേടുകൊണ്ടാണെന്നും ആരോപണമുണ്ട്. ജീവനക്കാരുമായി ചർച്ചനടത്തി പ്രശ്നം പരിഹരിക്കാൻ ഇടതുപക്ഷം ഭരിക്കുന്ന നഗരസഭാധികൃതർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.

മൂത്രപ്പുര തുറന്നുകൊടുക്കാൻ നഗരസഭ നടപടി സ്വീകരിക്കാത്തതിൽ മുസ്‌ലിംലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റിയും പ്രതിഷേധിച്ചു. ശക്തമായ പ്രതിഷേധമുയർന്നിട്ടും കണ്ടില്ലെന്നു നടിക്കുന്ന അധികാരികളുടെ നടപടി തിരുത്തണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.