തിരൂർ: വെറ്റിലയ്ക്ക് ഔഷധനിർമാണ രംഗത്ത് അനന്തസാധ്യതകളുണ്ടെന്നും വെറ്റിലയിൽനിന്ന് ഔഷധഗുണമുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ കർഷകർ പരിശ്രമിക്കണമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തിരൂർ വെറ്റിലയുടെ ഭൗമസൂചികാപദവി വിളംബരം നിർവഹിച്ചും ജില്ലാതല കർഷക അവാർഡ് വിതരണംചെയ്തും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഉത്പന്നങ്ങൾക്ക് പ്രാദേശികവും പരമ്പരാഗതവുമായ പ്രത്യേകതകൾ അംഗീകരിച്ചുനൽകുന്ന കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ അംഗീകാരമാണ് ഭൗമസൂചികാപദവി. ചടങ്ങിൽ തിരൂർ വെറ്റിലയുടെ ലോഗോയും ഫാക്ട് ഷീറ്റും മന്ത്രി പ്രകാശനംചെയ്തു.

തുടർന്ന് കർഷകരേയും കൃഷി ഉദ്യോഗസ്ഥരേയും മന്ത്രി പുരസ്കാരം നൽകി ആദരിച്ചു. സി. മമ്മൂട്ടി എം.എൽ.എ. അധ്യക്ഷത വഹിച്ചു.

വി. അബ്ദുറഹിമാൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ഡോ. സി.ആർ. എൽസി, കെ. ബാവ, സി.കെ. സുബൈദ, സി.പി. റംല, സി.കെ.എ. റസാഖ്, ആതവനാട് മുഹമ്മദ്കുട്ടി, ഫൈസൽ എടശ്ശേരി, എം. കുഞ്ഞിബാവ, എം.എ. റഫീഖ് എന്നിവർ പ്രസംഗിച്ചു.