തിരൂർ: വർത്തമാനകാലത്ത് കെ. ദാമോദരൻറെ ചിന്തകൾ പുതുതലമുറയ്ക്ക് പോരാട്ടത്തിന് ഊർജംപകരുന്നുവെന്നും അദ്ദേഹത്തിൻറെ ചിന്തകൾ പ്രയോഗവത്കരിക്കണമെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തിരൂർ ടൗൺഹാളിൽ നടത്തിയ കെ. ദാമോദരൻ അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം ഇന്നേവരെ സഞ്ചരിച്ച വഴിയിൽനിന്ന് വ്യതിചലിച്ച് കൊണ്ടിരിക്കുന്നു. വലിയ രീതിയിലുള്ള ആശയസമരങ്ങളും പോരാട്ടങ്ങളും നടക്കേണ്ടുന്ന വർത്തമാനകാലത്ത് കെ. ദാമോദരൻറെ ചിന്തകൾക്ക് പ്രസക്തി വർദ്ധിച്ചുവരുകയാണെന്ന് മന്ത്രി പറഞ്ഞു.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ അധ്യക്ഷതവഹിച്ചു. വർത്തമാനകാലത്തെ ഇന്ത്യയിൽ കെ. ദാമോദരന്റെ വീക്ഷണം ആഴത്തിൽ പഠിക്കേണ്ടുന്ന സമയമായിരിക്കുകയാണെന്ന് മുൻ എം.പി. പി. രാജീവ് അഭിപ്രായപ്പെട്ടു. ആന്തരികമായ വിമർശനങ്ങൾ പലരും മനസ്സിലാക്കാതെയും ഉൾക്കൊള്ളാതെയും പോയതാണ് അദ്ദേഹം ഒറ്റപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകളെ തിരുത്താനുള്ള പ്രസ്ഥാനത്തിൻറെ ചാലകശക്തിയായി അദ്ദേഹം മാറിയത് കുറഞ്ഞ കാലയളവിലാണെന്ന് അജിത് കൊളാടി അഭിപ്രായപ്പെട്ടു .

രണ്ടാമത്തെ സെഷനിൽ കീഴാറ്റൂർ അനിയൻ അധ്യക്ഷനായി. കെ. ദാമോദരന്റെ കുടുംബാംഗമായ വി.സി. കമലം, സി.പി ചിത്രഭാനു, അഡ്വ പി. ഹംസക്കുട്ടി, ആളൂർ പ്രഭാകരൻ, ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, എൻ. പ്രമോദ് ദാസ്, ഡോ കെ.കെ. ബാലചന്ദ്രൻ, കെ.എ. ഷറഫുദ്ദീൻ, കെ. പദ്‌മനാഭൻ എന്നിവർ പ്രസംഗിച്ചു.