തിരൂർ: സാമൂഹിക പരിഷ്‌കർത്താവും ദാർശനികാചാര്യനുമായിരുന്ന വാഗ്‌ഭടാനന്ദ ഗുരുവിന്റെ ജീവിതവും ദർശനവും അഭ്രപാളിയിലെത്തുന്നു. ഊരാളുങ്കൽ കോൺട്രാക്ടിങ് സൊസൈറ്റിയാണ് വാഗ്‌ഭടാനന്ദനെക്കുറിച്ച് ഒരുമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമിക്കുന്നത്.

കെ. ജയകുമാറാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ശാന്തിവിള ദിനേശാണ് സഹസംവിധായകൻ. വിദ്യാധരൻ മാസ്റ്ററും ബിജിപാലും സംഗീതം നിർവഹിക്കുന്നു. ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമം തിരൂർ തുഞ്ചൻപറമ്പിൽ എം.ടി. വാസുദേവൻ നായർ നിർവഹിച്ചു. സാഹിത്യകാരൻ എം. മുകുന്ദൻ മുഖ്യാതിഥിയായിരുന്നു.

നവോത്ഥാന നായകനായ വാഗ്‌ഭടാനന്ദന്റെ ചിന്തയും ജീവിതവും വേണ്ടവിധം അടയാളപ്പെടുത്താനായിട്ടില്ല. ഗുരുദേവന് ഒരുപാട് പ്രസക്തിയുള്ള കാലഘട്ടമാണിത്. അന്തവിശ്വാസങ്ങൾക്കെതിരേ അദ്ദേഹം പോരാടിയെങ്കിലും എല്ലാം വീണ്ടും തിരിച്ചുവരികയാണ് എം. മുകുന്ദൻ പറഞ്ഞു.

പോയ തലമുറയ്ക്ക് ഗുരുവിന്റെ സന്ദേശം ഈ ഡോക്യുമെൻററിയിലൂടെ പകർന്നുനൽകി. പുതുതലമുറയ്ക്ക് ദിശാബോധവും വെളിച്ചവും നൽകുകയാണ് ലക്ഷ്യം -കെ. ജയകുമാർ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി ഈ ദൗത്യം ഏറ്റെടുത്തത് ഗുരുവിന്റെ സന്ദേശം കാത്തുസൂക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറാനാണെന്ന് രമേശൻ പാലേരി പറഞ്ഞു.

കവി പി.കെ. ഗോപി, മണമ്പൂർ രാജൻ ബാബു, വാഗ്‌ഭടാനന്ദനന്റെ കൊച്ചുമക്കളായ പ്രസിദ്ധ്, അപർണ, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ, ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.