തിരൂർ: മതമൈത്രിയുടെ പ്രതീകമായ തിരൂർ വെട്ടത്ത്‌ പുതിയങ്ങാടി യാഹും തങ്ങൾ ഔലിയയുടെ 167-ാമത് വലിയ നേർച്ചയുടെ വലിയ കൊടിയേറ്റം ഭക്തിനിർഭരമായി. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് നേർച്ച. ഞായറാഴ്ച രാവിലെ കഞ്ഞിക്കാരുടെ വരവോടെയാണ് നേർച്ചയ്ക്ക് തുടക്കം കുറിച്ചത്. വിശ്വാസികൾ വഴിപാടായി നൽകിയ അരിച്ചാക്കുകൾ നേർച്ചക്കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. മാർക്കറ്റ് പരിസരത്തുനിന്ന് അരിച്ചാക്കുമായി കഞ്ഞിക്കാരുടെ വരവ് ജാറം മൈതാനിയിലെത്തി. ഈ അരി ഉപയോഗിച്ച് കഞ്ഞി തയ്യാറാക്കി വിശ്വാസികൾക്ക് നൽകി. വൈകീട്ട് നാലിന് തിരൂർ പോലീസ് സ്റ്റേഷനിൽനിന്ന് ഡിവൈ.എസ്.പി കെ.എ. സുരേഷ്‌ബാബുവാണ് പരമ്പരാഗതരീതിയിൽ നേർച്ചക്കമ്മിറ്റി ഭാരവാഹികൾക്ക് നേർച്ചക്കൊടി കൈമാറിയത്. നേർച്ച കൊടിവരവിൽ കമ്മിറ്റി ചെയർമാൻ കല്ലിങ്ങൽ സിദ്ദീഖ്, കൺവീനർ കെ.പി. ബാപ്പു, മുംതസീർ ബാബു, അലി അസ്‌കർ, സി.പി. ബാപ്പുട്ടി, പി.ടി. ഷെഫീഖ്, പിമ്പുറത്ത് ശ്രീനിവാസൻ, എം. കുഞ്ഞിബാവ, അഡ്വ. കെ. ഹംസ, മനോജ് പാറശ്ശേരി എന്നിവർ നേതൃത്വംനൽകി.

ആനയുടെയും ബാൻഡ്മേളം, ശിങ്കാരിമേളം, ചീനിമുട്ട്, കോൽക്കളി എന്നീ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൊടിയേറ്റവരവ് തിരൂർ പോലീസ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ബി.പി. അങ്ങാടി പൂഴിക്കുന്നിലെത്തി. തിരിച്ച് ജാറം മൈതാനത്തിലെത്തി. ജാതിമതഭേദമെന്യേ വൻ ജനാവലിയെ സാക്ഷിനിർത്തി വലിയകൊടിമരത്തിൽ കൊടിയേറ്റുകയായിരുന്നു. തുടർന്ന് മൂന്നുദിവസത്തെ നേർച്ചയ്ക്ക് തുടക്കമായി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽനിന്നായി മുപ്പത്തഞ്ചോളം പെട്ടിവരവുകൾ ജാറത്തിലെത്തും.